ഇൻ്റർനാഷണൽ ഡെസ്ക്
ജനീവ: കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യസംഘടന. ലോകത്ത് കോവിഡ് കേസുകൾ കുറയുന്നതായി കാണുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെ കോവിഡ് കേസുകളുടെ വർധനവ് ഗുരുതര പ്രശ്നത്തിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഒരു മാസത്തിലേറെയായി കുറഞ്ഞതിന് ശേഷം, കഴിഞ്ഞയാഴ്ച ലോകമെമ്പാടും കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങി. 11 മില്യൺ കോവിഡ് കേസുകളും 43,000 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം മുൻപത്തെ ആഴ്ച്ചയേക്കാൾ 8% വർധിച്ചതായി ഡബ്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.
‘ഒമിക്രോണിന്റെയും ഉപവിഭാഗമായ ബിഎ.2വിന്റെയും അതിതീവ്ര വ്യാപനമാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണം. പൊതുജനാരോഗ്യത്തിലും സാമൂഹിക നടപടികളിലും വരുത്തിയ വീഴ്ചയും രോഗബാധ വർധിപ്പിച്ചു. ചില രാജ്യങ്ങളിൽ കേസുകൾ കുറയുമ്പോഴും ആഗോളതലത്തിൽ വർധനവ് രേഖപ്പെടുത്തുകയാണ്. ഇതിനർഥം നാം ഇപ്പോൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ്.– ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനം ഗെബ്രെസൂസ് പറഞ്ഞു.
അതേസമയം, ചൈനയിലും ഹോങ്കോങ്ങിലും ഒമിക്രോൺ വകഭേദം പിടിമുറുക്കുന്നതിനിടെ ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങി. അടുത്ത തിങ്കളാഴ്ച മുതൽ ജപ്പാനിലെ നിയന്ത്രണങ്ങൾ അപ്പാടെ എടുത്തുകളയും. പാക്കിസ്ഥാനിൽ എല്ലാ നിയന്ത്രണങ്ങളും നീക്കിയെങ്കിലും കുത്തിവയ്പ് എടുക്കാത്തവർക്ക് ഇതു ബാധകമല്ല.
രോഗം അതിവേഗം പടരുന്നതിനിടെ കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോങ്ങും. 2 വർഷം കോവിഡിനെ അകറ്റിനിർത്തിയ ഹോങ്കോങ്ങിനു അഞ്ചാം തരംഗം തടയാനായില്ല. ആശുപത്രികൾ നിറഞ്ഞതിനാൽ രോഗികൾ ചികിത്സ കിട്ടാതെ ക്ലേശിക്കുകയാണ്. മോർച്ചറികൾ നിറഞ്ഞു. പടിഞ്ഞാറൻ പസിഫിക് മേഖലയിലും ആഫ്രിക്കയിലുമാണ് വലിയ വർധന. ബ്രിട്ടനിലും ഫ്രാൻസിലും നേരിയ വർധനയുണ്ട്.
ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ പുതിയ വകഭേദം കാരണമുള്ള 2 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദത്തിന്റെ ഉപ വകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവ സംയോജിച്ചതാണു പുതിയ വകഭേദം.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക