ഒരുപാട് ഒരുപാട് പൂർവസൂരികളായ മഹാപ്രതിഭകളുടെ അക്ഷരോപാസനയുടെ നറുനിലാവിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതത്തിന് എന്തെങ്കിലും നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ആ നേട്ടങ്ങളുടെ സമസ്ത ഊർജവും പകർന്നുതന്ന ഭൂമിക എന്നു ഞാനിന്നു നന്ദിപൂർവം തിരിച്ചറിയുന്നു.’’
– ജോൺപോൾ
1950ലായിരുന്നു പി.വി. പൗലോസിന്റെയും റബേക്കയുടെയും പുത്രനായി ജോൺപോൾ പുതുശേരി എന്ന ജോൺ പോളിന്റെ ജനനം.എറണാകുളത്തും പാലക്കാട്ടുമായി വിദ്യാഭ്യാസം.ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി കാനറാ ബാങ്കിലെ ഉദ്യോഗസ്ഥനായി. പക്ഷേ, എഴുത്തും വായനയും സിനിമയും കൈവിട്ടില്ല. ഒടുവിൽ 11 വർഷത്തെ ജോലി മതിയാക്കി അദ്ദേഹം തിരക്കഥാലോകത്ത് സജീവമായി.
1980ലായിരുന്നു തിരക്കഥാകൃത്തെന്ന നിലയിൽ ജോൺ പോളിന്റെ തുടക്കം. എംടിയും പദ്മരാജനും തോപ്പിൽ ഭാസിയുമൊക്കെ ജൈത്രയാത്ര നടത്തിയ തിരക്കഥാ സാഗരത്തിലേക്ക് ജോൺ പോൾ തന്റെ പായ്ക്കപ്പലിറക്കിയത് ചാമരം എന്ന സിനിമയിലൂടെയാണ്.നാലു പതിറ്റാണ്ട് കാറ്റിലും കോളിലുമുലയാതെ പുതിയ തീരങ്ങൾ കടന്ന് അതു പ്രയാണം തുടർന്നു.കടലിന്റെ ആഴങ്ങളിൽനിന്നു മുത്തുകളും ചിപ്പികളും കാണാത്തീരങ്ങളിൽനിന്നു മായക്കാഴ്ചകളുമായെത്തുന്ന ആ കപ്പലിന്റെ പാമരത്തിൽ കെട്ടിയ കപ്പൽപ്പായകളുടെ പേരുകൾ മാറിമാറിത്തെളിഞ്ഞു.യാത്ര, പുറപ്പാട്, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, അതിരാത്രം, ഓർമയ്ക്കായ്, ആലോലം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഉത്സവപ്പിറ്റേന്ന്, കേളി, ചമയം, ഒരു യാത്രാമൊഴി…ഒടുവിൽ 2019ൽ “പ്രണയമീനുകളുടെ കടലിൽ’’ അതു നങ്കൂരമിട്ടു. പിന്നീടും എഴുത്തും സിനിമയും അദ്ദേഹം തുടരുകതന്നെയായിരുന്നെങ്കിലും അനാരോഗ്യം വില്ലനായി.
ബാങ്ക് ഉദ്യോഗസ്ഥൻ, പത്രപ്രവർത്തകൻ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ മാത്രമല്ല കേരളത്തിന്റെ സാംസ്കാരിക രംഗത്തും അദ്ദേഹം അറിയപ്പെടുന്ന സാന്നിധ്യമായി മാറി.ഒരു സിനിമ കാണുന്ന വൈകാരികതയോടെ ശ്രോതാക്കൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടു. ക്രൈസ്തവസഭയുടെ നിലപാടുകളോടും പ്രവർത്തനങ്ങളോടും അദ്ദേഹം ചേർന്നുനിന്നു.വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചൻ രചിച്ച ഇടയനാടകങ്ങൾ സമാഹരിച്ച് പുസ്തകമാക്കിയത് ജോൺ പോളാണ്. ചാവറ പിതാവിനെയും മദർ ഏലീശ്വയെക്കുറിച്ചുമൊക്കെ അദ്ദേഹം നടത്തിയ ദീർഘമായ പ്രഭാഷണങ്ങൾ വിശ്വാസികളല്ലാത്തവരെയും പിടിച്ചിരുത്തുന്നതായിരുന്നു.
ജോൺപോൾ സിനിമകൾ
1988-ല്‍ ജോണ്‍പോള്‍ എഴുതി ഭരത് ഗോപി സംവിധാനം ചെയ്ത് ഉത്സവപ്പിറ്റേന്ന് എന്നൊരു ചിത്രം റിലീസ് ചെയ്തിരുന്നു. ജോണ്‍ പോള്‍ മണ്ണിലേക്ക് മടങ്ങിയതിന്റെ പിറ്റേദിവസമാണ് ഇന്ന്. ജോണ്‍ എഴുതിയ നൂറോളം സിനിമകളുടെ ഉത്സവക്കാലമാണ് ഇനി നമ്മുടെ ഓര്മകള്ക്കൊപ്പമുള്ളത്. ആ സിനിമകള്‍ ഓരോന്നും ജോണ്‍ എഴുതിയ കഥയും കഥാപാത്രങ്ങളും എത്രമാത്രം വ്യത്യസ്തമായിരുന്നുവെന്ന് അടയാളപ്പെടുത്തുന്നു. വിടപറയും മുമ്പേ, യാത്ര, സന്ധ്യാനേരം, അതിരാത്രം, കാതോടു കാതോരം, ഓര്‍മയ്ക്കായ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചമയം, രചന തുടങ്ങിയ നശിക്കാത്ത തൂവലുകള്‍ ചാമരം വീശുമ്പോള്‍ നമ്മള് ജോണിനെ ഓര്‍ത്തുകൊണ്ടേയിരിക്കും. ചലച്ചിത്രകാരന് എന്ന താരപദവിക്ക് അപ്പുറം പ്രഭാഷകന്‍, അധ്യാപകന്, ടി.വി. അവതാരകന് എന്നീ റോളുകളിലും മലയാളികള്‍ അദ്ദേഹത്തെ ആദരവോടെ കണ്ടുപോന്നിരുന്നു.
എഴുത്തില്‍ എന്നപോലെ ആകാരത്തിലും ഭാഷാ പ്രയോഗത്തിലും നിറഞ്ഞ സവിശേഷതയാണുണ്ടായിരുന്നത്. മെലിഞ്ഞു നീണ്ട മനുഷ്യനില്‍നിന്ന് ശരീരഭാരം താങ്ങാന്‍ ബുദ്ധിമുട്ടുന്ന ഒരാളായി അദ്ദേഹം മാറി. ശാരീരിക വൈഷമ്യങ്ങള്‍ക്കിടയിലും വ്യത്യസ്ത വിഷയങ്ങളില്‍ ദീര്‍ഘനേരം സംസാരിക്കാന്‍ താല്‍പ്പര്യം കാട്ടിയിരുന്നു. വിനിമയത്തിന് ഉപയോഗിച്ച വാക്കുകളുടെ കരുത്തും ഓജസും കേട്ടിരുന്നവര്‍ വിസ്മയത്തോടെ സ്വീകരിച്ചു. ജോണ്‍ പോള്‍ നിറഞ്ഞ സദസുകളെ പ്രൗഢമെന്നേ മലയാളിക്ക് വിശേഷിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. വര്‍ത്തമാനത്തിലൂടെ പുതുതലമുറയെ തന്നിലേക്ക് അടുപ്പിച്ച അതേ ചാരുതതന്നെയാണ് എണ്‍പതുകളില്‍ മലയാള സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തായി നിറഞ്ഞുനിന്നപ്പോഴും ജോണ്‍ പുലര്‍ത്തിയത്. 1980-ല്‍ ഭരതനുവേണ്ടി എഴുതിയ ചാമരം മുതല്‍ നാലു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര സഞ്ചാരത്തില്‍ തന്റേതു മാത്രമായ വഴി കണ്ടെത്തിയ ജോണ്‍പോള്‍ ശൈലി അഭിനന്ദനാര്‍ഹമായി. ഭരതനു പുറമെ മലയാള സിനിമയുടെ അലകും പിടിയും മാറ്റിപ്പണിത കെ.എസ്. സേതുമാധവന്, കെ.ജി. ജോര്‍ജ്, മോഹന്‍, ഐ.വി. ശശി, ജോഷി, സത്യന് അന്തിക്കാട്, കമല്‍ തുടങ്ങിയവരുടെ സിനിമകള്‍ക്ക് ജോണ്‍ ഒരുക്കിയ തിരക്കഥകള്‍ ഇന്നുമൊരു പാഠപുസ്തകമാണ്. സിനിമയെന്ന മായാക്കാഴ്ചകള്ക്കിടയില് നമുക്കു ചുറ്റുമുള്ള മനുഷ്യരെ സൃഷ്ടിച്ച് അവരുടെ വികാരവിചാരങ്ങള്‍ നമ്മുടേതാക്കി മാറ്റിയ രചനാവൈഭവം മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം നല്കി. അത്തരത്തില്‍ അവിസ്മരണീയമായി മാറിയ സിനിമകളും കഥാപാത്രങ്ങളും നിരവധിയാണ്.
അടുത്തിടെ വിട്ടുപിരിഞ്ഞ നെടുമുടി വേണുവിനെക്കുറിച്ചുള്ള സ്മരണാഞ്ജലികള്‍ വിടപറയും മുമ്പേയിലെ സേവ്യര്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ മാഷ് എന്നീ ജോണ്‍ പോള്‍ കഥാപാത്രങ്ങള്‍ പരാമര്‍ശിക്കാതെ പൂര്‍ണമാകുമായിരുന്നില്ല. ഈ രണ്ട് കഥാപാത്രങ്ങളും നെടുമുടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുക്കുകയുണ്ടായി. 81-ല്‍ സേവ്യറും 87-ല്‍ മാഷും നെടുമുടിക്ക് കരുത്തായെങ്കില് 82-ല്‍ ജോണ്‍ പോളിന്റെ കഥാപാത്രത്തിലൂടെ ഭരത് ഗോപി ഈയൊരു പുരസ്കാരം നേടി. ഓര്‍മയ്ക്കായി (82) സിനിമയിലെ ഊമയായ നന്ദഗോപാലിനെപ്പോലൊരു നായകന് മലയാള സിനിമാചരിത്രത്തില്‍ത്തന്നെ അപൂര്‍വമാണ്. 1985-ല്‍ ബാലുമഹേന്ദ്ര സംവിധാനം ചെയ്ത യാത്രയിലൂടെ മമ്മൂട്ടി പ്രത്യേക ജൂറി പുരസ്കാരത്തിനു അര്‍ഹനായപ്പോഴും ജോണ്‍ പോളിന്റെ പാത്രസൃഷ്ടി മികവ് ശ്രദ്ധിക്കപ്പെട്ടു. വര്‍ഷത്തില്‍ 14 തിരക്കഥകള്‍വരെ രചിച്ച തിരക്കിനിടയിലും എം.ടി. വാസുദേവന്‍നായരും പി. പദ്മരാജനുമടക്കം പ്രതിഭകള്‍ കൈയൊപ്പു ചാര്‍ത്തുന്ന സര്ഗാത്മകയിടത്തിന്റെ മാറ്റിനെക്കുറിച്ചുള്ള തികഞ്ഞ ബോധ്യം പുലര്‍ത്തി. അതുകൊണ്ടുതന്നെ ജോണിന്റെ കഥകളും കഥാപാത്രങ്ങളും മലയാള സിനിമയുടെ വളര്‍ച്ചയ്ക്കുള്ള രചനകളായി. ജീവിതഗന്ധിയെന്ന് വിശേഷിപ്പിച്ച സിനിമകള്‍ക്കിടയില്‍ അതിരാത്രം പോലൊരു ആക്ഷന്‍ ത്രില്ലര്‍ ഒരുക്കി കാണികളെ ഞെട്ടിക്കാനും ജോണ്‍ പോളിനു കഴിഞ്ഞിരുന്നു. താരാദാസ് എന്ന മമ്മൂട്ടി കഥാപാത്രം പിന്നീടിതുവരെ എത്രയോ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മാതൃകയായിരിക്കുന്നു. അതിരാത്രം സംവിധാനം ചെയ്ത ഐ.വി. ശശി 2006-ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലൂടെ താരാദാസിനെ വീണ്ടും ആവിഷ്കരിക്കുകയുണ്ടായി.
കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത പരിവേഷമുണ്ടായെങ്കിലും ജീവിതത്തില്‍ ജോണ്‍ പോളിന് ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. പ്രശസ്തരും പ്രഗല്ഭരുമടങ്ങുന്ന സൗഹൃദവലയത്തില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോഴും ഇതാ ഒരു സാധാരണക്കാരന് എന്ന് ജോണ്‍പോളിനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നു. ഭരതന് ഓടിക്കുന്ന കാറില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഹരിഹരനും പത്മരാജനും ഒന്നിച്ചു യാത്ര ചെയ്തിരുന്ന കൂട്ടായ്മയുടെ കാലത്തെക്കുറിച്ച് ജോണ്‍ പോള്‍ ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു. അത്തരം സൗഹൃദക്കൂട്ടായ്മകള്‍ സിനിമയില്‍ കുറയുന്നതിന്റെ നിരാശ പടര്‍ന്നിരുന്ന കണ്ണുകളും മലയാള സിനിമയില്‍ ഒരു യുഗാന്ത്യമായെന്ന് ഓര്‍മിപ്പിച്ച് എന്നേക്കുമായി അടഞ്ഞിരിക്കുന്നു. ഒരിക്കലും കണക്കു സൂക്ഷിക്കാത്ത ആളായിരുന്നു ജോണ്‍ പോള്‍.എത്രയാണ് സമ്പാദ്യമെന്നോ എത്രയുണ്ട് സുഹൃത്തുക്കളെന്നോ കേരളത്തിനു നല്കിയ സാംസ്കാരിക സംഭാവന എത്രയെന്നോ ഒരിക്കലും കണക്കെടുപ്പു നടത്താത്തൊരാള്.എന്നാല്‍ മലയാള സിനിമയുടെ കണക്കുപുസ്തകത്തില്‍ ഈടുറ്റ പേരുകളിലൊന്നായി ജോണ്‍ പോള്‍ എന്നുമുണ്ടാകും.താന്‍ ജീവിച്ച കാലഘട്ടത്തെ തന്റെ വാക്കും പ്രവൃത്തിയും കൊണ്ട് ഹൃദ്യമായി സ്പര്‍ശിച്ച ഒരാളുടെ വിയോഗമാണ് ഉണ്ടായിരിക്കുന്നത്.
ഒരു മഹത്തായ സിനിമ നിർമിക്കാൻ നിങ്ങൾക്കു മൂന്നു കാര്യങ്ങൾ ആവശ്യമാണ്. അത് തിരക്കഥ, തിരക്കഥ, തിരക്കഥ എന്നിവയാണ് എന്നു പറഞ്ഞത് ബ്രിട്ടീഷ് ചലച്ചിത്രകാരൻ ആൽഫ്രഡ് ഹിച്ച്കോക്കാണ്. മലയാള തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിൽ ചലച്ചിത്രലോകത്തിനും പ്രേക്ഷകർക്കും കാതോടു കാതോരം പറയാനുള്ളതും അതാവാം. അദ്ദേഹത്തിന്റെ തിരക്കഥയിൽ കെട്ടിപ്പടുത്ത മഹത്തായ സിനിമകൾ അതിന് അടിവരയിടുന്നു.അതുല്യ പ്രതിഭയുടെ ഓര്‍മകള്‍ക്ക് അന്ത്യ പ്രണാമം.
ജോബി ബേബി,നഴ്സ്,കുവൈറ്റ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ