Times of Kuwait
വാഷിങ്ടൻ : ലോകമെമ്പാടും ഒട്ടേറെ മനുഷ്യർക്ക് പ്രചോദനമാണ് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജോ ബൈഡന്റെയും കമല ഹാരിസിന്റെയും നേതൃത്വത്തിൽ യുഎസ്–ഇന്ത്യ ബന്ധം കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്ര സംഭവമാണെന്ന് അഭിപ്രായപ്പെട്ട മോദി, അവരെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു.
കഴിഞ്ഞ ജൂണിൽ കോവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെ യുഎസ് വൈസ് പ്രസിഡന്റുമായി ഫോണിൽ ചർച്ച നടത്തിയതും മോദി പരാമർശിച്ചു. ഇന്ത്യയ്ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ആ സമയം യുഎസ് ഉദാരമായ സഹായഹസ്തം നീട്ടി. ‘ഒരു യഥാർഥ സുഹൃത്തായി താങ്കൾ യുഎസ് സർക്കാരിന്റെ അടിയന്തര സഹായ, സഹകരണ സന്ദേശം എനിക്കു കൈമാറി. താങ്കൾ എന്നോടു പറഞ്ഞ വാക്കുകൾ ഞാൻ എന്നും ഓർമിക്കും. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഞാൻ നന്ദി അറിയിക്കുന്നു’– മോദി പറഞ്ഞു.
ഇന്ത്യയിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന കമല ഹാരിസിന്റെ മുത്തച്ഛൻ പി.വി.ഗോപാലനുമായി ബന്ധപ്പെട്ട പഴയ സർക്കാർ വിജ്ഞാപനങ്ങളുടെ പകർപ്പുകൾ ഫ്രെയിം ചെയ്തതും സവിശേഷമായ കരകൗശലപ്പണികൾ ചെയ്ത ഗുലാബി മീനാകാരി ചെസ് സെറ്റും മോദി കമലയ്ക്കു സമ്മാനിച്ചു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനു മീനാകാരി കപ്പലും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗയ്ക്കു ചന്ദനത്തിൽ തീർത്ത ബുദ്ധനും മോദി സമ്മാനിച്ചു. ബുധനാഴ്ചയാണ് ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി മോദി വാഷിങ്ടനിലെത്തിയത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്തശേഷം അദ്ദേഹം ന്യൂയോർക്കിൽ യുഎൻ പൊതുസഭയിലും പ്രസംഗിക്കും.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
സാങ്കേതിക തകരാർ: ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു