റീന സാറാ വർഗീസ്
വെള്ളിത്തിരയിലെ അമ്മ കഥാപാത്രങ്ങളെ എല്ലാവരെയും തന്നെ ഇഷ്ടമാണ്. എന്നാലും എന്തുകൊണ്ട് ആനി ഒന്നുകൂടി പ്രിയപ്പെട്ട അമ്മയായി എന്നു പറയാം.
ഉത്തരവാദിത്തങ്ങൾ ലവലേശമില്ലാതെ സുഖലോലുപതയിലും മദ്യപനുമായി ജീവിക്കുന്ന ധനാഢ്യനായ രാജീവ് മേനോൻ എന്ന യുവാവിന്റെ കഥയുടെ ദൃശ്യാവിഷ്കാരമാണ് ശ്രീ ലോഹിതദാസിന്റെ തൂലികയിൽ പിറന്ന, ശ്രീ സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം.
എങ്കിലും മൂന്ന് അമ്മമാരിലൂടേയും
ചിത്രം കടന്നു പോകുന്നുണ്ട്. രാജീവ് മേനോൻ എന്ന ശ്രീ മോഹൻലാൽ കഥാപാത്രത്തിന്റെ ജീവിതത്തോട് അടുത്തു നിന്ന മൂന്നുപേർ.
അതിൽ ഒരമ്മയെ പ്രേക്ഷകർ കാണുന്നില്ല. രാജീവ് മേനോന്റെ അമ്മയായ സ്ത്രീയെ. മൂന്നു വയസ്സുള്ളപ്പോൾ അമ്മയാൽ തിരസ്കൃതനായവൻ്റെ വേദനയുടെ പ്രത്യാഘാതങ്ങൾ എത്ര ഭീകരമാണ് എന്നത് അവൻ ജീവിക്കുന്ന അവസ്ഥയിലൂടെ പ്രേക്ഷകർ ഭയത്തോടെ കാണുന്നുണ്ട്.
അതിനൊക്കെ അപ്പുറം സിനിമ ഉയർത്തിപ്പിടിക്കുന്ന മറ്റൊരു അമ്മയുണ്ട്. നൊന്തു പ്രസവിച്ച മകനെ തന്നോടൊപ്പം ചേർത്തുനിർത്താൻ അവരാൽ ആകും വിധം പോരാടുന്ന ആനി എന്ന അമ്മ.
ഒരു സാധാരണ സ്ത്രീ മാതൃത്വത്തിലേക്ക് നടന്നു കയറുമ്പോൾ അവളിൽ ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളുടെ ഉള്ളുലയ്ക്കുന്ന കാഴ്ചകളുടെ കവാടം തുറന്നിട്ട ചിത്രം. അമ്മയിലേക്കുള്ള ആനിയുടെ അമ്പരപ്പിക്കുന്ന യാത്ര!
മൂന്നാമത്തെ അമ്മയെ പ്രേക്ഷകർ കാണുന്നത് സിനിമയുടെ അവസാനമാണ്. സ്വന്തം മകനേപ്പോലെ സ്നേഹിക്കാൻ കഴിയുമോ എന്ന് രാജീവ് മേനോൻ അതിവൈകാരികമായി നിറഞ്ഞ കണ്ണുകളോടെ മാഗി എന്ന വീട്ടുജോലിക്കാരിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ രക്തബന്ധമില്ലാത്ത മാതൃത്വം പിറവിയെടുക്കുന്നതിലൂടെ തിരശ്ശീല താഴുന്നു.
മുപ്പത്തിരണ്ടു വർഷം മുൻപിറങ്ങിയ സിനിമയുടെ കഥയിലേക്ക് കടക്കുന്നില്ല. കാരണം ഒട്ടുമിക്കവരും ചിത്രം കണ്ടവരാണ്.
വന്ധ്യതാനിവാരണ ക്ലിനിക്കുകളും വാടക ഗർഭപാത്രങ്ങളും ഒന്നും, ഇന്ന് പുതുമയല്ല. പക്ഷേ അന്ന് അങ്ങനെ അല്ലായിരുന്നു. അന്നുവരെ വെള്ളിത്തിര കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിച്ച് സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകരെ കയ്യിലെടുത്തു. അവരുടെ ധൈര്യം ഒട്ടൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്!
മികച്ച കാൽപ്പന്തു കളിക്കാരൻ ആയിരുന്ന അവളുടെ പ്രിയപ്പെട്ടവൻ്റെ സ്വപ്നങ്ങളെ അകാലത്തിൽ വിധി, രോഗത്തിൻ്റെ രൂപത്തിൽ വന്ന് തച്ചുടച്ചപ്പോൾ അവൻ്റെ ജീവൻ തിരിച്ചുപിടിക്കാനായി വലിയൊരു ശസ്ത്രക്രിയ വേണമായിരുന്നു. അതിനുള്ള ഭീമമായ തുക അവരെ സംബന്ധിച്ച് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ആനിയുടെ നിസ്സഹായവസ്ഥയായിരുന്നു ഇത്തരമൊരു വാഗ്ദാനം സ്വീകരിക്കാൻ അവളെ നിർബന്ധതയാക്കിയത്.
ആർട്ടിഫിഷ്യൽ ഇൻസെമനേഷൻ എന്ന കൃത്രിമ ബീജസങ്കലനത്തിലൂടെ അമ്മയായവളാണ് ആനി. വെറുമൊരു വാടക ഗർഭപാത്രത്തിന്റെ ഉടമ. പക്ഷേ അവൾ, അമ്മയായപ്പോൾ സ്ഥിതി തികച്ചും വ്യത്യസ്തമായി.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അവളുടെ പ്രിയപ്പെട്ടവൻ തിരികെ വരുമ്പോൾ ജീവനേക്കാളേറെ അവനെ സ്നേഹിക്കുന്നുണ്ടെങ്കിലും തൻ്റെ കുഞ്ഞിനപ്പുറം മറ്റൊന്നുമില്ല എന്നുള്ളതിൽ ഉറച്ചുനിൽക്കുന്നു.
ഭർത്താവിൻ്റേതല്ലാത്ത കുഞ്ഞുമായി നിയന്ത്രിതമായ ഒരു വ്യവസ്ഥിതിയിൽ ജീവിക്കുമ്പോൾ അപമാനിതയാകേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടും ജീവനുതുല്യം അയാളെ സ്നേഹിച്ചിരുന്നിട്ടും അപ്പോൾ അവൾ ചിന്തിച്ചത് അതൊന്നുമായിരുന്നില്ല. എന്തുസംഭവിച്ചാലും നൊന്തു പ്രസവിച്ച കുഞ്ഞ് ഒപ്പം ഉണ്ടായിരിക്കണമെന്നു മാത്രം അവൾ ആഗ്രഹിച്ചു.
ചെറുപ്പകാലത്ത് കണ്ട ഒരു സിനിമ. അന്ന് എനിക്ക് ആനിയെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. കാരണം വലിയ തിരിച്ചറിവുള്ള പ്രായത്തിൽ അല്ലായിരുന്നു ആദ്യം സിനിമ കണ്ടത്.
അവൾ, അമ്മയാകേണ്ടി വന്ന സാഹചര്യങ്ങളെല്ലാം മാറ്റി നിർത്താം. അത് എന്തു തന്നെയും ആയിക്കൊള്ളട്ടെ. ആനിയെന്ന അമ്മയെ മാത്രം അപഗ്രഥനം ചെയ്യുമ്പോൾ എന്തുകൊണ്ട് അവൾ നൊന്തുപ്രസവിച്ച കുഞ്ഞിനുവേണ്ടി സ്വാർത്ഥതയുള്ളവളായി?
അമ്മയാകുക എന്നാൽ ഒമ്പതുമാസം ഗർഭപാത്രത്തിൽ പേറുക എന്നുള്ളതല്ല. അതിനൊപ്പം ഒരുപാട് യാതനകളുടെ ദൂരം മറികടക്കേണ്ടതുണ്ട്. അവളുടെ ശരീരത്തിൻ്റെ ഒരു ഭാഗം തന്നെയാണ് നൊന്തു പ്രസവിച്ച കുഞ്ഞ് .
സിനിമയുടെ ഒരുഭാഗത്ത് കുഞ്ഞിനെ കൈമാറാൻ രാജീവ് മേനോൻ്റെ അടുത്തെത്തുമ്പോൾ തികച്ചും നിശ്ശബ്ദയായി, ഈറനണിഞ്ഞ കണ്ണുകളോടെ നിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് കുഞ്ഞു നോക്കുന്ന ഒരു നോട്ടമുണ്ട്.
ഹോ! ഏതൊരു അമ്മയുടേയും ഹൃദയം പറിച്ചെടുക്കുന്ന രംഗം. വെള്ളിത്തിരയിലെ ആനി എന്ന അമ്മ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതും അതുകൊണ്ടുതന്നെ.
സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ