റീന സാറാ വർഗീസ്
കഴിഞ്ഞദിവസം കണ്ട ഒരു വീഡിയോയും അതിനു താഴെ വന്ന വാർത്തയും മനസ്സിൽ നിന്നു് മായുന്നില്ല. അന്ധനായ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നു. അതും ഏറ്റവും ശ്രേഷ്ഠനായ, ആദരിക്കേണ്ട വ്യക്തിത്വത്തിനു മുന്നിൽ നിന്ന്.
ഏതോ വലിയ കാര്യം ചെയ്യുന്നു എന്ന മട്ടിൽ പാട്ടുകൾ തിരുകിക്കയറ്റി, ഞൊടിയിട കൊണ്ട് എത്ര നിസ്സാരമായാണ് പുറം ലോകത്ത് എത്തിച്ചത്. അപകടകാരിയായ വൈറസ് എന്നപോലെ സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ
വ്യാപകമായി പ്രചരിക്കാൻ അധികസമയം വേണ്ടി വന്നില്ല. കാഴ്ചയില്ലാത്ത അദ്ദേഹം അത് അറിഞ്ഞിരുന്നില്ല എന്നതാണ് ഏറെ വേദനിപ്പിച്ചത്.
മറ്റൊരു സംസ്ഥാനത്താണ് സംഭവം നടന്നത് എങ്കിലും എഴുതാതിരിക്കാൻ ആകുന്നില്ല. .
മഹത്തായ പാരമ്പര്യവും സംസ്കാരവും കൊണ്ട് സമ്പന്നവും അനുഗ്രഹീതവുമായ ഒരു നാട്. അവിടെയാണ് ഇത്തരത്തിലുള്ള ലജ്ജാവഹമായ സംഭവം അരങ്ങേറിയത്. അജ്ഞാനമാകുന്ന ഇരുട്ടിനെ അകറ്റി വെളിച്ചമാകുന്ന വിദ്യയെ പകർന്നു നൽകുന്നു ഗുരുക്കന്മാർ. ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളിൽ ഒരാൾ.
കുട്ടികൾ മാതൃകയുള്ളവരായി വളർന്ന് നാളെയുടെ നല്ല പൗരന്മാരായി തീരണം എന്നുതന്നെയാണ് മാതാപിതാക്കൾക്ക് ഒപ്പം നല്ല അദ്ധ്യാപകരും ആഗ്രഹിക്കുന്നത്. പരീക്ഷകളുടെ വിജയങ്ങൾ മാത്രമല്ല ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നു കൂടി അവർ കാണിച്ചും പഠിപ്പിച്ചും തരുന്നു. സാമൂഹിക നന്മയിലും ലക്ഷ്യബോധത്തിലും തങ്ങളുടെ ശിഷ്യഗണങ്ങൾ ആയിത്തീരണമെന്ന് അവർ ആഗ്രഹിക്കുന്നു.
ശിഷ്യർ അപകടത്തിലേക്ക് പോകുന്നു എന്ന് അറിയുമ്പോൾ ഏതൊരു അദ്ധ്യാപകനും ശാസിക്കുകയും ചിലപ്പോൾ ശിക്ഷിക്കുകയും ചെയ്തുവെന്ന് വന്നേക്കാം. ഒരിക്കലും വിദ്വേഷമോ പകയോ മൂലം ആയിരിക്കില്ല. ഇതിനോടുള്ള കുട്ടികളുടെ ധാരണയും മനോഭാവവും ഇന്ന് മാറിയിരിക്കുന്നു.
അദ്ധ്യാപകർ കുട്ടികളോട് ഗൗരവത്തിൽ പെരുമാറുന്നത് അവരുടെ ഉയർച്ച കരുതിയാണ്. പലപ്പോഴും കുട്ടികളിൽ ഇത് തെറ്റിദ്ധാരണ ഉളവാക്കുന്നുണ്ട്. പ്രത്യേകിച്ച് മൊബൈലുകളുടെ അതിപ്രസരം ഏറിയ ഈ കാലത്ത്.
വർഷങ്ങൾ പുറകോട്ടു പോയാൽ അദ്ധ്യാപകർ മക്കളെ ശാസിച്ചു എന്ന് കേൾക്കുമ്പോൾ, ശാസന അല്പം കുറഞ്ഞു പോയില്ലേ എന്ന് തിരികെ ചോദിച്ചിരുന്ന മാതാപിതാക്കൾ ആയിരുന്നു അധികവും.
തെറ്റുകൾ കാണുമ്പോൾ വിലക്കുന്ന, അരുത് എന്ന് പറയുന്ന അദ്ധ്യാപകന് പല തിക്താനുഭവങ്ങളിൽ കൂടിയും ഇന്ന് കടന്നു പോകേണ്ടി വരുന്നു. ഒരു വിരൽത്തുമ്പിൽ ലോകത്തെ കാണുന്ന കുട്ടികൾക്ക് ഉപദേശങ്ങൾ ഭാരമായി തോന്നാം. പലരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം.
അദ്ധ്യാപനം ഉപജീവനമാർഗ്ഗം മാത്രമല്ല. വിദ്യയിലും ധാർമികബോധത്തിലും നാളെയുടെ പൗരന്മാരെ മെനഞ്ഞെടുക്കൽ കൂടിയാണ്. സനാതനമൂല്യങ്ങളിലൂടെ കുട്ടികളെ വാർത്തെടുക്കുന്നതിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. അത് ഒരിക്കലും മറന്നുകൂടാ.
നിറഞ്ഞ സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ