ഇന്റർനാഷണൽ ഡെസ്ക്
കീവ്: യുക്രൈന് തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി
നേരത്തെ പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്നും സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന് ജനതയ്ക്ക് എന്നപേരിലാണ് പ്രസിഡന്റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ‘രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും’ വീഡിയോ സന്ദേശത്തില്‍ പ്രസിഡന്റ് പറയുന്നു. പ്രസിഡന്റിനൊപ്പം യുക്രൈന് ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.
അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി വ്ലാദിമിര്‍ സെലന്‍സ്കി ചര്‍ച്ച നടത്തി. ഇരു നേതാക്കളും 40 മിനുട്ടോളം ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയോട് ചര്‍ച്ച വേളയില്‍ യുക്രൈന് പ്രസിഡന്റ് വീണ്ടും സൈനിക സഹായം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടുതല്‍ ഉപരോധം ആവശ്യമാണെന്നും വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു.
നേരത്തെ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ട് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയുമെന്നും ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും വ്ലാദിമിര്‍ സെലന്‍സ്കി നിലപാട് വ്യക്തമാക്കിയിരുന്നു.
യുദ്ധത്തില്‍ സഹായിക്കാത്ത വന്‍ ശക്തികള്‍ക്കെതിരെ സെലന്‍സ്കി വിമര്‍ശനവും ഉന്നയിച്ചു. ഇത് യുക്രൈന് ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായി. യുക്രൈന് നേരിടുന്ന ഈ യുദ്ധത്തില്‍ വന്‍ ശക്തികള്‍ കാഴ്ച്ചക്കാരായെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈന് പ്രസിഡന്റ് വിമര്‍ശിച്ചു.
അതേ സമയം റഷ്യയുടെ ആക്രമണത്തെ ചെറുത്തുനില്ക്കാന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈന് സര്‍ക്കാര്‍. റഷ്യന്‍ സേനയെ ചെറുക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത യുക്രൈന് പ്രതിരോധ മന്ത്രാലയം സൈന്യത്തില്‍ ചേരാനുള്ള നിബന്ധനകളും എടുത്തുമാറ്റി. യുക്രൈന് പാസ്പോര്‍ട്ടുള്ള ആര്‍ക്കും സൈന്യത്തില്‍ ചേരാമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രായ നിയന്ത്രണമടക്കം നീക്കിയുള്ളതാണ് സാധാരണക്കാരെ വീണ്ടും സൈന്യത്തിലേക്ക് വിളിച്ചുകൊണ്ടുള്ള നടപടി. സൈന്യത്തിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ രാജ്യത്തിന് വേണ്ടി തോക്കെടുക്കാന്‍ യുവാക്കളുടെ നീണ്ട നിരയാണ് മിലിട്ടറി രജിസ്ട്രേഷന് കൗണ്ടറുകള്‍ക്ക് മുന്നില്‍ കാണുന്നത്. യുക്രൈനിലെ റിവൈനയില്‍ നിന്നുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
യുക്രൈനിലെ സൈനിക നടപടിയില്‍ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ . റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തു. അനിവാര്യമായി വന്നാല്‍ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് മുന്നറിയിപ്പ് നല്കി.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവന്‍ സമാധാനം പറയണം. അടിയന്തര ഘട്ടത്തില്‍ നാറ്റോ ഇടപെടും. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും. വരും നാളുകളില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുക്രൈന് തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാന്‍ അവസാന പോരാട്ടം നടക്കുന്നതിനിടെ നിര്‍ണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. യുക്രൈനില്‍ പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന് പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക