ജീന ഷൈജു
സമൂഹ മാധ്യമത്തിലൂടെ അടുത്തിടെ ബിഗ് ടിക്കറ്റിനെ കുറിച്ച് കേൾക്കാത്തവർ ആരുമില്ല .അബുദാബി ഗവണ്മെന്റ് നടത്തുന്ന വമ്പിച്ച പാരിതോഷികങ്ങൾ ലഭിച്ചേക്കാവുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് .ഭാഗ്യവശാൽ അടുത്തിടെ വിജയികൾ ആയവർ ഇന്ത്യക്കാർ ആണെന്നുള്ളത് സന്തോഷമുളവാക്കുന്ന കാര്യമാണ് .
അതൊന്നുമല്ല ഇപ്പൊ ഇവിടുത്തെ വിഷയം ,കഴിഞ്ഞ വർഷത്തെ ലീവിന് നാട്ടിൽ പോയപ്പോൾ അടിച്ച ഒരു ബിഗ് ടിക്കറ്റിന്റെ കഥ പറയാം ..അസൂയപ്പെടേണ്ട എനിക്കല്ല ..മുപ്പതു ദിവസത്തെ ലീവ് കഴിഞ്ഞു പോരുന്നതിന്റെ തലേന്ന് അവസാനത്തെ ഷോപ്പിംഗിനായി കുട്ടിപട്ടാളമില്ലാതെ പുറത്തു പോയ ഒരു ദിവസം .പെട്രോൾ പമ്പിൽ ആയിരുന്ന ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസിൽ ഏറെ പ്രായം തോന്നിക്കുന്ന ,മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീ പലതവണ ആഞ്ഞു മുട്ടി .
ഗ്ലാസ് താഴ്ത്തിയപ്പോൾ ആ സ്ത്രീ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ,
“മോളെ മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ട് ,ഒരു ടിക്കറ്റ് എടുക്കണം …20 രൂപയേ ഉള്ളൂ “
“അപ്പൊ അമ്മയുടെ മക്കളൊക്കെ എവിടെ .-അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു.
“എല്ലാവരും പുറത്തു ജോലിക്കാരാണ് .”
ഞാ : അപ്പൊ ‘അമ്മ ആരുടെ കൂടെ ആണ് താമസിക്കുന്നത് ?
“മക്കളെ പഠിപ്പിക്കാൻ വീട് വരെ പണയം വെച്ചു ,വലിയ ജോലിക്കാരൊക്കെ ആയപ്പോൾ അവർക്കെന്നെ വേണ്ട ,വീട് ജപ്തിക്കാർ കൊണ്ട് പോയി ..ഇപ്പൊൾ കടത്തിണ്ണയിൽ ആണ് …ആരുമില്ല കൂട്ടിന് “. പുറം ലോകം കാണാൻ നിന്ന കണ്ണുനീർതുള്ളികൾ അവരുടെ കവിൾതടങ്ങളിൽ കൂടെ ഒലിച്ചിറങ്ങി .
ഞാൻ അവരെ ചേർത്ത് പിടിച്ചു …കയ്യിൽ ആകെ ബാക്കിയുണ്ടായിരുന്ന 1000 രൂപ അവർക്കു നേരെ നീട്ടി ,ഭിക്ഷ ആണോ എന്ന് തോന്നിയിട്ടാവണം ആദ്യം അവരതു നിരസിച്ചു .പക്ഷെ അവരുടെ കയ്യിൽ മിച്ചമുണ്ടായിരുന്ന 50 ടിക്കറ്റ് എടുത്തിട്ട് ഞാൻ ആ പൈസ കൊടുത്തപ്പോൾ അവരതു മേടിച്ചു എന്റെ കൈതണ്ട മുത്തി അടുത്ത ഹോട്ടലിലേക്ക് വേഗത്തിൽ നടന്നു പോയി .
അപ്പൊ ഇതല്ലേ BIG ticket ?
കൂടുതൽ ഒന്നും പറ്റിയില്ലേലും ,മുന്നിൽ നിൽക്കുന്ന ആൾക്ക് ദൈവത്തെ (വിശക്കുമ്പോൾ അന്നവും ,ആവശ്യനേരത്തു പണമോ ,സമയമോ ,ചുരുക്കം ഒരു പുഞ്ചിരിയെങ്കിലും )കാണിച്ചു കൊടുക്കുമ്പോൾ ആണ് BIG ticket നറുക്കെടുപ്പിൽ വിജയികൾ ആകുന്നത് …
ശുഭം…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ