സാജു സ്റ്റീഫൻ
കുവൈറ്റ് സിറ്റി : മോഹൻലാൽ നായകനാകുന്ന ചരിത്രസിനിമ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി നാലായിരത്തിലധികം തീയറ്ററുകളിൽ ലോകമെമ്പാടും റിലീസ് ചെയ്യുന്നു. സുനിൽഷെട്ടി, അർജുൻ സർജ, പ്രഭു, സുഹാസിനി, മഞ്ജു വാരിയർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ള വമ്പൻ താരനിരയാണ് മോഹൻലാലിനൊപ്പം അണിനിരക്കുന്നത്.
നൂറുകോടി രൂപ നിർമാണച്ചെലവ് ഉള്ള ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം പ്രീ ബുക്കിംഗ് വഴി റിലീസിന് മുമ്പ് നൂറുകോടിയിലധികം നേടിയിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി ബഹുമതികൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം ഒരു ദൃശ്യവിസ്മയം ആകും എന്നുള്ളത് ഉറപ്പാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ' ലാൽ കെയെഴ്സിന്റെ ' നേതൃത്വത്തിൽ ' മരയ്ക്കാർ ' റിലീസിനായി വൻ തയ്യാറെടുപ്പുകൾ ആണ് കുവൈറ്റിൽ നടത്തുന്നത്. ഇന്ന് രാത്രി 9: 30ന് പ്രത്യേക ഫാൻസ് ഷോയോടു കൂടി ചിത്രത്തിൻറെ പ്രദർശനം കുവൈത്തിൽ ആരംഭിക്കുമെന്ന് 'ലാൽ കെയെഴ്സ് ' പ്രസിഡൻറ് ആർ . ജെ രാജേഷ് ടൈംസ് ഓഫ് കുവൈറ്റിനോട് പറഞ്ഞു. ഇതിനകം 12 ഫാൻസ് ഷോകളാണ് ലാൽ കേയെഴ്സിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലീസ് ദിവസം തന്നെ നടത്തുന്ന 8 ഫാൻസ് ഷോകളും വെള്ളിയാഴ്ച വൈകിട്ട് 5.30ന് ക്രമീകരിച്ചിരിക്കുന്ന ലേഡീസ് സ്പെഷ്യൽ ഫാൻസ് ഷോ ഉൾപ്പെടെ ആകെ 12 ഫാൻസ് ഷോകൾ സംഘടനയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ടന്ന് സെക്രട്ടറി ഷിബിൻ ലാൽ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തിലധികം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചാണ് ഡിസംബർ രണ്ടിന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തുന്നത്. ഇതിനകം റിലീസ് ചെയ്ത ടീസറുകളും ട്രെയിലറുകളും നൽകുന്ന സൂചന പ്രകാരം ചിത്രം മലയാള സിനിമ ഇതുവരെ കാണാത്ത അനുഭവം പ്രദാനം ചെയ്യും എന്ന് തന്നെയാണ്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു