റീന സാറാ വർഗീസ്.
അന്നു് രാവിലെ മുറ്റത്ത് കിടന്നിരുന്ന പത്രം ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു. പത്ര വിതരണക്കാരൻ തിണ്ണയിൽ ഇട്ടിട്ടു പോയതാണ്. രാവിലെ അടിച്ച ശക്തമായ കാറ്റിലാണ് മുറ്റത്തെ സപ്പോർട്ട മരത്തിന് താഴെ എത്തപ്പെട്ടത്. വാർത്തകൾ അറിയാൻ മറ്റു മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്ത് അവലംബം ദിനപത്രവും റേഡിയോയും ആയിരുന്നു.
രാവിലെ പത്രം കിട്ടിയാൽ പിന്നെയൊരു പിടി വലിയാണ്. കീറാതെ കൈയിൽ കിട്ടാൻ വല്യപ്പച്ചൻ പത്രത്തിൻ്റെ ഒരു താള് ഏൽപ്പിക്കും. കിട്ടിയ താള് വായിച്ചു പൂർത്തിയായാൽ മാത്രമേ അടുത്തഭാഗം തരൂ എന്ന് പ്രത്യേകം ഓർമ്മിപ്പിക്കും. അന്നു് ഏകമകൾ ആയതുകൊണ്ടുതന്നെ വാശിയിൽ ഒട്ടും കുറവ് കാണിച്ചിരുന്നില്ല. സഹോദരങ്ങൾ അതിനും വർഷങ്ങൾക്കു ശേഷമാണ് പിറന്നതു്.
നിര്യാതരായി എന്ന കോളത്തിലാണ് മുതിർന്നവർ ആദ്യം കണ്ണു വയ്ക്കുന്നത്. അതിനു കാരണമുണ്ട്. അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഓടിച്ചൊരു വായനയുണ്ട്. ഇനി അഥവാ ഉണ്ടെങ്കിൽ താമസംവിനാ അവിടെ എത്തിച്ചേരാൻ ബസ് സൗകര്യം അന്വേഷിക്കണമല്ലോ. അന്നു് ഭൂരിഭാഗം പേർക്കും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരായിരുന്നു. ഇന്നു് അതിൽനിന്നും തികച്ചും വിഭിന്നമായി കാലം ഏറെ പുരോഗമിച്ചിരിക്കുന്നു.
പത്രത്താളുകൾ മുഴുവൻ കുത്തിയിരുന്ന് വായിക്കുക എന്നുള്ളത് നന്നേ ചെറുപ്പത്തിൽ തുടങ്ങിയ ശീലമാണ്. വാക്കുകളൊക്കെ മനസ്സിലാക്കി വരുന്നതേയുള്ളൂ. അത്ര ചെറുപ്പം. എന്നാലും തപ്പിയും തടഞ്ഞും വായന തീർക്കും. തലേ ദിവസവും അതിനു മുൻപു നടന്ന സംഭവങ്ങളും പലപ്പോഴും രണ്ടോ മൂന്നോ ദിവസത്തിനുശേഷം മാത്രമേ പുറംലോകത്ത് എത്തുമായിരുന്നുള്ളൂ.
അങ്ങനെ വായിക്കുന്നതിനിടയിലാണ് തലേദിവസം നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിദേശത്തു നിന്നു് വിശ്രമജീവിതം നയിക്കാനെത്തിയ മക്കളില്ലാത്ത അദ്ധ്യാപക ദമ്പതികളെ ആരോ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. അതും അത്ര ദൂരെയൊന്നും അല്ലാത്ത അടുത്ത പ്രദേശത്ത്. ‘കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യം’ എന്ന വലിയ തലക്കെട്ടോടെ ഏറെ പ്രാധാന്യത്തോടെ വന്ന വാർത്ത. അതിനടുത്ത ഭാഗത്ത് അവരുടെ ചിത്രവും വീടും എല്ലാം കൊടുത്തിരുന്നു.
അതുമുഴുവൻ ഉദ്വോഗത്തോടെ വായിച്ചുതീർത്തു. അതെല്ലാം കാന്തം ഇരുമ്പ് ആകർഷിക്കുന്നതു പോലെ മനസ്സു് വലിച്ചെടുത്തു. പിൽക്കാലത്ത് സംഭവം ചലച്ചിത്രമായി പുറത്തിറങ്ങുകയും ചെയ്തു. കൊലപാതകം നടത്തിയവരെ കുറിച്ച് വിവരം ഒന്നുമില്ലെന്നും എവിടെയൊക്കെയാണ് ഒളിച്ചിരിക്കാൻ പോകുന്നതെന്ന് ദൈവത്തിനറിയാം എന്നെല്ലാം അഭിപ്രായങ്ങൾ പലേടത്തു നിന്നും ഉയർന്നു.
ഉമ്മറത്തെ സായാഹ്ന ചർച്ചകളിലാണ് കൂടുതലും വിശകലനങ്ങൾ ഉയർന്നുവരാറ്. അച്ചടിശാല ഉണ്ടായിരുന്നതുകൊണ്ട് സൊറ പറയാനും പുസ്തകങ്ങളുടെ അച്ചടിക്കായും വന്നു പോയവരിൽ മിക്കവരും ഇതേ പറ്റിയാണ് സംസാരിച്ചത്. പാത്തും പതുങ്ങിയും അതെല്ലാം കേട്ടിരിക്കുക എന്നത് രസകരമായിരുന്നു.
സൂര്യൻ അസ്തമിച്ചപ്പോഴേക്കും ഭയം പിടിമുറുക്കി. ധൈര്യം ചോർന്നു തുടങ്ങി. അപ്പുറത്തെ മുറിയിൽ നിന്നു് ഇപ്പുറത്തേക്ക് പോകണമെങ്കിൽ ആരെങ്കിലും കൂടെ വേണം എന്ന സ്ഥിതിയായി. അന്നുരാത്രി എന്നും കേൾക്കുന്ന ചീവീടുകളുടെ മൂളൽ പോലും ചകിതയാക്കി. കണ്ണുകൾ മുറുകെ അടച്ച് ഉറങ്ങാൻ ശ്രമിച്ചു. അതിനിടയിൽ എപ്പോഴോ നിദ്രാദേവി കടാക്ഷിച്ചു. ഗാഢനിദ്രയുടെ ഇടയ്ക്കാവണം ആയുധധാരികളായ കുറച്ച് കൊമ്പൻമീശക്കാർ നടന്നുവന്നതു മാത്രം ഓർമ്മയുണ്ട്. അന്നത്തെ ചില ചിത്രകഥകളിൽ ക്രൂരകഥാപാത്രങ്ങൾ കൊമ്പൻമീശക്കാർ ആയിരുന്നു. നേരം പുലർന്നപ്പോൾ വലതുകാൽ നീരുവന്നു വീർത്തിരുന്നു.
സിനിമാസ്റ്റൈലിൽ കൊലപാതകികളെ പിച്ചും പേയും പറഞ്ഞു തൊഴിച്ചിട്ടത് ഭിത്തിയിൽ ആഞ്ഞു ചവിട്ടി കൊണ്ടായിരുന്നുവെന്നാണ് പറഞ്ഞു കേട്ട അറിവു്. തൊഴിക്കാൻ പോയപ്പോൾ ഭാഗ്യംകൊണ്ട് കാലൊടിഞ്ഞില്ല. അന്നു് വേദനിച്ച ഇന്നത്തെ ചിരിയുണർത്തുന്ന ഓർമ.
പിന്നീടു് കൃത്യം നടത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥർ അതിസമർത്ഥമായി പിടികൂടി പരമാവധി ശിക്ഷ വാങ്ങി കൊടുത്തു എന്നാണ് അറിയാൻ സാധിച്ചത്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ