Times of Kuwait
ജൊഹനാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ ഒറ്റ ദിവസത്തിനുള്ളിൽ ഒമിക്രോൺ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയായി. ഒമിക്രോൺ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ഒരാഴ്ച മുൻപാണ്. എന്നാൽ നവംബർ എട്ടിന് ദക്ഷിണാഫ്രിക്കയിലെ മറ്റൊരു നഗരമായ ഗൗടെങിൽ ഇതേ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. 24 രാജ്യങ്ങളിൽ ഇതുവരെ വൈറസ് കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നു വരുന്നവരുടെ വിവരങ്ങൾ നൽകണമെന്ന് എയർലൈൻ കമ്പനികളോട് യുഎസ് ആവശ്യപ്പെട്ടു. സ്വന്തം പൗരൻമാരുൾപ്പെടെ രാജ്യത്ത് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കാൻ യുഎസ് ആലോചിക്കുന്നു.
ഇതിനിടെ, കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് പടരുകയാണ്. സൗദി അറേബ്യ, നോർവേ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. 56 രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ നടപടികൾ കടുപ്പിക്കുന്നു. രണ്ടാമതും ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതോടെ ജപ്പാൻ ഈ മാസം അവസാനംവരെ വിദേശയാത്രക്കാരെ വിലക്കി. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും മറ്റു രാജ്യങ്ങളിലേക്ക് ജപ്പാൻ വഴി കടന്നു പോകുന്നവർക്കും തൽക്കാലം വിലക്കില്ല. മടങ്ങിയെത്തുന്ന ജപ്പാൻ സ്വദേശികൾ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയണം.
യുകെയിൽ 22 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തു. ഇതോടെ, ബൂസ്റ്റർ വാക്സിനേഷൻ വേഗത്തിലാക്കി. 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സീൻ നൽകാനുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ഊർജിതമാക്കി. വൈറസിനെ പ്രതിരോധിക്കാൻ വാക്സീന് സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആഹ്വാനം ചെയ്തു. ജപ്പാൻ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി. ഒമിക്രോൺ ആശങ്കയെ തുടർന്ന് മലേഷ്യ 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം നിർത്തിവച്ചു. അയർലൻഡിലും പുതുതായി ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക