November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പട നയിക്കാന്‍ ഇനി ‘കിം​ഗ്’ ഇല്ല; ടെസ്റ്റ് നായക പദവിയും ഒഴിഞ്ഞ് വിരാട് കോലി

നിതിൻ ജോസ്

മുംബൈ: ട്വന്റി 20യില്‍ രാജിവെച്ചതിനും ഏകദിനത്തിലെ വിവാദ മാറ്റത്തിനും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി പദവിയും ഒഴിഞ്ഞ് വിരാട് കോലി .

ദ​ക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ പരമ്ബര അടിയറവ് വച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ കോലി പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ആത്മാര്‍ഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞു.
തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നല്‍കിയതിന് ബിസിസിഐക്കും നല്‍കിയ വലിയ പിന്തുണകള്‍ക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച്‌ ഈ വലിയ സ്ഥാനം ഏല്‍പ്പിച്ചതിന് എം എസ് ധോണിക്കും കോലി നന്ദി അറിയിച്ചു. നേരത്തെ, ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടൂര്‍ണമെന്റിന് ശേഷം കുട്ടി ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം താന്‍ ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഏകദിനത്തിലും കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കി. ഇതേച്ചൊല്ലി ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ വിവാദങ്ങളാണ് അരങ്ങേറിയത്.

കിം​ഗ് എന്ന് വിളിക്കുന്നത് വെറുതെയല്ല

തന്റെ ബാറ്റിം​ഗ് മികവ് കൊണ്ട് മാത്രമല്ല ആരാധകര്‍ കോലിക്ക് കിം​ഗ് എന്നൊരു വിളിപ്പേര് കൂടെ നല്‍കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ മഹാ വിജയങ്ങളിലേക്ക് നയിച്ചതിന്റെ പകിട്ടും കോലിക്കുണ്ട്. ടെസ്റ്റില്‍ ഇന്ത്യയെ ലോക ഒന്നാം നമ്ബറില്‍ എത്തിച്ച കോലി, ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ടീമിനെ എത്തിച്ചതിലും നിര്‍ണായക പങ്കുവഹിച്ചു. 2014ല്‍ ആണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോലി എത്തുന്നത്. ഓസ്ട്രേലയയില്‍ വച്ച്‌ ധോണി പാതി വഴിയില്‍ ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോലിയില്‍ ഇന്ത്യ പുതിയ കപ്പിത്താനെ കണ്ടു.
68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി അതില്‍ 40 എണ്ണത്തിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് വിരാടുള്ളത്. ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്നെയാണ് ആരാധകരെ ഞെട്ടിച്ചുള്ള ഈ പടിയിറക്കം. വിജയതൃഷ്ണയുള്ള അവസാനം വരെ വിജയത്തിനായി പോരാടുന്ന ഒരു സംഘത്തെ വാര്‍ത്തെടുക്കാന്‍ ആയി എന്നുള്ളതാണ് വിരാട കാലത്തിന്റെ ഏറ്റവും മികച്ച സവിശേഷത.

കോലിയും ബിസിസിഐയും

ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം തെരഞ്ഞെടുപ്പിനൊടുവില്‍ ഏകദിന നായക സ്ഥാനത്തു നിന്ന് സെലക്ടര്‍മാര്‍ പുറത്താക്കുകയായിരുന്നു. രോഹിത് ശര്‍മയെ ഏകദിന നായകനായി തെര‍ഞ്ഞെടുക്കുന്നുവെന്ന ഒറ്റവരിയില്‍ ബിസിസിഐ ആ തീരുമാനത്തെ ഒതുക്കി. കോലിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കൂടെ അനുവാദത്തോടെയാണ് തീരുമാനമെടുത്തതെന്നും വ്യക്തിപരമായി അദ്ദേഹത്തോട് സംസാരിച്ചുവെന്നും പറഞ്ഞ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വിഷയം മയപ്പെടുത്തിയെങ്കിലും അടുത്ത ട്വിസ്റ്റ് കോലിയുടെ വാര്‍ത്താസമ്മേളനമായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ടു മുമ്ബ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള തീരുമാനം സെലക്ടര്‍മാര്‍ ടീം തെരഞ്ഞെടുപ്പിന് ശേഷം അവസാനമാണ് അറിയിച്ചതെന്നും തന്നോട് ആരും ഇതേക്കുറിച്ച്‌ ആശയവിനിമയം നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ കോലി, ഗാംഗുലിയുടെ ഉത്തരം മുട്ടിച്ചു. പരസ്യ മറുപടി നല്‍കാന്‍ ഗാംഗുലി ഇതുവരെ തയാറായിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചേരികള്‍ രൂപപ്പെടുന്നതിന്‍റെ ഉദാഹരണമായിരുന്നു കോലിയുടെ തിരിച്ചടി.

error: Content is protected !!