റീന സാറാ വർഗീസ്
ഒരു മധ്യവേനൽ അവധിക്കാലത്താണ് സദാഗൗരവം കലർന്ന പുഞ്ചിരിയോടെ വിശേഷങ്ങൾ തിരക്കിയിരുന്ന മുഖം ആദ്യമായി കാണുന്നത്. നാട്ടിൻപുറത്തെ ഒട്ടും മായംകലരാത്ത, ചേർക്കാത്ത പുഞ്ചിരിയെന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം.
പഞ്ചസാര മണലിലൂടെ നടന്നു പോയ വഴിയിൽ, മുള്ളുവേലികൾ കെട്ടിയ പറമ്പിന്റെ ഒത്ത നടുക്ക് തലയെടുപ്പോടെ നിൽക്കുന്ന വീട്ടിൽ നിന്ന് ഞങ്ങളുടെ തലവെട്ടം കാണുമ്പോൾ ഇറങ്ങി വന്നിരുന്ന അമ്മച്ചി.
വലംകൈയിലെ സ്വർണ്ണ വളകളും കഴുത്തിലെ നീളൻ മിന്നുമാലയും കാതുകളിലെ വെള്ള കല്ലുകൾ പതിപ്പിച്ച കമ്മലുകളും കുതുകത്തോടെ, ഇമകൾ വെട്ടാതെ നോക്കിനിൽക്കും. മധ്യതിരുവിതാംകൂറിലെ സംസാരഭാഷക്ക് ഏറെ ആകർഷണീയത ഉണ്ടായിരുന്നു.
“നീ എത്രീലാ”?
എല്ലാ ആണ്ടുകളിലും മുറതെറ്റാതെ ഇതേ ചോദ്യം ആവർത്തിച്ചു. അത് അറിയാവുന്നതുകൊണ്ട് ചോദ്യം തുടങ്ങുമ്പോൾ തന്നെ ഉത്തരം കൊടുക്കാൻ തയ്യാറെടുത്തിരുന്നു.
അമ്മയോട് ഏറെനേരം വിശേഷങ്ങൾ തിരക്കും.
എള്ളിൻ പാടങ്ങളിൽ വിളഞ്ഞുനിൽക്കുന്ന കായ്കൾ പൊട്ടിച്ച് രുചിക്കാനും, കുളത്തിലെ മീനുകളെ എണ്ണാനും, ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന സ്നേഹസേന വായിച്ചുതീർക്കാനുമുളള ത്വരയിൽ നാലാം തരത്തിൽ പഠിക്കുന്ന പെൺകുട്ടി നാട്ടിൻപുറത്തെ ഇടവഴികളിലൂടെ അമ്മയുടെ കൈവിട്ട്, കുഞ്ഞമ്മയുടെ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടക്കും.
അവിടെയാക്കി പിറ്റേദിവസം അമ്മ, വീട്ടിലേക്ക് മടങ്ങും. അവധി കഴിയുന്നതിന് ഒരാഴ്ച മുൻപ് കുഞ്ഞമ്മയും മക്കളും ചേർന്ന് വീട്ടിലേക്ക് മടക്കയാത്ര.
“നീ ഇനി വരത്തില്ലിയോ?”
വരും എന്ന അർത്ഥത്തിൽ ഇരുവശങ്ങളിലേക്കും ശക്തമായി തലയാട്ടും. അപ്പോഴും മുഖഭാവത്തിന് തെല്ലും മാറ്റമൊന്നും ഉണ്ടാകില്ല.
ഏതോ പരീക്ഷ കാലത്താണ് പത്രവാർത്തകളിലൊന്ന് അമ്മ ഉറക്കെ വായിച്ചത്. വാർത്തയുടെ സാരം, പൊട്ടും പൊടിയുമായി മനസ്സിലായി. മുൻതാളിലെ ചിത്രത്തിൽ അതേ പുഞ്ചിരികണ്ട് അന്നത്തെ പെൺകുട്ടിയുടെ നെഞ്ച് പിടഞ്ഞു. സ്വന്തം മകനെപ്പോലെ സ്നേഹിച്ച, അന്യസംസ്ഥാന സഹായി അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത ഇന്നും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്
കാലം എഴുതിവച്ച തിരക്കഥകൾക്കിടയിലെ അഭിനേതാക്കളാണ് മനുഷ്യ ജന്മങ്ങളും ബന്ധങ്ങളും. വിധിയെന്ന് വിളിപ്പേരുള്ള സംവിധായകൻ അഭിനയിച്ച് തീർക്കേണ്ട ഭാഗങ്ങൾ ഓരോരുത്തർക്കും വിഭജിച്ചു നൽകി ജീവിതം സഫലമാക്കാതെയും സഫലമാക്കിയും മുറിച്ചിടുന്നു. ഒരാൾക്കുപോലും പിടികൊടുക്കാതെ.
അഗ്നിപർവതങ്ങളിൽ നിന്ന്
അതിശക്തമായി ഹുങ്കാരത്തോടെ വീശുന്ന ചുടുകാറ്റിൽ ഉലഞ്ഞ ഓർമയുടെ നോവാണ് ഗൗരവചുവയുള്ള നിശ്ശബ്ദമായ ആ അമ്മച്ചിരി.
സ്നേഹത്തോടെ
റീന സാറാ വർഗീസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ