റീന സാറാ വർഗീസ്
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേരു പുതുക്കാൻ പോയിരുന്ന അമ്മയെ ആണ് ഇന്നു് സ്മൃതിസഞ്ജയം മുകരുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂർത്തിയാക്കിയ അമ്മയുടെ കൈയിൽ തൂങ്ങി ആ യാത്രയ്ക്കിടയിൽ അഞ്ചുവയസ്സുകാരിയായ ഏകമകളും ഉണ്ടായിരുന്നു.
ടാക്സിയോ മറ്റു സൗകര്യങ്ങളോ സുലഭമല്ലാതിരുന്ന ഒരു കാലത്ത്, വികൃതികൾക്ക് ഒട്ടും കുറവില്ലാത്ത മകളേയും കൊണ്ടുള്ള യാത്രകൾ അത്ര സുഗമമല്ലായിരുന്നു. കാരണം തിരക്കുപിടിച്ച ബസ്സുകൾ മാറിക്കയറുക എന്നുതന്നെ ഏറെ ആയാസമേറിയതായിരുന്നു. പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഓടിട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനു മുന്നിലെ നീണ്ട നിരയുടെ ഒരറ്റത്ത് കൊടുംവെയിലും മഴയും തൃണവൽഗണിച്ചുള്ള നിൽപ്പും സുഖമുള്ളതായിരുന്നില്ല.
പിന്നീടു് വളർച്ചയുടെ പടവുകളിൽ എപ്പോഴോ അഞ്ചു വയസ്സുകാരിയുടെ ഓർമയിൽ നിന്ന്
അമ്മയുടെ ആ യാത്രകൾ മാഞ്ഞു.
പ്രവാസിയായ ഏകമകൻ്റെ ഭാര്യപദം അലങ്കരിച്ചിരുന്ന, ഇരുപതുകളിലൂടെ സഞ്ചരിച്ചിരുന്ന പെൺകുട്ടി, ഭർതൃമാതാപിതാക്കളുടെ സംരക്ഷണം സന്തോഷത്തോടെ ഏറ്റെടുത്തു.
ഇതിനിടയിൽ കൂട്ടുകാരിൽ പലർക്കും ജോലി ലഭിച്ചു. മക്കളെ വളർത്തി വലുതാക്കാൻ ഇഷ്ടങ്ങൾ പലതും സന്തോഷത്തോടെ ത്യജിച്ചു. അമ്മയുടെ നടക്കാതെ പോയ സ്വപ്നങ്ങൾ പലതും മക്കളിലൂടെ കണ്ടു. പക്ഷേ അവയൊന്നും അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല എന്നതായിരുന്നു ഏറ്റവും വലിയ ഭാഗ്യം.
അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ, ആണ് പോകേണ്ടിടത്തും, പെണ്ണു പോകേണ്ടിടത്തും തനിയെ പോയി. ഏറ്റെടുത്ത കാര്യങ്ങളെല്ലാം ഭംഗിയായി നിർവഹിച്ചു. വീട്ടമ്മ എന്ന തിരക്കിനിടയിൽ ജോലി എന്നുള്ള സ്വപ്നം മറന്നിരുന്നു.
മകൻ്റെ ഭാര്യയായി വന്നു കയറിയ പെൺകുട്ടിയെ സ്വന്തം മകളെ പോലെ സ്നേഹിച്ച മാതാപിതാക്കൾ ആയിരുന്നു അമ്മയുടെ മഹാഭാഗ്യം. അന്നത്തെ കാലത്ത് മറ്റുപലർക്കും ലഭിക്കാത്ത വലിയ അനുഗ്രഹവും. പരാതിയും പരിഭവവും പറയാതെ നിശ്ശബ്ദം ആഗ്രഹങ്ങൾ മാറ്റിവച്ചു.
അക്കാലത്ത് യഥാസ്ഥിതിക കുടുംബപശ്ചാത്തലത്തിൽ ചുറ്റപ്പെട്ടു കിടന്നവർ, ദുരുപയോഗം ചെയ്യില്ലെന്ന ഉറപ്പോടെ മക്കൾക്കു തന്നിരുന്ന സ്വാതന്ത്ര്യം തിരിഞ്ഞു നോക്കുമ്പോൾ വിസ്മയിപ്പിക്കുന്നുണ്ട്!!
പല പ്രതിസന്ധിഘട്ടങ്ങളേയും ധൈര്യത്തോടെ തരണം ചെയ്യാനുള്ള കരുത്തുണ്ടായത് അമ്മ പകർന്നു തന്ന ബലം. ആരെന്തു പറഞ്ഞാലും പെട്ടെന്നു കരഞ്ഞിരുന്ന, വ്രീളാവതിയായി അമ്മയുടെ സാരിത്തുമ്പിൽ മറഞ്ഞിരുന്ന വെറും സാധാരണ പെൺകുട്ടിയിൽ നിന്നു് കാലം ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നു.
അജഗജാന്തരം എന്നു് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല! അനുഭവങ്ങളിലൂടെ എത്രയോ ദൂരം സഞ്ചരിച്ചതിൻ്റെ വിസ്മയാവഹമായ മാറ്റം!
കാണുന്നതും കേൾക്കുന്നതുമായ ജീവിതങ്ങൾ ഒരു ദിവസം പോലും മുടങ്ങാതെ ഇന്നും അമ്മ പകർത്തി വയ്ക്കുന്നു. ആഴ്ചയിൽ ഒരു ബുക്ക് എന്നതാണ് കണക്ക്. ഉമ്മറത്തെ നീളൻ വരാന്തയിൽ തൂണിൽ ചാരിയിരുന്നുള്ള എഴുത്ത്. മൂവന്തിയിൽ വിടരുന്ന ചെമ്പകപ്പൂവിൻ്റെ സുഗന്ധം കാറ്റിൽ ഒഴുകി വരുന്നതിനൊപ്പം ദിനകുറിപ്പുകളും ബുക്കിലേക്ക് ഒഴുകിയിറങ്ങും.
ഈ താളിലെ എഴുത്തുകൾ തുടരണമെന്നും എഴുതുമ്പോൾ മറ്റൊരാളെ വിഷമിപ്പിക്കാതെ എഴുതണമെന്നും ഓർമ്മിപ്പിക്കും.
അനന്തകോടി നക്ഷത്രങ്ങൾക്കു താഴെ, പഞ്ചഭൂതങ്ങൾക്കിടയിൽ,
അമ്മ എന്ന ചാലകശക്തിയും പ്രവാസിയായിരുന്ന ഒരു പിതാവും ഹോമിച്ച സ്വപ്നങ്ങളിൽ സ്ഫുടം ചെയ്തെടുത്ത മൂന്നു പെൺകുഞ്ഞുങ്ങളിൽ ഒരുവൾ ലോകത്തോട് പറയുന്നു.
“ഇത് അവരുടെ സ്വപ്നസാക്ഷാത്കാരം”
സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ