ജീന ഷൈജു
12ആം ക്ലാസ്സ് എന്ന ചക്രവ്യൂഹത്തിലെ മുറിച്ചു കടക്കാൻ പ്രയാസമുള്ള ഒരു കണ്ണി എന്നേ sin theta -cos theta യെ കുറിച്ച് എന്റെ അനുഭവത്തിലൂടെ പറയാനുള്ളു .90 കളിൽ സ്കൂൾ പഠനം ചെയ്ത, ഈ thetakal അറിയാത്ത ഒരു മലയാളി പോലും ഉണ്ടോ എന്നറിയില്ല .ഇതിന്റെ കൂടെ വളഞ്ഞു കുത്തിയ ഒരു integration ഉം differentiation ഉം ഉണ്ടായിരുന്നു . നാലും മൂന്നും ഏഴാണോന്ന് ഒന്നുകൂടെ എടുത്തു ചോദിച്ചാൽ ,വലിയ ഉറപ്പില്ലാതെ കളം മാറി ചവിട്ടുന്ന എന്നെ പോലെയുള്ള ഒരു സാധാരണ വിദ്യാർത്ഥിക്ക് ഇത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ ആയിരുന്നു . ഇതിനു കൊണ്ട അടിയുടെ ചൂടും , തരിപ്പും ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല
അല്ല ,നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയേ , അല്ലെങ്കിൽ തന്നെ , മാസം ,ശമ്പളം എണ്ണി വാങ്ങുക എന്നതിനും , വില അറിഞ്ഞു സാധനം മേടിക്കുക എന്നതിനും അപ്പുറം ഈ മുകളിൽ പറഞ്ഞതിനു എന്ത് റോൾ ആണ് ഹേ ഉള്ളത് ?
സ്വന്തം കാലിൽ , പേടി കൂടാതെ മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിന്ന് , പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കഴിവും ഇതിനോടൊപ്പം അനിവാര്യമാണ് .ജീവിത മൂല്യങ്ങൾ എന്തെന്ന് ,മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് ,അവനവനിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എങ്ങനെ കണ്ടെത്തണം എന്ന് ? പരീക്ഷകളെ എങ്ങനെ നേരിടണം എന്ന് …ഇങ്ങേയറ്റം ഒരു സമൂഹത്തിൽ എങ്ങനെ സംസാരിക്കണം എന്ന് പോലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു .
അല്ലാതെ കടിച്ചാൽ പൊട്ടാത്ത ,കഴിച്ചാൽ ദഹിക്കാത്ത ഈ thetakal ഒക്കെ എന്തിനാണോ പോലും.പണ്ട് ഫിസിക്സിൽ , പേപ്പറിൽ വരച്ചിരിക്കുന്ന വരയെ ,മുകളിൽ ഉള്ള പ്രിസത്തിലൂടെ കണ്ടില്ലേൽ എമ്പോസിഷൻ ആയിരുന്നു .കെമിസ്ട്രിയിൽ രണ്ടു ലായനികൾ കൂട്ടി കലർത്തുമ്പോൾ നിറമുള്ള പത പൊങ്ങിയില്ലായിരുന്നേൽ ക്ലാസിനു പുറത്തായിരുന്നു . ഈ മേല്പറഞ്ഞതിനൊക്കെ ദൈനംദിന ജീവിതത്തിൽ എന്താണ് പങ്കെന്ന് ദശകങ്ങൾക്ക് ഇപ്പുറം ഇന്നും എനിക്ക് മനസ്സിലായിട്ടില്ല .
അത് കൊണ്ട് തന്നെ മാതാപിതാക്കൾ മുഖം ചുളിച്ചാൽ ആത്മഹത്യ ചെയ്യുന്ന മക്കൾ ഉള്ള ,അടുത്തിരുന്നാൽ പീഡനം നടക്കുന്ന മക്കൾ ഉള്ള, എന്തിന് ഒരു കാറ്റ് വീശിയാൽ തകർന്നു പോകുന്ന മക്കൾ ഉള്ള, നമ്മുടെ വിദ്യാഭാസ സമ്പ്രദായം മാറേണ്ടിയും ,മാറ്റേണ്ടിയും ഇരിക്കുന്നു .
ഒരു തമാശ പറഞ്ഞോട്ടെ ,ഒരു ജോലിയും ചെറുതല്ല .പക്ഷെ ഇത് മാത്രം പഠിച്ചത് കൊണ്ട് ആരും മഹോന്നതിയിൽ ഒന്നും എത്തുന്നില്ല എന്നെനിക്കു മനസ്സിലായത് ,ഇത് പഠിപ്പിച്ച കണക്ക് സാറും , കണക്കിന് മൊട്ട മേടിച്ചിരുന്ന എന്റെ ഒരു പിൻബെഞ്ച് സുഹൃത്തും ,രണ്ടു പെരും ഇന്ന് KSRTC കണ്ടക്ടർമാരാണ് ..ഒരേ ജോലി ,ഒരേ വേതനം …
എടുത്താൽ പൊങ്ങാത്ത പുസ്തകങ്ങൾ അല്ല ,തകർത്താൽ തളരാത്ത മനസ്സാണ് നമ്മുടെ മക്കൾക്ക് വേണ്ടിയത് …
പഠനം ആഘോഷമാകട്ടെ ,അസഹനീയമല്ല ….
More Stories
അരങ്ങേറ്റം
നാവുടക്കുന്ന റേഡിയോ ജോക്കി
Quality Vs Quantity time