ജോബി ബേബി,(നഴ്‌സ്,കുവൈറ്റ്)
ജർമ്മനി കൊടും ശൈത്യത്തിന്റെ പിടിയിലമർന്നിരിക്കുന്നു.നേരം സന്ധ്യയായതോടെ തണുപ്പും കൂടി.പക്ഷേ പാതയോരത്തെ ആ വീട്ടിൽ നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നതിന്റെ കാരണം കാലാവസ്ഥയായിരുന്നില്ല.മറിച്ചു അതീവ ദുഃഖകരമായ ഒരു സംഭവം ആ വീട്ടിൽ നടന്നിട്ട് അധിക ദിവസം ആയില്ല എന്നതിനാൽ ഗൃഹനാഥനും വീട്ടമ്മയും ആ വിഷാദ സന്ധ്യയിൽ നിശ്ശബ്ദരായി,ദുഃഖാകുലരായി വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു.കോൺറാഡും ഭാര്യ ഉർസുലുമായിരുന്നു ആ വീട്ടിലെ അന്തേവാസികൾ.ചില ദിവസങ്ങൾക്ക് മുൻപ് അവരുടെ ഒരേയൊരു മകൻ മരിച്ചുപോയതിന്റെ ദുഃഖത്തിലായിരുന്നു അവർ.
ആ സന്ധ്യയിൽ പെട്ടന്ന് അവരുടെ വീടിന് മുൻപിൽ നിന്ന് ശ്രുതിമധുരമായ ഒരു ഗാനം ഉയർന്നു.അവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ഒരു പാവം ബാലൻ സഹായം അഭ്യർത്ഥിച്ചു വന്നതാണ്.ഈ തണുപ്പത്തിങ്ങനെ നിന്നാൽ ഈ കുഞ്ഞിന്റെ തൊണ്ട അടച്ചുപോകുമല്ലോ എന്നാണാവർ ആദ്യം ഓർത്തത്.ഉർസുല ആ ബാലനെ വീട്ടിനുള്ളിലേക്ക് വിളിച്ചു.ചിമ്മിനിക്കരികിലിരുന്നു തണുപ്പ്മാറ്റികൊണ്ടിരിക്കെ ആ ബാലന് അവർ ഭക്ഷണവും നൽകി.അതവൻ ആർത്തിയോടെ കഴിച്ചുകൊണ്ട് “പിതാവ് മരിച്ചുപോയതിനാൽ തനിക്ക് ഭക്ഷണവും വസ്ത്രവും നൽകാൻ ആരുമില്ലെന്ന്”സ്വന്തം അനുഭവം വിവരിച്ചു.
ഭക്ഷണം കഴിഞ്ഞപ്പോൾ ദയ തൊന്നിയ കോൺറാഡും ഉർസുലയും അവനെ അന്നവിടെ കിടക്കാൻ ക്ഷണിച്ചു.മരിച്ചു പോയ തങ്ങളുടെ മകന്റെ മുറിയിലാണ് അവർ ആ രാത്രി ആ ബാലന് നൽകിയത്.അവൻ ഉറങ്ങാൻ പോയിക്കഴിഞ്ഞപ്പോൾ കോൺറാഡും ഉർസുലയും മരിച്ചുപോയ ഈ മകന്റെ സ്ഥാനത്തു ഈ കുട്ടിയെ ദത്തടുത്താലോ എന്ന് ആലോചിച്ചു.എന്നാൽ അവനത് സമ്മതിക്കുമോ എന്നായിരുന്നു അവരുടെ ആശങ്ക.പിറ്റേന്ന് രാവിലെ അവർ ആ വിവരം ബാലനോട് പറഞ്ഞു.അവൻ സന്തോഷത്തോടെ അത് സമ്മതിച്ചു.അങ്ങനെ അവൻ അവരുടെ മകനായി അവരോടൊപ്പം താമസം തുടങ്ങി.അങ്ങനെ അവനെ സ്കൂളിൽ അയച്ചു.മുതിർന്നപ്പോൾ അവൻ വളർന്ന് ഒരു കത്തോലിക്കാ പുരോഹിതനായി.അത് ആരാണെന്നാണോ?പിന്നീട് പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തിന് നേതൃത്വം നൽകിയ മാർട്ടിൻ ലൂഥറായിരുന്നു ആ ബാലൻ.അന്ന് അവർ ആ ബാലന് അഭയം നൽകിയിരുന്നില്ലെങ്കിലോ?ദൈവീക നടത്തിപ്പുകൾ എത്ര മനോഹരം!
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ