ഇന്റർനാഷണൽ ഡെസ്ക്
മോസ്കോ/കീവ്: റഷ്യ–യുക്രെയ്ൻ ചർച്ചയിൽ കണ്ണും നട്ട് ലോകം. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചർച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ വച്ചാണ് ചർച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ചയ്ക്കെത്തി.
രാജ്യത്തെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂർ നിർണായകമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കി പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി സെലെൻസ്കി ഫോണിൽ സംസാരിച്ചു.
ബെലാറൂസ് തലസ്ഥാനമായ മിൻസ്കിൽ വച്ച് ചർച്ച ചെയ്യാമെന്നായിരുന്നു റഷ്യൻ നിർദേശം. എന്നാൽ, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാൽ അവിടെ ചർച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം സെലെൻസ്കി പറഞ്ഞത്. തുർക്കിയിലോ അസർബൈജാനിലോ ചർച്ചയാകാമെന്നായിരുന്നു നിലപാട്.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയുമായി ഫോൺ സംഭാഷണം നടത്തിയതിനു പിന്നാലെ അദ്ദേഹം ബെലാറൂസ് ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
അതേസമയം, യുക്രെയ്ൻ തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സേന ആക്രമണം തുടരുകയാണ്. തെക്കൻ തുറമുഖങ്ങൾ റഷ്യ പിടിച്ചെടുത്തു. ഹർകീവിലും കനത്ത പോരാട്ടം തുടരുന്നു. യുക്രെയ്നിന്റെ ചെറുത്തുനിൽപ്പും ശക്തമാണ്. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 240 യുക്രെയ്നുകാർ കൊല്ലപ്പെട്ടുവെന്ന് യുഎൻ അറിയിച്ചു. മരിച്ചതിൽ 16 കുട്ടികളും ഉൾപ്പെടുന്നു. 4300 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയ്ൻ വ്യക്തമാക്കി. 200 പേരെ യുദ്ധതടവുകാരാക്കി.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക