ജോബി ബേബി(നഴ്‌സ്,കുവൈറ്റ്)
റഷ്യയിലെ യെഹൂദ മതാചാര്യനായിരുന്ന റബ്ബി ജോസഫ് ഇസഹാക്ക് ഷ്‌നീർസോണിന്റെ(1880-1950)പ്രവർത്തന വിജയങ്ങളുടെ പ്രധാനകാരണം അദ്ദേഹത്തിന്റെ അചഞ്ചലമായ ദൈവവിശ്വാസമായിരുന്നു.അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ഏടുകളിൽ നിന്നും.
റഷ്യയിലെ ലെനിൻ ഗ്രാഡിലുള്ള ഒരു സിനഗോഗിൽ 1927ൽ അദ്ദേഹവും സ്നേഹിതരും പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടന്ന് പോലീസ് അവിടെയെത്തി അദ്ദേഹത്തെയും അനുയായികളെയും അറസ്റ്റ് ചെയ്യ്തു പോലീസ് സ്റ്റേഷനിലെത്തിച്ചു.അവിടെ അദ്ദേഹത്തെ ചോദ്യം ചെയ്യ്തു.ഒടുവിൽ പോലീസ് ഷ്നീർസോൺ റഷ്യയിലെ തന്റെ മതപരമായ പ്രവർത്തനങ്ങൾ ഉടനെ അവസാനിപ്പിക്കണമെന്ന കർശന നിർദ്ദേശം നൽകി.എന്നാൽ അദ്ദേഹം അത് അനുസരിക്കാൻ വിസ്സമ്മതിച്ചു.ഉടനെ പോലീസ് ഓഫീസർ തന്റെ തോക്ക് ഷ്നീർസോണിന്റെ നെഞ്ചിനു നേരെ ചൂണ്ടികൊണ്ട് ഇങ്ങനെ പറഞ്ഞു.”ഈ കളിപ്പാട്ടം പലരുടെയും മനസ്സുമാറ്റിയിട്ടുണ്ട്”.ഉടനെ ഷ്നീർസോൺ ശാന്തനായി ഇങ്ങനെ മറുപടി നൽകി.”പല ദൈവങ്ങളും ഒരു ലോകവും ഉള്ളവർക്ക് ഈ കളിപ്പാട്ടം കണ്ടാൽ മനസ്സ് മാറിയേക്കും.എന്നാൽ എനിക്ക് ഒരു ദൈവവും രണ്ട് ലോകവുമാണുള്ളത്,അതുകൊണ്ട് നിങ്ങളുടെ കളിപ്പാട്ടത്തിനു എന്റെ മനസ്സ് മാറ്റാൻ കഴിയുകയില്ല”.
പോലീസ് ഓഫീസർ തോക്ക് പിൻവലിച്ചു.
ഷ്നീർസോൺ പറഞ്ഞത് ശരിയായിരുന്നു.പലദൈവങ്ങളും ഈ ലോകവും മാത്രം ഉള്ള ആളുകൾ ഭീഷണികൾക്ക് മുൻപിൽ പതറിയേക്കാം.എന്നാൽ ഷ്നീർസോണിന്റെ അവസ്ഥ അതായിരുന്നില്ല.അദ്ദേഹത്തിന് ജീവിതത്തിൽ വലിയവനായ സർവ്വശക്തനായ ഒരു ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.മറ്റ് പണം,അധികാരം തുടങ്ങിയ ദൈവങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല.അതുപോലെ അദ്ദേഹം ഈ ലോകത്തിൽ മാത്രം പ്രതീക്ഷവച്ചിരുന്ന ഒരുവനും ആയിരുന്നില്ല.മരണാനന്തരജീവിതവും ഒരു നിലനിൽക്കുന്ന ലോകവും അദ്ദേഹത്തെ സംബന്ധിച്ചടുത്തോളം യാഥാർഥ്യമായിരുന്നു.അദ്ദേഹത്തിനുണ്ടായിരുന്നത് ഒരേയൊരു ദൈവവും രണ്ട് ലോകങ്ങളും.
നമ്മുടെ സ്ഥിതി എന്താണ്?
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ