November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പെൺജീവിതങ്ങളിലൂടെ


റീന സാറാ വർഗ്ഗീസ്

മാർച്ച് എട്ട് ലോക വനിതാദിനം. Women’s empowerment അഥവാ സ്ത്രീശാക്തീകരണം എന്നത് വളരെയേറെ തെറ്റിദ്ധരാണകൾക്കിടയാക്കിയ ഒരു വാക്കാണ്. എതിർ ലിംഗത്തെ എതിർക്കാനോ, കുറച്ചു കാണിക്കാനോ, കായികക്ഷമതയ്ക്ക് ഒപ്പമെത്താനോ ഉള്ള കിടമത്സരമല്ല എന്നുകൂടി തിരിച്ചറിയപ്പെടേണ്ടതുണ്ട്.

തുല്യനീതിക്കൊപ്പം അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനം എന്നതു കൂടിയാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതേപ്പറ്റി എത്രപേർക്ക് അറിയാമെന്നതിനെ പറ്റി നിശ്ചയമില്ല. തുലോം കുറവാണെന്നു തന്നെ വേണം കരുതാൻ.

ഇഷ്ടങ്ങളും തീരുമാനങ്ങളും സ്വപ്നങ്ങളും ഹനിക്കപ്പെട്ട്, പരിമിതികൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടിവരുന്ന സ്ത്രീ ജന്മങ്ങൾ കുറവല്ല.
സാമൂഹിക രംഗത്തടക്കം മറ്റു പല മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്കു പോലും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരുന്നു.

സ്വന്തം അമ്മയുടെ കൈപ്പുണ്യം ഭാര്യ പാകം ചെയ്തുണ്ടാക്കുന്നതിനില്ല എന്നു സ്ഥിരം പരാതി പറഞ്ഞ ഒരു ചെറുപ്പക്കാരനെ അറിയാം. അത് അവരുടെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കി എന്ന് മാത്രമല്ല വിവാഹമോചനത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തു. വെറും നിസ്സാരമെന്നു തോന്നാമെങ്കിലും ചെറുപ്പം മുതൽ കഴിച്ചു വന്ന ഭക്ഷണത്തിന്റെ രുചി അതേപോലെ ലഭിക്കണമെന്ന് ശഠിച്ചാൽ അത് നടപ്പുള്ള കാര്യമല്ലന്ന് ആർക്കും മനസ്സിലാകും. പക്ഷേ അത് കൈകാര്യം ചെയ്ത രീതി മാറിപ്പോയി എന്ന് മാത്രം

ജനിച്ച നാടിൻ്റെ പാചകരീതികൾ ശീലിച്ച് തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ വളർന്ന പെൺകുട്ടി. ഇന്നത് ചെയ്തേ മതിയാകൂ എന്ന് അടിച്ചേൽപ്പിക്കുന്നത് ഏതൊരു പെൺകുട്ടിയെ സംബന്ധിച്ചും ആയാസകരമായ സംഗതിയാണ്. പരസ്പരം മനസ്സിലാക്കി യോജിച്ച് പോയാൽ മാത്രം മതിയായിരുന്നു.

വിയോജിപ്പുകൾക്കൊടുവിൽ ബന്ധുമിത്രാദികളുടെ ഇടപെടൽ കൊണ്ട് സൂചികൊണ്ട് എടുക്കാമായിരുന്ന, തികച്ചും അസംഭവ്യം ആകുമായിരുന്ന പ്രശ്നത്തെ കീറിമുറിച്ച് വലുതാക്കി ഏതൊക്കെയോ തലങ്ങളിൽ എത്തിച്ചു.
വികലമായ ചിന്താശേഷിയുടെയും കാഴ്ചപ്പാടിന്റെയും ഇരകളെന്നേ പറയേണ്ടൂ.

ജീവിതാവസാനം വരെ പിശുക്കി എന്ന വിളിപ്പേര് കേൾക്കേണ്ടി വന്ന, ഉന്നതസ്ഥാനത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ മരണപ്പെട്ടപ്പോൾ യാഥാർഥ്യം അറിയാതെ അവരെ പകച്ചവർ ധാരാളം. ജോലി ചെയ്തുണ്ടാക്കുന്നതിൽ നിന്ന് ചില്ലിക്കാശ് പോലും വിനിയോഗം ചെയ്യാൻ അവർക്ക് അവകാശമില്ലായിരുന്നു. അടുത്ത ബന്ധുക്കൾക്ക് മാത്രമേ അതേപറ്റി അറിവുണ്ടായിരുന്നുള്ളൂ.

മാസാവസാനം സ്വന്തം കഷ്ടപ്പാടിന്റെ ഫലം കൈ നീട്ടി വാങ്ങാൻ ഓച്ഛാനിച്ചു നിൽക്കേണ്ടി വരുന്ന സ്ത്രീകൾ ഈ നൂറ്റാണ്ടിലും വിരളമല്ല. സ്വന്തം മാതാപിതാക്കൾക്ക് കൊടുക്കാനോ എന്തിനേറെ സ്വയാവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുന്ന അവസ്ഥ സ്നേഹരാഹിത്യം മാത്രമല്ല സമത്വമില്ലായ്മയുടെ ഏറ്റവും നീചമായ അവസ്ഥ കൂടിയാണ്.

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ ഒട്ടനവധി വനിതകൾക്ക് ആഗ്രഹമുണ്ടെങ്കിലും അവയെല്ലാം ഉള്ളിലൊതുക്കുന്നു. കാരണം പലതരത്തിലുള്ള പാരതന്ത്ര്യത്തിൻ്റെ കാന്തിക വലയങ്ങൾ അവരെ പുറകോട്ടു വലിക്കുന്നു എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.

കെട്ടുപിണഞ്ഞുകിടക്കുന്ന അരുതുകളോടും ചുറ്റുപാടുകളോടും പൊരുതി, ആരാലും തുണയില്ലാതെ അവയൊന്നും പുറത്തറിയാതെ ജോലിയും വീടകവും ഇഷ്ടങ്ങളും സമാന്തരമായി കൊണ്ടുപോകുന്ന പെൺകരുത്തുകളും ഉണ്ട്. കഠിന പ്രയത്നം കൊണ്ട് സമൂഹത്തിൻ്റെ ഉന്നതശ്രേണിയിൽ എത്തിയവർ.

മാറുമറയ്ക്കാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഒരു കാലത്തു നിന്നും ഈ യുഗത്തിൽ എത്തിനിൽക്കുമ്പോൾ സ്ത്രീശാക്തീകരണും സമത്വവും ഇന്നും എവിടെയോ മറഞ്ഞു കിടക്കുന്നു. നിയമ വിദഗ്ധനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹികപരിഷ്കർത്താവും സർവോപരി ഭാരത ഭരണഘടനയുടെ മുഖ്യശില്പിയുമായ ഡോക്ടർ ബി.ആർ അംബേദ്കറുടെ വാക്കുകൾ ചേർത്തുവയ്ക്കുന്നു.

“നമുക്ക് എന്തിനാണ് ഈ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്. മൗലികാവകാശങ്ങൾക്കെതിരായ അസമത്വവും, വിവേചനവും മറ്റും നിറഞ്ഞ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ പരിഷ്കരിക്കാനാണ് നമുക്ക് ഈ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.”

സ്നേഹത്തോടെ
റീന സാറാ വർഗീസ്

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
error: Content is protected !!