ഇൻറർനാഷണൽ ഡെസ്ക്
ന്യൂയോര്‍ക്ക്: കൊവിഡ് മൂന്നാംതരംഗത്തില്‍ പ്രകടമായ ശമനത്തിന്റെ പശ്ചാത്തലത്തില്‍ കാര്യമായ ഇളവുകളും നല്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു. എച്ച്. ഒ ). ഇളവുകള്‍ നല്കുന്നതില് അതിരുവിടരുതെന്നും മിതത്വം പാലിക്കണമെന്നും ഡബ്യു.എച്ച്.ഒ അറിയിച്ചു.
ഒമിക്രോണ്‍ വകഭേദത്തിന്റെ കൂടുതല്‍ ഉപവകഭേദങ്ങളെ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ്. ‘വൈറസ് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒമിക്രോണിന് ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ട്. ഇവയുടെ തീവ്രത സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്. ബിഎ.2 സാന്നിദ്ധ്യം കൂടുന്നു. ഇതിന് തീവ്ര വ്യാപനശേഷിയുണ്ട്. ” ഡബ്ല്യു.എച്ച്.ഒ കൊവിഡ് ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കൊര്‍ക്കോവ് വ്യക്തമാക്കി.
മഹാമാരി പൂര്‍ണമായും അപ്രത്യക്ഷമായില്ലെന്ന് ഓര്‍ക്കണമെന്നും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ മിതത്വം പാലിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന് പറഞ്ഞു.
പകുതിപ്പേരില്‍ ഒറ്റഡോസ് വാക്സിന് പോലും എത്തിക്കാനായിട്ടില്ലാത്ത രാജ്യങ്ങളേറെയുണ്ട്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തീവ്രമാകുന്നത് കൂടുതല്‍ അപകടകാരികളായ വകഭേദങ്ങള്‍ ഉടലെടുക്കാന്‍ കാരണമായേക്കുമോ എന്നാണ് ഗവേഷകരുടെ ആശങ്ക.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക