January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആരോഗ്യരംഗം 2021:ഒരു തിരിഞ്ഞു നോട്ടം

ജോബി ബേബി

2021സാർസ് കോവ്-2എന്ന വൈറസിന്റെയും അതു സൃഷ്ടിച്ച കോവിഡ് 19എന്ന വ്യാധിയുടെയും വർഷമായിരുന്നു.കലണ്ടറിൽ വർഷം മാറുമ്പോൾ ഇതു രണ്ടും വർദ്ധിച്ച വീര്യത്തോടെ പല വകഭേദങ്ങളായി തന്നെ നമ്മുക്കിടയിലുണ്ട്.പുതുവർഷ ആശംസകളിൽ 2021നെ പലരും പഴിക്കുന്നു.പക്ഷേ 2021ൽ നമ്മൾ പഠിച്ച പാഠങ്ങൾ മറക്കരുത്.ചീത്ത അനുഭവങ്ങൾ മാത്രമല്ല കോവിഡ്-19നമ്മുക്ക് നല്ല അനുഭവങ്ങളും തന്നിട്ടുണ്ട്.ശുചിത്വം,ജീവിത ശൈലീ,കുടുംബജീവിതം,ഔദ്യോഗിക ജീവിതം,സമയക്രമീകരണം തുടങ്ങിയവയിൽ വന്ന സകാരാത്മകമായ മാറ്റങ്ങൾ.പുതിയൊരു ജീവിത ക്രമത്തിന്റെ ഉന്നത പരിശീലനമായിരുന്നു 2021. 2022ഒരു തുടർച്ച മാത്രം….

കോവിഡും ഒമിക്രോണും

രണ്ട് വർഷമാകുന്നു കൊറോണ വൈറസ് ലോകത്തെ മുൾമുനയിൽ നിർത്തിയിട്ട്. വൈറസിന്റെ നിരവധി വകഭേദങ്ങൾ, കോവിഡ് പ്രതിരോധത്തിനുള്ള നിരവധി വാക്സിനുകൾ എന്നിവ രംഗത്തെത്തിയ ഒരു വർഷമായിരുന്നു 2021.വാക്സിനേഷനെത്തുടർന്ന് കോവിഡ് കണക്കുകളിൽ കുറവ് വന്നുതുടങ്ങുകയും ചെയ്തു.അതിനാൽ തന്നെ കോവിഡ് ഭീതി കുറഞ്ഞുവെന്ന് കരുതി ലോകം പഴയ അവസ്ഥയിലേക്ക് തിരികെയെത്താനുള്ള ഓട്ടത്തിലായിരുന്നു.ഇത്തരത്തിൽ,കോവിഡ് ഭീതി ഒഴിയുന്നു എന്ന് കരുതിയ സമയത്താണ് കൊറോണ വൈറസിന്റെ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞത്.ദക്ഷിണാഫ്രിക്കയിൽ നിന്നും 2021 നവംബർ 24 ന് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണാ വൈറസ് വകഭേദം വലിയ ആശങ്കകളുയർത്തിയിരിക്കയാണ്. ബി 1.1.529 എന്ന ഈ വകഭേദത്തിനെ ഒമിക്രോൺ (Omicron) എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിട്ടുണ്ട്. കോവിഡിന് കാരണമായ സാർഴ്സ് കൊറോണ വൈറസ് -2 ആർ എൻ എ വൈറസായത് കൊണ്ട് ജനിതക മാറ്റത്തിലൂടെ (Mutations) വിവിധ ഭിന്നതരം (Variants) വൈറസുകളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.വൈറസുകൾ മനുഷ്യകോശങ്ങൾക്കുള്ളിൽ കടന്ന് പെരുകുന്നതിന്റെ (Replication) ഭാഗമായി പകർപ്പെടുക്കുമ്പോൾ ജനിതകഘടനയിൽ നേരിയമാറ്റം സംഭവിക്കാം.ഡി എൻ എ വൈറസുകളുടെ കാര്യത്തിൽ ജനിതകവ്യതിയാനങ്ങളിലെ തെറ്റ് നിരുത്താനുള്ള (Proofreading) സംവിധാനമുണ്ട്.എന്നാൽ ആർ എൻ എ വൈറസുകളിൽ അതില്ല.അതുകൊണ്ടാണ് ആർ എൻ വൈറസുകൾ കൂടുതലായി ജനിതകമാറ്റത്തിന് വിധേയമാവുന്നത്.വൈറസുകളിൽ സംഭവിക്കുന്ന എല്ലാ ജനിതകവ്യതിയാനങ്ങളും നിലനിൽക്കാറില്ല.വൈറസുകളുടെ എണ്ണം വർധിപ്പിക്കാനും മറ്റ് ജീവികളിലേക്ക് കടക്കാനും സഹായിക്കുന്ന വൈറസ് ഭേദങ്ങൾ നിലനിൽകും മറ്റുള്ളവ ജൈവപരിണാമ പ്രകിയയുടെ ഭാഗമായി നശിച്ച് പോകും.

കൊറോണ വകഭേദങ്ങൾ

ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത ജനിതകഘടനയുള്ള മൂന്ന്തരം കോവിഡ് വൈറസുകളാണ് ആദ്യഘട്ടത്തിൽ കണ്ടെത്തിയത്.പിന്നീട് നാലാമതൊരു ജനിതകമാറ്റം കൂടി ഇന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.2020 ഒക്ടോബർ 25 ൽ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട ബി 1. 617 എന്ന വകഭേദം 2021 മാർച്ച് 29 ന് സ്ഥിരീകരിക്കപ്പെട്ടു.പകർച്ചവ്യാധികൾ, രോഗാണുക്കൾ എന്നിവക്ക് രാജ്യത്തിന്റേയോ, പ്രദേശത്തിന്റെയോ മൃഗങ്ങളുടെയോ പേരിടുന്നത് ഒഴിവാക്കണമെന്ന് 2015 മുതൽ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ട് വരികയാണ്.സ്ഥലജന്തുനാമങ്ങളിൽ രോഗമോ രോഗാണുക്കളോ അറിയപ്പെടുന്നത് ആ രാജ്യങ്ങളോടോ, ജന്തുക്കളോടോ വിദ്വേഷം ജനിപ്പിക്കുന്നതിനും പതിത്വസമീപനങ്ങൾ (Stigma) വളർന്ന് വരുന്നതിനും കാരണമാവുന്നുണ്ട്.ഇങ്ങനെ പേരിട്ടിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിനും വ്യാപരവാണിജ്യ തടസ്സങ്ങൾക്കും മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിനും മറ്റും ഇത്തരം പേരിടീൽ രീതികൾ കാരണമാവുന്നുണ്ട്.ഇതെല്ലാം പരിഗണിച്ച് ഇപ്പോൾ രാജ്യങ്ങളുടെ പേരിലറിയപ്പെടുന്ന വൈറസ് വകഭേദങ്ങൾക്ക് ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നീ പേരുകൾ ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ളത്.

പകർച്ചാനിരക്ക് (Infectivity) കൂടുതലുള്ള വൈറസ് ഭേദങ്ങളിവയെല്ലാമെന്നാണ് വിദഗ്ധരുടെ നിഗമനം.എന്നാൽ രോഗരൂക്ഷത വർധിപ്പിക്കുമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണുള്ളത്.കോവിഡ് രോഗം കണ്ടെത്താനുള്ള ടെസ്റ്റുകളുപയോഗിച്ച് തന്നെ ഇത്തരം ജനിതകമാറ്റം സംഭവിച്ച് വൈറസുകൾ മൂലമുണ്ടാകുന്ന കോവിഡ് കണ്ടെത്താൻ കഴിയും.ഇപ്പോൾ ലഭ്യമായ വാക്സിനുകൾ എല്ലാംതന്നെയും എല്ലാ ഭിന്നതരം വൈറസുകൾക്കും എതിരെ പ്രതിരോധശേഷിയുണ്ടാക്കുമെന്നാണ് ഇതുവരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ എത്തിയിട്ടുള്ള നിഗമനം.എന്നാൽ ഡെൽറ്റ വകഭേദം കോവിഡ് വാക്സിനുകളോട് ഭാഗികമായ പ്രതിരോധം നേടിയിട്ടുള്ളതിനാൽ വാക്സിൻ സ്വീകരിച്ചവരിൽ രോഗമുണ്ടാക്കുന്നുണ്ട്.ഇതിനെ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ എന്നാണ് വിളിക്കുക.അത് പോലെ രോഗംവന്ന് മാറിയവരിൽ വീണ്ടും രോഗമുണ്ടാക്കാനും (റീ ഇൻഫക്ഷൻ) ഡെൽറ്റാ വൈറസുകൾക്ക് കഴിയും.എന്നാൽ ബ്രേക്ക് ത്രൂ ഇൻഫക്ഷൻ, റീ ഇൻഫക്ഷൻ എന്നിവ ബാധിച്ചവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണുന്നില്ല.മാത്രമല്ല ആരും മരണമടഞ്ഞതായും റിപ്പോർട്ടില്ല.2021 ജൂൺ മാസത്തോടെ ആവിർഭവിച്ചിട്ടുള്ള പുതിയ വൈറസ് വകഭേദമാണ് ഡെൽറ്റാ പ്ലസ് (Delta Plus).ഡൽറ്റാവൈറസിന്റെ സ്വഭാവത്തിൽ നിന്നും കാര്യമായ വ്യത്യാസം ഡെൽറ്റ പ്ലസ് വൈറസിനില്ല.ഇന്ത്യയിൽ ഇതുവരെ ഡൽറ്റാ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിലവിലുള്ള കൊറോണ വൈറസ് വകഭേദങ്ങൾ ഇവയാണ്

ആൽഫ- ബി.1.1.7 എന്നാണ് ശാസ്ത്രീയ നാമം. ആദ്യമായി കണ്ടെത്തിയത് 2020 സെപ്റ്റംബറിൽ യു.കെയിലാണ്.
ബീറ്റ- ബി.1.351 എന്നാണ് ശാസ്ത്രീയ നാമം. 2020 മേയിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.
ഗാമ-പി.1 എന്നാണ് ശാസ്ത്രീയ നാമം. 2020 നവംബറിൽ ബ്രസീലിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.
ഡെൽറ്റ-ബി.1.617.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറിലിൽ ഇന്ത്യയിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.
എപിസിലോൺ-ബി.1.427/ ബി.1.429 എന്നാണ് ശാസ്ത്രീയ നാമം. 2020 മാർച്ചിൽ യു.എസ്.എയിലാണ് കണ്ടെത്തിയത്.
സീറ്റ-പി.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഏപ്രിലിൽ ബ്രസീലിലാണ് തിരിച്ചറിഞ്ഞത്.
കാപ്പ-ബി.1.617.1 എന്നതാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ഇത് സ്ഥിരീകരിച്ചത്.
ഇയോറ്റ-ബി.1.526 എന്നാണ് ശാസ്ത്രീയ നാമം.2020 നവംബറിൽ യു.എസ്.എയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.
ഈറ്റ-ബി.1.525 എന്നാണ് ശാസ്ത്രീയ നാമം. 2020 ഡിസംബറിൽ നിരവധി രാജ്യങ്ങളിൽ തിരിച്ചറിഞ്ഞു.
തീറ്റ-പി.3 എന്നാണ് ശാസ്ത്രീയ നാമം. 2021 ജനുവരിയിൽ ഫിലിപ്പിൻസിലാണ് ആദ്യമായി കണ്ടെത്തിയത്.
ഡെൽറ്റ പ്ലസ്-എ.വൈ.1 എന്നാണ് ശാസ്ത്രീയ നാമം. 2021 ജൂണിൽ ഇന്ത്യയിലാണ് ഇത് തിരിച്ചറിഞ്ഞത്.
ഒമിക്രോൺ-ബി.1.1.529 എന്നാണ് ശാസ്ത്രീയ നാമം. 2021 നവംബറിൽ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.

ഒമിക്രോൺ വന്നവരിൽ നിലവിൽ ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല.പക്ഷേ, പേടിക്കേണ്ടത് ഒരു വലിയ സമൂഹത്തെ അല്ലെങ്കിൽ നിരവധി ആളുകളെ ഒമിക്രോൺ ഒന്നിച്ച് ബാധിക്കുന്നു എന്നതിനെയാണ്.അത്തരത്തിൽ ഒരുപാട് ആളുകളെ ഒന്നിച്ച് രോഗം ബാധിക്കുന്നു എന്നതിനാൽ ആശുപത്രികൾ പെട്ടെന്ന് നിറയാനും വേണ്ടത്ര ചികിത്സ ലഭിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാകാൻ ഇടയുണ്ട്.ഒരു സാമൂഹിക പ്രശ്നമാണ് ഇത്തരത്തിൽ ഒമിക്രോൺ ഉണ്ടാക്കുന്നത്.

കോവിഡ് വാക്സിനുകൾ

ഫൈസർ-ബയോൺടെക് വാക്സിൻ:ഫൈസറും ബയോൺടെക് കമ്പനിയും ചേർന്ന് പുറത്തിറക്കിയ വാക്സിനാണിത്. 2020 ഡിസംബർ 31 ന് ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകി.
ആസ്ട്രസെനക-ഓക്സ്ഫഡ് വാക്സീനുകൾ:ആസ്ട്രസെനകയും ഓക്സ്ഫഡും ചേർന്ന് നിർമ്മിച്ചത് രണ്ട് വാക്സിനുകളാണ്. കൊറിയയിലെ എസ്.കെ. ബയോയും ആസ്ട്രസെനകയും ചേർന്ന് പുറത്തിറക്കിയ വാക്സിനാണ് ഒന്ന്. ആസ്ട്രസെനക ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പുറത്തിറക്കിയ വാക്സിനാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. ഇവയ്ക്ക് രണ്ടിനും 2021 ഫെബ്രുവരി 15 ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകി.
ജോൺസൺ ആൻഡ് ജോൺസൺ:Ad26.COV2.S എന്ന വാക്സിനാണ് ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയത്. 2021 മാർച്ച് 12 ന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു.
മോഡേണ വാക്സിൻ:മോഡേണയുടെ എം.ആർ.എൻ.എ. സാങ്കേതിക വിദ്യയിൽ നിർമ്മിച്ച വാക്സിനാണിത്. 2021 ഏപ്രിൽ 30 ന് ആണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.
സിനോഫാം വാക്സിൻ:ചൈനയിലെ ബീജിങ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സ് ആണ് സിനോഫാം വാക്സിൻ പുറത്തിറക്കിയത്. 2021 മേയ് ഏഴിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.
സിനോവാക് കൊറോണവാക്:ചൈനയിൽ നിന്നുള്ള സിനോവാക് ആണ് സിനോവാക് കൊറോണവാക് വാക്സിൻ നിർമ്മിച്ചത്. 2021 ജൂൺ ഒന്നിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു.
കൊവാക്സിൻ:ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു.2021 നവംബർ മൂന്നിനാണ് അനുമതി ലഭിച്ചത്.

ബ്ലാക്ക്‌ ഫംഗസ്‌

കറുത്തഫംഗസ്‌ എന്നറിയപ്പെടുന്ന മ്യുക്കർമൈക്കോസിസ്(Mucormycosis)ഫംഗസ്‌ ബാധ മൂലം 2021ൽ കേരളത്തിലും മരണം സ്ഥിതീകരിച്ചതോടെ കൊവിഡിന് ശേഷമുണ്ടാകുന്ന മറ്റൊരു ആരോഗ്യ പ്രശ്നമായി അത്‌ മാറുകയും കേരളം അതിന്റെ പേടിയിൽ അമർന്നിരുന്നു.അപൂർവമായ ഫംഗസ്‌(പൂപ്പൽ)രോഗമായ മ്യുക്കർമൈക്കോസിസ്‌ ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികളിൽ കാണപ്പെട്ടു.പ്രധിരോധ ശേഷി കുറയുന്നവരിലാണ് സാധാരണയായി മ്യുക്കർമൈക്കോസിസ് ഫംഗസ് രോഗം ഉണ്ടാകുന്നത്.പുതിയ രോഗമൊന്നുമല്ലെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നവരിൽ കാണപ്പെട്ടതാണ് പുതിയ കാലത്തു മ്യുക്കർമൈക്കോസിസിനെ ശ്രദ്ധയിലെത്തിച്ചത്.

സിക്ക വൈറസ്

കൊതുക് ജന്യ വൈറസ് രോഗങ്ങങ്ങളിൽ ഏറ്റവും ഭയപ്പെടുത്തുന്ന രോഗമായ സിക്ക വൈറസ് 2021ൽ കേരളത്തിലേക്ക് കടന്ന വന്നത് ഏറെ ഭയപ്പാടുണ്ടാക്കി.ഫ്ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്.രോഗ വാഹകരായ കൊതുക് കടിക്കുന്നത് മൂലം ഈ രോഗം പകരാൻ ഇടയാകുന്നു.അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്കുള്ള രോഗപ്പകർച്ച ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.വാക്സിനേഷനോ ഫലപ്രദമായ മരുന്നുകളോ ഇല്ലാത്തതിനാൽ ഇത് ഏറെ ഭയപ്പാടിന് കാരണമായി.

നിപ്പ വൈറസ് വീണ്ടും

പോയവർഷം കോവിഡ് വ്യാപനം വളരെ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിപ്പ വീണ്ടും കടന്ന് വരുന്നത്.12വയസ്സുള്ള കുട്ടിയിൽ ഇത് സ്ഥിതീകരിക്കുകയും ദൗർഭാഗ്യവശാൽ ലക്ഷണങ്ങൾ മൂർച്ഛിച്ച കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്യ്തത് ഏറെ ആശങ്കകൾക്ക് വഴിവെച്ചു.കൊവിഡിനെപ്പോലെ വളരെ വേഗം വ്യാപിക്കാൻ ഉള്ള ശേഷി നിപ്പയ്ക്ക് ഇല്ലാത്തതിനാൽ അത് ഏറെ പ്രശ്നങ്ങൾക്ക് വഴിവെച്ചില്ല.

അട്ടപ്പാടിയിലെ ശിശുമരണം

ശിശുമരണവും പോഷകാഹാരക്കുറവും അട്ടപ്പാടിയെക്കുറിച്ചുള്ള ചര്‍ച്ചകൾക്ക് 2021 സാക്ഷിയായി.ഗര്‍ഭിണികളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് ശിശുമരണങ്ങള്‍ക്ക് പ്രധാന കാരണമെന്ന് 2013ല്‍ യുണിസെഫ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചികിത്സ സൗകര്യങ്ങളുടെയും പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെയും കുറവും ഗതാഗത സൗകര്യങ്ങളുടെ അഭാവവും ശിശുമരണങ്ങളുടെ കാരണങ്ങളുടെ പട്ടികയിലുണ്ടായിരുന്നു.(2021ലെ അട്ടപ്പാടിയിലെ ശിശുമരണ നിരക്ക്-22,അബോർഷൻ -16,ചാപിള്ള -7,നവജാത ശിശു മരണം-8,ഗർഭസ്ഥ ശിശുമരണം-9,വീട്ടിലെ പ്രസവം-5).

പിജി ഡോക്ടർമാരുടെ സമരം

ജോലി ഭാരം കുറയ്ക്കണം,സ്റ്റൈപ്പൻഡ് വർദ്ധന, കൂടുതൽ നോൺ റസിഡന്‍റ് ഡോക്ടർമാരുടെ നിയമനം, ശമ്പളപരിഷ്കരണം നടപ്പാക്കൽ എന്നീ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഡോക്ടർമാർ നടത്തിവന്ന സമരത്തിന് 2021സാക്ഷിയായി.കൊറോണക്കാലത്തെ ഇത്തരത്തിലുള്ള സമരങ്ങൾ സാധാരണക്കാരെ സ്വകാര്യ ആശുപത്രികൾ സന്ദർശിക്കുന്നതിന് ഇടയാക്കി.
2022: മുന്നിലുള്ള വെല്ലുവിളികൾ

● കേരളത്തിലെ രോഗാതുരത കുറയ്ക്കുക എന്ന വലിയൊരു ചുമതലയാണ് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിര്‍വഹിക്കാനുള്ളത്. അതോടൊപ്പം കോവിഡാനന്തര രോഗങ്ങളുടെ വലിയൊരു വെല്ലുവിളിയും ഏറ്റെടുക്കാനുണ്ട്.
● അതുപോലെതന്നെ കൊതുകു നശീകരണം, ശുചിത്വസംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈഡിസ് കൊതുകുകളുടെ സാന്ദ്രത നിയന്ത്രിക്കാൻ കഴിയാതിരുന്നത് കൊണ്ടാണ് സിക വൈറസ് രോഗം കേരളത്തിൽ അടുത്തകാലത്തെത്തിയത്.ഈഡിസ് കൊതുകുകൾ പരത്തുന്ന കൂടുതൽ മാരകമായ മഞ്ഞപ്പനി (Yellow Fever) കേരളത്തിലെത്താനുള്ള സാധ്യത ഗൌരവമായി കണക്കിലെടുക്കേണ്ടതാണ്.
● രോഗപ്രതിരോധം, ആരോഗ്യ വിദ്യാഭ്യാസം, ഉചിതചികിത്സ, സ്വാന്ത്വാന പരിചരണം, പുനരധിവാസം എന്നിവയും പ്രാഥമികാരോഗ്യ തലത്തിൽ ലഭ്യമാക്കണം.
● കേരളത്തില്‍ 50 ലക്ഷത്തോളം വയോജനങ്ങളാണുള്ളത്.എന്നാല്‍ ആശുപത്രികളും പൊതുഇടങ്ങളും വയോജന സൗഹൃദമാക്കുവാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അടിയന്തര ചികിത്സാ സംവിധാനം (ട്രോമാ കെയര്‍), മാനസികാരോഗ്യ പരിപാലനം, അവയവദാനം, റോഡപകട നിയന്ത്രണം എന്നീ രംഗങ്ങളിലും നാമിനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്.
● വയോജന പരിപാലനത്തിനായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ വിഭാവനം ചെയ്തതുപോലെ താലൂക്ക്-ജില്ലാ ആശുപത്രികളില്‍ വയോജന ക്ലിനിക്കുകള്‍ തുടങ്ങണം.
● വിധവകളുടെ സംരക്ഷണത്തിനും പദ്ധതികളുണ്ടാകണം. ക്രിട്ടിക്കല്‍ കെയര്‍, മാനസികാരോഗ്യപരിപാലനം, ലഹരി മോചന ക്ലിനിക്കുകള്‍, ഐസൊലേഷന്‍ ചികിത്സ എന്നിവയ്ക്കും അര്‍ഹമായ പരിഗണന നല്‍കണം.
● നമുക്കാവശ്യമായ ഔഷധങ്ങള്‍ ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കാനാവശ്യമായ ഔഷധ ഗവേഷണ കേന്ദ്രം, വെറ്ററിനറി സര്‍വകലാശാലയുമായി സഹകരിച്ച് ജന്തുജന്യ രോഗ ഗവേഷണ കേന്ദ്രം തുടങ്ങിയവയും വരുംകാലങ്ങളില്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!