ജീന ഷൈജു
ലോകം മുഴുവൻ സൗഹൃദത്തിന്റെ അടയാളം മഞ്ഞ റോസാ പുഷ്പങ്ങൾ ആണ് . എന്നിരുന്നാലും ജപ്പാനിൽ മഞ്ഞ റോസാ പുഷ്പങ്ങൾ ധൈര്യത്തിന്റെയും , ആത്മവിശ്വാസത്തിന്റെയും പ്രതീകമെങ്കിൽ , കൊറിയയിൽ ഇത് സന്തോഷത്തിന്റെയും ,പോസിറ്റിവിറ്റിയുടെയും ചിഹ്നമാണ് .അത് കൊണ്ട് തന്നെ മഞ്ഞ നിറം എന്റെ പ്രീയപ്പെട്ട നിറമാണ് .
ഒരിക്കൽ ഒരു തോട്ടക്കാരന് അയാളുടെ പൂന്തോട്ടത്തിൽ കുറെ മഞ്ഞ റോസാ ചെടികൾ ഉണ്ടായിരുന്നു .അതിൽ പൂക്കാൻ മടിച്ചവയും ,കൊതിച്ചവയും ഉൾപ്പെട്ടിരുന്നു .ഋതുക്കൾ മാറി മാറി വന്നിട്ടും വസന്തം ഈ ചെടികളുടെ തോട്ടത്തിൽ വിരുന്നിനു വന്നില്ല .എല്ലാറ്റിനും ഒരു കാലമുണ്ടെന്നു പറയുന്ന പോലെ അങ്ങനെ ഒരിക്കൽ അതിൽ ഒരു റോസാ ചെടിയിൽ തളിർ വന്നു മൊട്ടിട്ടു . കാറ്റും ,മഴയുമേറ്റു ആ ചെടി പൂവിട്ടു .ആ പൂന്തോട്ടത്തിലെ എറ്റവും മനോഹരമായ പുഷ്‌പം .വഴിയേപോയവർ എല്ലാം ആ പുഷ്പത്തെ കണ്ട് മോഹിച്ചു . അതിനെ പറിച്ചെടുക്കാൻ നോക്കി , പക്ഷെ വേലി ഉണ്ടായിരുന്നത് കൊണ്ട് ആർക്കും അതിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ല . സ്നേഹത്തോടെ ആ യജമാനൻ എന്നും ആ ചെടിയെ പരിപാലിച്ചു ,പൂവിനെ തലോടി . അങ്ങനെ ഇരിക്കെ അയാൾക്ക് തോന്നി എന്ത് കൊണ്ട് ഈ പുഷ്പത്തെ എന്റെ സ്വീകരണ മുറിയിൽ വെച്ച് കൂടാ ? അയാൾ അതിനെ പറിച്ചു കുപ്പിയിൽ വെള്ളമൊഴിച്ചു അതിൽ ഇട്ട് സ്വീകരണ മുറിയിൽ വെച്ചു .രണ്ടു ദിവസം സ്വീകരണ മുറിയിൽ വെച്ചപ്പോൾ അയാൾക്ക് തോന്നി ഇതെന്തു കൊണ്ട് കിടപ്പു മുറിയിൽ മേശയിൽ വെച്ച് കൂടാ ന്ന് ?? അയാൾ അതിനെ കിടപ്പു മുറിയിലേക്ക് മാറ്റി .
അല്ലേലും ആരാണ് കിടപ്പു മുറിയിൽ പൂ വെക്കുന്നത് ,അടുക്കളയിലോ ശുചിമുറിയിലോ വെച്ചാൽ അതിനെ ഇടയ്ക്കിടെ വെള്ളമൊഴിച്ചു പരിപാലിക്കലോ ….അയാൾ അതിനെ അവിടങ്ങളിലേക്കു മാറ്റി .ദിവസങ്ങൾ കഴിയുംതോറും മഞ്ഞ പുഷ്പത്തിന്റെ നിറം മങ്ങി വന്നു .ആഴ്ചകൾ കഴിഞ്ഞപ്പോൾ ആ പുഷ്പത്തിന്റെ നിറം ബ്രൗൺ ആയി ..തളർന്നു അതതിന്റെ തല താഴ്ത്തി .
“ഹേയ് ..ഈ വാടിയ പുഷ്പത്തെ ആരേലും വീട്ടിൽ വെക്കുമോ ?അയാൾ അതിനെ
എടുത്തു ചവറ്റുകുട്ടയിലേക്കിട്ടു ….
ഇത്രയേ ഉള്ളു മനുഷ്യ ബന്ധങ്ങളും ….
മനുഷ്യനല്ലേ ആദ്യത്തെ കൗതുകം അവസാനിക്കുന്നതോടെ,
മടുക്കും ….മറക്കും ….
നിന്നിലെ സുഗന്ധങ്ങൾ മുഴുവനായും പരത്താതിരിക്കുക, അതെന്താണെന്നു അറിഞ്ഞു കഴിയുന്നതോടെ നീ ചവറ്റു കുട്ടയിൽ എറിയപ്പെടും ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ