November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അടുക്കളയിൽ നിന്നൊരു പാഠം

ജോബി ബേബി,(നഴ്‌സ്‌,കുവൈറ്റ്)

തനിക്കുണ്ടായ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ച് വിവാഹിതയായ മകൾ വന്ന് അമ്മയോട് പരാതി പറയുകയായിരുന്നു.ദൈവഭക്തയായ അമ്മ മകളെ ഒരു പ്രായോഗിക പാഠം പഠിപ്പിക്കാനായി ഉടനെ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി.അടുക്കളയിൽ അമ്മ മൂന്ന് പത്രങ്ങളിൽ ഒരേ പോലെ വെള്ളം എടുത്തിട്ട് അവ തിളയ്ക്കാൻ വച്ചു.ആദ്യപത്രത്തിലെ വെള്ളത്തിൽ അമ്മ ഒരു ഉരുളക്കിഴങ്ങും രണ്ടാമത്തേതിൽ ഒരു മുട്ടയും മൂന്നാമത്തേതിൽ കാപ്പിപൊടിയും ഇട്ടു.വെള്ളം തിളച്ചുകഴിഞ്ഞപ്പോൾ മൂന്ന് പാത്രങ്ങളും അമ്മ വാങ്ങി വച്ചു.എന്നിട്ടമ്മ ഇങ്ങനെ വിശദീകരിച്ചു.
“മോളെ,നോക്ക്.മൂന്ന് പത്രങ്ങളിലും ഒരേ പോലെ വെള്ളം.മൂന്നും ഒരേ സമയം ചൂടാക്കി.മൂന്നൂം തിളച്ചു.ചൂട് പ്രതികൂല സാഹചര്യത്തെ സൂചിപ്പിക്കുന്നു.

എന്നാൽ ഒരേപോലെ പ്രതികൂല സാഹചര്യം വന്നപ്പോൾ മൂന്ന് വസ്തുക്കളും മൂന്ന് തരത്തിലാണ് പ്രതികരിച്ചത്.ഉരുളക്കിഴങ്ങ് ആദ്യം നല്ല കട്ടിയുള്ളതായിരുന്നു.എന്നാൽ തിളച്ച വെള്ളത്തിലൂടെ കടന്ന് പോയപ്പോൾ,ഇപ്പോൾ തൊട്ട് നോക്കൂ.ഇപ്പോൾ അത്‌ അങ്ങേയറ്റം മൃദുവും മാർദ്ദവമുള്ളതുമായി തീർന്നിരിക്കുന്നു.എന്നാൽ മുട്ടയുടെ കാര്യം നോക്കൂ,പച്ചമുട്ടയുടെ ഉൾഭാഗം വെള്ളം പോലെയാണെന്ന് നിനക്കറിയാമല്ലോ,പക്ഷേ തിളച്ചവെള്ളത്തിൽ കിടന്നതിനുശേഷം അതിന്റെ തോട് മാറ്റിനോക്കൂ.മുട്ടയുടെ ഉൾവശം തികച്ചും കട്ടിയുള്ളതായി.പ്രതികൂല സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ നീ ഉരുളക്കിഴങ്ങുപോലെ മൃദുലമാവുകയാണോ അതോ മുട്ടപോലെ കഠിനമാവുകയാണോ?സാഹചര്യം ഒന്ന്;പക്ഷേ പ്രതികരണം രണ്ട് വിധത്തിൽ.ദൈവം നമ്മെ കൂടുതൽ മർദ്ദവമുള്ളവരാക്കാൻ പ്രതികൂല സാഹചര്യത്തിലൂടെ കടത്തിവിടുമ്പോൾ നീ ഏതു വിധത്തിൽ പ്രതികരിക്കുന്നു?

മൂന്നാമത്തെ പാത്രത്തിലെ കാപ്പിപ്പൊടി തിളച്ച വെള്ളത്തിലൂടെ കടന്ന് പോയപ്പോൾ അത്‌ അതിന്റെ രുചിയും സ്വാദും ആ വെള്ളത്തിന് നൽകി സ്വയം ഇല്ലാതായി.പ്രതികൂല സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ നമ്മിൽ നിന്നും ഉയരുന്ന ഗന്ധം എന്താണ്?നാം മറ്റുള്ളവരെ രുചിപ്പെടുത്തുന്നവരാകുന്നുണ്ടോ”?.അമ്മ പറഞ്ഞു നിർത്തി.അടുക്കളയിൽ നിന്ന് പഠിച്ച പാഠം നൽകിയ തെളിഞ്ഞ മുഖത്തോടെ മകൾ ഭതൃഗൃഹത്തിലേക്ക് സന്തോഷത്തോടെ മടങ്ങി.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

error: Content is protected !!