Times of Kuwait
ജനീവ : മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു തീവ്രമായതാണ് ഒമിക്രോൺ എന്ന് കരുതാനാവില്ലെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥൻ മൈക്കൽ റയാൻ. ‘ഇപ്പോഴത്തെ വാക്സീന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാൾ കഴിയുമ്പോൾ നിലവിലെ വാക്സീനുകൾക്ക് ഒമിക്രോണിനെ ചെറുക്കാൻ പറ്റാതെ വന്നേക്കാം. ഒമിക്രോൺ വകഭേദത്തിന്റെ ആദ്യ നാളുകളാണ് എന്നതുകൊണ്ട് അവ പുറത്തുവിടുന്ന സൂചനകൾ നമ്മൾ വ്യാഖ്യാനിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം’- റയാൻ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് വിഭാഗത്തിന്റെ ഡയറക്‌ടറായ റയാൻ രാജ്യാന്തര വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു. ‘വളരെ തീവ്രമായ വകഭേദം അല്ല ഒമിക്രോൺ എന്നാണ് പ്രാഥമിക നിഗമനങ്ങൾ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. വാക്സീനുകളെ മറികടന്ന് മനുഷ്യശരീരത്തിൽ ഒമിക്രോൺ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തിൽ കൂടുതൽ പേരിലേക്ക് പകരുന്നതിനാണ് സാധ്യത. പഴയ വകഭേദങ്ങളുമായാണ് അവ ഏറ്റുമുട്ടുന്നത്. അതിൽ പുതിയതിന് മുൻതൂക്കം ലഭിക്കുന്നു. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന, ഫലപ്രദമായ വാക്സീനുകൾ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാർഗങ്ങൾ തയാറാണ്.
പുതിയ വകഭേദങ്ങൾ രൂപാന്തരം പ്രാപിക്കുന്നെങ്കിലും ഇതുവരെ കോവിഡിനെ നേരിടാൻ സ്വീകരിച്ച പ്രതിരോധ നടപടികൾ തുടരണം. വാക്സീനുകൾ, മാസ്കുകൾ, സാമൂഹിക അകലം എന്നീ കരുതൽ നടപടികൾക്കാണ് ശ്രദ്ധ നൽകേണ്ടത്. വൈറസ് അതിന്റെ പ്രകൃതം മാറ്റിയെന്ന് പറയാൻ കഴിയില്ല. പക്ഷേ മാറ്റം വന്നിരിക്കുന്നത് അതിന്റെ വ്യാപനശേഷിയിലാണ്. അതു നമ്മൾ ശ്രദ്ധിക്കണം’- റയാൻ കൂട്ടിച്ചേർത്തു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക