Times of Kuwait – കുവൈറ്റ് വാർത്തകൾ
ബെയ്ജിങ്: കോവിഡിന്റ പിടിയില്‍ നിന്ന് ലോകം പതിയെ പഴയ ജീവിതത്തിലേക്ക് തിരികെ വരികയാണ്. എന്നാല്‍ എല്ലാവരെയും ഭീതിയിലാഴ്ത്തിക്കൊണ്ട് ലോകത്തിന്റെ പല ഭാഗത്തും കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു.
ചൈന, റഷ്യ, യുകെ, സിംഗപൂര്‍, ഉക്രൈന്, കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങള്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘനയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യുകെയിലാണ് (283,756 കേസുകള്‍). 14 ശതമാനം വര്‍ദ്ധനവാണ് യുകെയില്‍ ഉണ്ടായിരിക്കുന്നത്. ജൂലൈ 17 ന് ശേഷം യുകെയില്‍ ആദ്യമായിട്ടാണ് 50,000 ലധികം കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത്. യുകെ ഹെല്‍ത്ത് ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എവൈ.4.2 ഡെല്‍റ്റ-ലീനിയേജ് അഥവാ ഡെല്‍റ്റ പ്ലസ് എന്ന പുതിയ വകഭേദമാണ് ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണം.
റഷ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. റഷ്യയില്‍ 217,322 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഈ ആഴ്ചയുടെ അവസാനത്തോടെയോ അടുത്ത ആഴ്ചയുടെ തുടക്കത്തോടെയോ കോവിഡ് കേസുകളില്‍ ചരിത്രത്തിലെ റഷ്യയുടെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും രേഖപ്പെടുത്തുകയെന്ന് മേയര്‍ സെര്‍ജി സോബിയാനിന്‍ ഒരു റഷ്യന്‍ ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 7 വരെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ചൈനയിലും സമാനമായ രീതിയില്‍ കേസുകളുടെ വര്‍ദ്ധന ഉണ്ടായി. ഇതു കാരണം സ്കൂളുകള്‍ അടച്ചു. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ചൈനയില്‍ നിലവിലെ സ്ഥിതി കണക്കിലെടുത്ത് പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക