റീന സാറാ വർഗീസ്
അന്നും ഇന്നും പാമ്പുകളെ ഭയമാണ്.
അന്നൊക്കെ പാമ്പ് പിടുത്തക്കാർ ഉണ്ടോ എന്ന് തന്നെ അറിയില്ല. പള്ളിക്കൂടം വിട്ടു വരുന്ന ഇടവഴികളിൽ പല വീടുകൾ ഉണ്ടായിരുന്നെങ്കിലും ഓടിട്ട ഭംഗിയേറിയ വീടായിരുന്നു ഏറ്റവും ആകർഷണീയം. അതിനു മുൻപിൽ ഒരേ നിരയിൽ വെട്ടി നിർത്തിയ ചെറിയ ഇലകളാൽ സമൃദ്ധമായ കുറ്റിച്ചെടികളും പലതരത്തിലും നിറത്തിലുമുള്ള പൂക്കളും നിറഞ്ഞുനിന്നിരുന്നു. വ്യത്യസ്തമാർന്ന ചവിട്ടുപടികളായിരുന്നു മറ്റൊരു പ്രത്യേകത.
അവിടുത്തെ മൺകയ്യാലകൾക്കു താഴെയുള്ള പൊത്തിനു പുറത്ത് പാമ്പ് പടം പൊളിച്ചിട്ടിരിക്കുന്നതു കാണുമ്പോഴും ചില ദിവസങ്ങളിൽ കപ്പ പുഴുങ്ങുമ്പോൾ പുറത്തേക്കു വിനിർഗളിക്കുന്ന മണം നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറുമ്പോഴും ഭയമുണരും. പരിസരത്തെവിടെയോ പാമ്പ് ഉണ്ട് എന്നതിനുള്ള തെളിവാണ് അതെന്നായിരുന്നു സാമാന്യേനയുള്ള കേട്ടുകേൾവി. ചകിതയാകാനുള്ള മൂലകാരണവും മറ്റൊന്നല്ല. അതിൽ എത്രമാത്രം വാസ്തവമുണ്ടെന്ന് ഇന്നും അറിയില്ല.
തെക്കൻ നാട്ടിൽ നിന്ന് പോന്നതിനു ശേഷം അന്നാട്ടിൽ അധികം കാണാത്ത ഒരു പ്രത്യേകത ഇവിടെയുണ്ടായിരുന്നു. പറമ്പുകൾ തോറും സ്വർണ്ണവർണ്ണത്തിൽ കായിച്ചു നിന്നിരുന്ന ജാതിമരങ്ങൾ. പുരയിടത്തിൽ ജാതിക്കായ മൂത്തു വരുന്ന സമയങ്ങളിൽ കായ്കൾ തനിയെ പൊട്ടി മരത്തിനു ചുറ്റും വീണു കിടക്കും. ഒരുദിനം ജാതിമരത്തിനു ചുവട്ടിൽ തലങ്ങും വിലങ്ങും ഓടി അടർന്നുവീണിരുന്ന കായ്കൾ ഝടുതിയിൽ കുട്ടയിൽ പെറുക്കിയെടുക്കുമ്പോൾ ശക്തമായ ചീറ്റൽ. ചുറ്റുമൊന്ന് വീക്ഷിച്ചു. ആരെയും കാണാത്തതിനാൽ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി പുനരാരംഭിച്ചു. വീണ്ടും മുൻപു കേട്ട അതേ ശബ്ദം.
മുകളിലെ കറുത്ത കൊമ്പിൽ പച്ചിലകൾക്കിടയിൽ ഒളിച്ചിരുന്ന ചക്ഷു:ശ്രവണനെ ഒന്നേ നോക്കിയുള്ളൂ. ഭീതിദമായ കാഴ്ചയിൽ കണ്ണുകളിൽ അന്ധകാരം നിറഞ്ഞു. എങ്ങനെയോ വീട്ടിലെത്തിയിട്ടും ശബ്ദനാളിയിൽ നിന്ന് സ്വരം ഉയർത്താനായില്ല എന്നതാണ് വാസ്തവം. പിന്നീട് ആ ജാതി മരത്തിനടുത്തേക്ക് പോയിട്ടേയില്ല.
അക്കാലങ്ങളിൽ പൊന്തക്കാടുകളിൽ ധാരാളം മുയലുകൾ ഉണ്ടായിരുന്നു. അന്നത്തെ വലിയ വിനോദങ്ങളിൽ ഒന്ന് വിലോഭനീയമായ ഇത്തരം കാഴ്ചകൾ കാണുക എന്നുള്ളതായിരുന്നു. ഓട്ടത്തിൽ മുയലിനെ തോൽപ്പിക്കാൻ ആമയ്ക്കു കഴിഞ്ഞെങ്കിൽ ഞങ്ങൾ കുട്ടികളെക്കൊണ്ട് എത്ര ശ്രമിച്ചിട്ടും അതിനായില്ല. അവയെ പിടിക്കാനുള്ള ശ്രമം തീർത്തും വിഫലമായി. അങ്ങനെ മുയലുകൾ അവിടെ സ്വൈര്യവിഹാരം നടത്തിക്കൊണ്ടിരുന്നു.
പോകുന്നപോക്കിൽ അടർന്നുവീണ കരിയിലകൾക്കിടയിൽ തടി പോലെ എന്തോ ഒന്ന്. അതു മാറ്റിയിടാൻ ചെറിയ തടിക്കോലുകൊണ്ട് ഒന്നിളക്കി. ചെറിയ അനക്കം കണ്ടതുകൊണ്ട് സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലായി. ഞങ്ങൾ കുട്ടികൾ കൂട്ടത്തോടെ പ്രാണനും കൈയിലെടുത്ത് എങ്ങോട്ടെന്നറിയാതെ പാഞ്ഞു. സാംഗത്യം തിരിച്ചറിഞ്ഞതിനാൽ തിരിഞ്ഞുനോക്കുമ്പോൾ തടിവർണ്ണനും തൊട്ടു പുറകെയുണ്ട്. എങ്ങനെയോ വീടിനകത്ത് സുരക്ഷിതരായി കയറി. കുറച്ചു സമയങ്ങൾക്കു ശേഷം പുറത്തിറങ്ങി നോക്കുമ്പോൾ അത് ഏതു വഴിക്ക് പോയി എന്ന് അറിയില്ല.. അന്ന് ഓടിയ ഓട്ടം പോലെ ജീവിതത്തിൽ പിന്നീട് ഓടിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇന്ന് ഈ ഓർമകൾ പകർത്തുമ്പോൾ പോലും ഹൃദയതാളം വർദ്ധിക്കുന്നത് നന്നായി തിരിച്ചറിയുന്നുണ്ട്.
മച്ചിട്ട വീടായതിനാൽ കൊടിയ വേനലിലും വീടിനകത്ത് പങ്ക വേണ്ടായിരുന്നു. ഉൾത്തളങ്ങൾ ശീതീകരണ മുറിയിൽ എന്നതുപോലെ അനുഭവവേദ്യമാണ്. ഇന്നും അതിനു വലിയ മാറ്റം വന്നിട്ടില്ല. അന്ന് വലിയ രമ്യഹർമ്യങ്ങൾ ചുറ്റും ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർക്ക് പകൽ രാത്രി സഞ്ചാരങ്ങൾ യഥേഷ്ടം നടത്താനുള്ള അവസരം ധാരാളമുണ്ടായിരുന്നു.
ഒരു ദിവസം ഉച്ചയൂണിന് ഇരിക്കുന്ന സമയം പങ്ക കറക്കിയേക്കാം എന്നോർത്ത് സ്വിച്ചിൽ കൈയമർത്തി. ഇതളുകൾ പതിയെ കറങ്ങാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്ന് തീൻമേശയിലേക്ക് ഒരു നീണ്ടവൻ വന്നു കിടക്കുന്നു. വന്ന അതിഥി മഞ്ഞച്ചേര ആയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞുള്ള അറിവ്. ബോധാബോധസാകല്യത്തെ ആ നിമിഷം വിഴുങ്ങിയതു കൊണ്ട് നീളമുള്ള രൂപം മാത്രമേ ഓർമയിൽ ഉണ്ടായിരുന്നുള്ളൂ.
വളരെ വിരളമായി കലിപൂണ്ട കീരി, പായുന്ന പാമ്പിനു പുറകെ പതിനെട്ടടവും പഠിച്ച അഭ്യാസിയെ പോലെ പറമ്പിലൂടെ വിജയശ്രീലാളിതനായി വിലസുന്നതും മറ്റൊരു കാഴ്ചയായിരുന്നു . കീരിയും പാമ്പും എന്ന പ്രയോഗം കേൾക്കാത്തവരായി ഒരാൾപോലും ഉണ്ടെന്നു തോന്നുന്നില്ല.
കാലം പിന്നിട്ടപ്പോൾ വലിയ ബഹുനിലക്കെട്ടിടങ്ങളും, നൂതന വാണിഭശാലകളും ഉയർന്നു. ചിലയിടത്ത് ജാതി മരങ്ങൾ ഉണ്ടെന്നല്ലാതെ പൊന്തക്കാടുകൾ നിറഞ്ഞ ഇടങ്ങൾ ഇന്ന് ശൂന്യം. പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഹൃദയാലുവായ വലിയ മനുഷ്യൻ വാർത്തകളിൽ നിറയുമ്പോൾ ഓർമകൾ അങ്ങകലെയുള്ള നാളികേരത്തിന്റെ നാട്ടിലേക്ക് പായുന്നു. എത്രയും വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങി വരട്ടെ എന്ന പ്രാർത്ഥനയോടെ.
സസ്നേഹം,
റീന സാറാ വർഗീസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ