ഇൻറർനാഷണൽ ഡെസ്ക്
ന്യൂഡൽഹി: ഒമിക്രോൺ വകഭേദം ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നതായുള്ള ഭീതി നിലനിൽക്കുന്നതിനിടെ ഇന്ത്യയിലും കേസുകളുടെ എണ്ണം കൂടുന്നു. ഇന്ത്യയിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 422 ആയി. ഒമിക്രോൺ വ്യാപനഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇപ്പോൾ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും അധികം ഒമിക്രോൺ രോഗികളുള്ളത്. 108 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയാണ് തൊട്ടുപിന്നിലുള്ളത്. 79 പേർക്ക് ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ഗുജറാത്ത് 43, തെലങ്കാന 41, തമിഴ്നാട് 34, കേരളം 38, കർണാടക 31 എന്നിങ്ങനെയാണ് സംസ്ഥനം തിരിച്ചുള്ള രോഗികളുടെ എണ്ണം. ഒമിക്രോൺ ബാധിച്ച 130 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.
കോവിഡ് 19ന്റെ ഒമിക്രോൺ വകഭേദം യൂറോപ്പിൽ പിടിമുറുക്കുകയാണെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലും ഇറ്റലിയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഫ്രാൻസിൽ തുടർച്ചയായി മൂന്നാം ദിവസവും കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് നിൽക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,04,611 കേസുകളാണ് ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലെ പല രാജ്യങ്ങളിലെയും കോവിഡ് കേസുകൾ വർധിക്കുന്നതിന് കാരണം വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ വകഭേദമാണെന്നാണ് സൂചന. യൂറോപ്പിൽ പല രാജ്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ജനുവരി ആദ്യ ആഴ്ചയോടെ ഒമിക്രോൺ കൂടുതൽ പിടിമുറുക്കുമെന്നും ഇതോടെ രോഗികളുടെ എണ്ണം വീണ്ടും വർധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ക്രമേണ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ജനുവരി അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ജനുവരി 10 മുതൽ രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകും. ബൂസ്റ്റർ ഡോസായി കിട്ടുക മറ്റൊരു വാക്സിനായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഒരേ വാക്സിന്റെ രണ്ട് ഡോസ് ആണ് സ്വീകരിച്ചിരിക്കുക. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വാക്സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കും. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും ഒപ്പം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക.
ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ കുറയാതെ നിൽക്കുകയും ഒപ്പം വാക്സിനേഷനിൽ പിന്നോക്കം നിൽക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കും. കേരളം ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് പ്രത്യേക സംഘം എത്തുക.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക