റീന സാറാ വർഗീസ്
വലിയ വാവട്ടം തുറന്ന അലുമിനിയം പാത്രത്തിന്റെ ഉള്ളിലെ ഐസുകട്ട കൾക്കുള്ളിൽ മീനുകളുമായി വന്നിരുന്ന ഒരു അമ്മ. വേനൽ ചൂടിൽ അകമേ ഐസുകട്ടകൾ ഉരുകുമ്പോൾ പുറമേ അതിലേറെ ഉരുകി ഒലിച്ചിറങ്ങുന്ന സ്വേദകണങ്ങൾ. വെള്ളി നാരുകൾ നിറഞ്ഞ തലയ്ക്കു മുകളിലെ പാത്രത്തിലെ മീനുകൾ വിറ്റു തീരാത്തതിൻ്റെ നിരാശ സ്ഫുരിക്കുന്ന ഭാവം.
“ചേച്ചീയേ’ തലച്ചുമട് മുറ്റത്ത് താഴ്ത്തി വച്ച് ഉറക്കെ നീട്ടിവിളിക്കും.
മീൻചട്ടി എടുത്തു കൊണ്ടുവരാനുള്ള അമ്മയുടെ വിളി ഉടനുണ്ടാകും എന്ന തിരിച്ചറിവിൽ അടുക്കള ഭാഗത്തേക്ക് ഓടും. പുറത്തെ അരകല്ലിന് സമീപത്ത് എത്തിയേ പിന്നെ ഓട്ടം നിൽക്കൂ. ഉയർത്തിക്കെട്ടിയ സിമൻറ് ഭിത്തിയിൽ അടുക്കി വച്ചിരിക്കുന്ന മൺചട്ടികൾ ഓരോന്നിലേയ്ക്കും നോട്ടം പായും. മീൻ വാങ്ങുന്നതിന് അനുസരിച്ചുള്ള ചട്ടിയാവണം തിരിഞ്ഞെടുക്കേണ്ടത്. അത് ഏതാണെന്ന് അമ്മയുടെ നിർദ്ദേശം കിട്ടി കഴിഞ്ഞാൽ മുറ്റത്തേക്ക് വീണ്ടും തിരിഞ്ഞോടും. കൈയിലെ ഇമ്മിണി വലിയ ചട്ടിയും കൊണ്ട്.
“പുള്ളേ വല്ല്യ കഷ്ടപ്പാടാന്നേ..”
കവിളുകൾ ഉണ്ടോയെന്ന് സംശയം തോന്നുന്ന ചുളിവു വീണ മുഖത്തെ തൊലിപ്പുറങ്ങൾ. ഒട്ടിയ വയറും അസ്ഥികൾ എണ്ണിത്തിട്ടപ്പെടുത്താവുന്ന കൃശഗാത്രവും. കൈനഖങ്ങളിൽ നിറഞ്ഞിരിക്കുന്ന കറുത്ത ചാരത്തിൻ്റെ അവശേഷിപ്പുകൾ.
“വെല കൂടുതലാണെന്നാണ് ആളോള് പറയണേ ചേച്ചിയേ”
അമ്മയോടുള്ള പരിഭവം പറച്ചിൽ.
“ന്റെ കുറ്റമല്ലല്ലോ” സ്വയം പറഞ്ഞ് ആശ്വസിക്കും. വേണ്ടെങ്കിലും കൂടുതൽ മീൻ വാങ്ങി സഹായിക്കുമെന്ന് ആ സാധുവിന് അറിയാം.
“ആംമ്പറന്നോൻ പോയില്ലേ ചേച്ചിയെ. ഞാൻ ഓടണ്ടേ വയറു നെറയ്ക്കാൻ…”
അതും പറഞ്ഞ് ചിന്താ ഭാരത്തോടെ വിദൂരതയിലേക്ക് കണ്ണുകൾ പായിക്കും. എപ്പോൾ വന്നാലും വയറുനിറയെ ആഹാരം കഴിച്ചേ മടങ്ങാറുള്ളൂ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറും അതിനുള്ളിലെ കൂട്ടു കറികളും തോരനും ചമ്മന്തിയും തൈരും മീൻ വറുത്തതും എല്ലാം ഭദ്രമായി ഉള്ളിലുണ്ടോ എന്ന് ഒന്നുകൂടി തുറന്നു നോക്കി സ്ഥിരീകരിക്കും. ശേഷം അലുമിനിയം പാത്രത്തിൻ്റെ അരികിലുള്ള പ്ലാസ്റ്റിക് കവറിൽ ഭദ്രമായി വയ്ക്കും. അമ്മ മനം നിറഞ്ഞ പുഞ്ചിരിയോടെ ജീവിതഭാരങ്ങളുടെ ചുമടും താങ്ങി പോകുന്ന കാഴ്ച കണ്ണെത്താദൂരത്തോളം നോക്കിനിൽക്കും. അവരെ എങ്ങനെ മറക്കാൻ?
അഞ്ചു വയറുകൾക്ക് കഴിയാനുള്ളതിനാ ആ പാവം ഈ ഓട്ടം ഓടുന്നതെന്നും ആർക്കെങ്കിലുമൊക്കെ മീൻ വാങ്ങിച്ച് സഹായിച്ചു കൂടെ എന്നും അമ്മ വളരെ ദയനീയമായി പറയും. പോകപ്പോകെ പിന്നീടു് എപ്പോഴോ അവർ വരാതെയായി. കാലം മാറിയപ്പോൾ കോൾഡ് സ്റ്റോറേജ്കളും ഇരുചക്ര മുച്ചക്ര നാലുചക്ര വാഹനങ്ങളിലുമായി വിൽപ്പന പുരോഗതി പ്രാപിച്ചു.
ഇന്നു് അമ്മ ദിനം. നമുക്കുചുറ്റും ജീവിക്കാൻ പാടുപെടുന്ന എത്രയോ അമ്മമാർ ഇതുപോലെ ദാരിദ്ര്യ ദുരിതമെന്ന മാറാപ്പും പേറി ജീവിതം തള്ളിനീക്കുന്നു. എന്നും വിശ്വസിക്കാനും സ്നേഹിക്കാനും പൊക്കിൾക്കൊടി ബന്ധത്തിനപ്പുറം മറ്റൊന്നുമില്ല. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ