റീന സാറാ വർഗീസ്
വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്ത് പറഞ്ഞ സംഭവം ഓർമയിൽ തെളിയുന്നു. ചെറിയ കുട്ടിയേയും കൊണ്ട് വഴിയോര കച്ചവടം നടത്തുകയായിരുന്നു വൃദ്ധയായ ഒരു സ്ത്രീ. കുട്ടികൾക്കായി സ്വയം ഉണ്ടാക്കിയ ചെറിയ പാവകളും പച്ചക്കറികളും വിറ്റായിരുന്നു അവർ ഉപജീവനമാർഗ്ഗം തേടിയിരുന്നത്.
ചെറിയ കുട്ടിയെ തോർത്ത് വിരിച്ച് സമീപം കിടത്തിയിരുന്നു. അതും കൊടിയ വേനലിൽ. നഗര മദ്ധ്യത്തിൽ ആയതുകൊണ്ടുതന്നെ ആരും അവരെ ശ്രദ്ധിച്ചിരുന്നില്ല. അവർക്ക് സമീപം കുട്ടി വിശന്നു നിലവിളിക്കുന്നു. ആരും അവരുടെ നേർക്ക് നോക്കിയതു പോലുമില്ല.
അപ്പോഴാണ് മുന്തിയ കാറിൽ വന്നിറങ്ങിയ ഒരു വ്യക്തി ആ സ്ത്രീയോട് പാവയ്ക്കു വേണ്ടി വിലപേശുന്നത് കണ്ടത്. സാധുവായ അവർ, അയാൾ പറഞ്ഞ വിലയ്ക്ക് പാവകളെ കൊടുത്തു. ദാരിദ്ര്യം മാത്രം കൈമുതലായുള്ള അവരുടെ ഒരു നേരത്തെ അന്നത്തിനായിരുന്നു അയാൾ വിലപേശിയത്. ദാരിദ്ര്യത്തിന് നേർക്കുള്ള വിലപേശൽ.
സുഹൃത്ത് മറ്റൊരു ആവശ്യത്തിന് നഗരത്തിൽ എത്തിയതായിരുന്നു. അവരോട് അനുകമ്പ തോന്നി കാര്യങ്ങൾ തിരക്കിയപ്പോൾ മകനും മരുമകളും രോഗബാധിതരായി മരിച്ചുപോയി എന്നും ആരുമില്ലാത്ത അവരുടെ ഏക മകളെ നോക്കേണ്ട ചുമതല വയോധികയായ അവരിലും ആയെന്ന് കണ്ണീർ വറ്റിയ കണ്ണുകളോടെ അവർ പറഞ്ഞു.
പിന്നീട് സുഹൃത്ത് അവരിരുവരേയും സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പലതും കണ്ടിട്ടും കാണാതെ പോകുന്നു. ഇതൊക്കെ എത്രയോ കണ്ടിട്ടുള്ളതാണ് എന്ന മട്ടിൽ അവഗണിക്കുന്നു. അതിനിടയിലും കള്ളം കാണിക്കുന്നവർ ഉണ്ടാവാം. അതിപ്പോൾ എവിടെയായാലും അങ്ങനെ ഉള്ളവർ ഉണ്ട് എന്നുള്ളതാണ് വാസ്തവം.
വലിയകടകളിലോ മരുന്നു വിൽപ്പനശാലകളിലോ ആശുപത്രികളിലോ സാധാരണ ആരും വിലപേശി കണ്ടിട്ടില്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ള അർദ്ധ മുഴുപ്പട്ടിണിക്കാരോട് വിലപേശൽ എന്നുള്ളത് തീർത്തും മാറ്റിവയ്ക്കേണ്ടതു തന്നെയാണ്. അവരിൽ നിന്നും മുഖം തിരിക്കാതെ അവർ ഉണ്ടാക്കി വച്ചിരിക്കുന്ന വില്പന വസ്തുക്കൾ വാങ്ങി സഹായിക്കാൻ നമുക്ക് ആകും. വിശപ്പിൻ്റെ വിളിയും വിലയും അറിഞ്ഞവർ ഒരിക്കലും അത്യാർത്തി കാണിക്കില്ല.
ഭക്ഷണം തേടിയുള്ള അലച്ചിലിലാണ് ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യം. പട്ടിണിയുടെ രൗദ്രഭാവം ആരേയും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നല്ല. അനുഭവവേദ്യമായാൽ മാത്രം മനസ്സിലാകുന്ന ഒന്നാണ്.
കടന്നുപോകുന്ന ഇടങ്ങളിൽ നമുക്കു നേരെ കൈനീട്ടുന്നവർക്ക് ഒരു നേരത്തെ അന്നദാതാക്കളാകാം സഹജീവികളോട് കരുണ കാട്ടാം.
സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ