November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ന് “രക്തസാക്ഷിത്വ ദിനം” ; മഹാത്മാ ഗാന്ധിയുടെ ഓർമയിൽ ലോകം

കൾച്ചറൽ ഡെസ്ക്

ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തിൽ, അധികാരത്തിനെതിരേയുള്ള ഏറ്റവും സാർഥകമായ അഹിംസാത്മകസമരം നയിച്ചത് മഹാത്മാഗാന്ധി ആയിരുന്നു. ഏതു സ്വേച്ഛാധിപത്യത്തിന്റെ മുന്നിലും ഏകനായിനിന്ന് പ്രതിരോധിക്കാനുള്ള ആത്മബലത്തിന്റെ പേരാണ് മഹാത്മാഗാന്ധി എന്ന് മാർട്ടിൻ ലൂഥർകിങ് പറഞ്ഞത് അതുകൊണ്ടാണ്. ഗാന്ധിജിയെ ഒരിക്കലും നമുക്ക് പ്രത്യയശാസ്ത്രമായോ, മതബോധനമായോ ഒതുക്കാൻ കഴിയില്ല. സ്വയം പരീക്ഷിച്ചുകൊണ്ട് പുതിയ രൂപങ്ങൾ സൃഷ്ടിക്കുകയും നിരന്തരം നവീകരണത്തിന് വിധേയമാക്കുകയും ചെയ്യേണ്ട, അനന്തസാധ്യതകൾ ഉള്ളതും ലളിതസുന്ദരവുമായ ഒരു ‘ടൂൾബോക്സ്’ ആണ് നമുക്കായി ഗാന്ധിജി അവശേഷിപ്പിച്ചുപോയത്.

സാധാരണമനുഷ്യൻ നേരിടുന്ന ലളിതമായ പ്രശ്നങ്ങൾമുതൽ, സങ്കീർണമായ ദാർശനിക സമസ്യകൾക്കുവരെ ഗാന്ധിജിയിൽ കൃത്യമായ ഉത്തരം ഉണ്ടായിരുന്നു. ചർക്ക, ഖാദി, ഉപ്പ് തുടങ്ങിയ ഏറ്റവും സാധാരണമായ വസ്തുക്കളെ രാജ്യവ്യാപകമായ വലിയ ജനകീയപ്രക്ഷോഭങ്ങളുടെ സാമ്പത്തിക – രാഷ്ട്രീയ മുദ്രകളാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. അർധനഗ്നശരീരംപോലും ഏറ്റവും ശക്തമായ സമരായുധമാക്കിയ സത്യാഗ്രഹി. 1915 മുതലുള്ള മൂന്നു പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ കർഷകരും തൊഴിലാളികളും പങ്കുചേരുന്ന മഹാപ്രസ്ഥാനമായി ദേശീയപ്രസ്ഥാനത്തെ മാറ്റിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടാണ്.

ഗാന്ധിജിയുടെ രാമരാജ്യം ഹിന്ദുവിന്റേതുമാത്രം ആയിരുന്നില്ല. അദ്ദേഹത്തിന്റെ രാമൻ സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്നു. അക്രമോത്സുകമായ മതസങ്കല്പത്തിനെതിരേ, കരുണയിലും അഹിംസയിലും അധിഷ്ഠിതമായ ബദൽ മതഭാവനയെയാണ് ഗാന്ധിജി മുന്നോട്ടുവെച്ചത്. സനാതനഹിന്ദുവായ ഗാന്ധിജി തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത്, ഒരിക്കലും മതവിശ്വാസികളായ ശിഷ്യരെ ആയിരുന്നില്ല; മറിച്ച് യുക്തിവാദിയും ആധുനികനുമായ നെഹ്രുവിനെ ആയിരുന്നു എന്ന് ഓർമിക്കണം.
സമഗ്രാധിപത്യം പിടിമുറുക്കുന്ന ഇക്കാലത്തും ഒട്ടേറെ ജൈവികസാധ്യതകളുടെയും പരീക്ഷണങ്ങളുടെയും നാഡീകേന്ദ്രമായിരുന്ന ഗാന്ധിജിയെ നമ്മുടെ ജനകീയ പൊതുഭാവനയുടെയും മുന്നേറ്റങ്ങളുടെയും നായകത്വത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള പ്രായോഗികശ്രമങ്ങൾ ആരും നടത്തുന്നില്ല. നമ്മളദ്ദേഹത്തെ സ്ഥാപനവത്കരിച്ചു.
ഗാന്ധിജിയെ നമ്മൾ എങ്ങനെയാണ് ഓർമിക്കേണ്ടത് എന്ന ചർച്ചകൾ ഗാന്ധിവധത്തിനുശേഷം കുറച്ചുകാലം വളരെ സജീവമായിരുന്നു. മ്യൂസിയങ്ങളും പ്രതിമകളും പാതകളും വായനശാലകളുംമുതൽ വലിയ സ്തൂപങ്ങൾവരെ നീണ്ടുപോയ ചർച്ചകൾ. പക്ഷേ, അക്കാലത്തെ ബംഗാൾ ഗവർണറും ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന സി. രാജഗോപാലാചാരി, 1948 ഫെബ്രുവരി 28-ന്, ആകാശവാണിയിലൂടെ പറഞ്ഞതാണ് ഏറ്റവും പ്രസക്തം എന്നു തോന്നുന്നു: ‘ഗാന്ധിജിയുടെ ജീവിതവും
മരണവും മതസൗഹാർദത്തിനു വേണ്ടിയുള്ള ആത്മസമർപ്പണമായിരുന്നു. അതുകൊണ്ട്, അതിരുകളില്ലാത്ത മതസാഹോദര്യവും സമാധാനപരമായ സഹവർത്തിത്വവും സാർഥകമാക്കിക്കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമകൾ ഇന്ത്യക്കാർ അനശ്വരമാക്കേണ്ടത്.’

error: Content is protected !!