November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അമ്മയെന്ന പുണ്യം

റീനാ സാറാ വർഗീസ്

അവധി കഴിഞ്ഞ് തിരികെ വരുമ്പോഴെല്ലാം എവിടെയോ ഒരു നൊമ്പരം അലട്ടുന്നുണ്ടാകും. പെട്ടികൾ പൊട്ടിക്കുമ്പോൾ അച്ചാറുകളുടെയും ചമ്മന്തിപ്പൊടിയുടെയും മാവുണ്ടയുടെയും എന്നുവേണ്ട അങ്ങനെ പലഹാരപ്പൊതികൾ അടക്കമുള്ള പലതിൻ്റെയും ഗന്ധം മുറിക്കുള്ളിൽ നിറയും. അമ്മയുടെ സ്നേഹത്തിൻ്റെ ഗന്ധം!

മക്കൾക്കുവേണ്ടി ആരോഗ്യം പോലും വകവയ്ക്കാതെ അടുക്കളയിൽ പകലന്തിയോളം യാതൊരു പരാതിയുമില്ലാതെ പണിയെടുത്ത രുചിക്കൂട്ടുകൾ. അതു് കയ്യിലെടുക്കുമ്പോൾ വരുന്നതിന് രണ്ടു് ദിവസം മുൻപേയുള്ള കഷ്ടപ്പാടുകൾ എത്രയധികം ആയിരുന്നുവെന്ന് ചിന്തിക്കും. മക്കൾക്കായി ഉഴിഞ്ഞുവച്ച ജീവിതം എന്നുള്ളതിന്റെ ഓർമ്മപ്പെടുത്തൽ കൂടി ആണത്. നിരാസം ഇല്ലാത്ത സ്നേഹത്തിൻ്റെ മൃദുമന്ത്രണം.

ഇതെല്ലാം എടുത്തുവച്ചു കഴിഞ്ഞാലും മറ്റെന്തെങ്കിലും മറന്നോ എന്നൊരു ചോദ്യവും കൂടിയുണ്ട്. അവിടെ എത്തിക്കഴിഞ്ഞാൽ ഒരു ചെറിയ പനി വന്നാൽ പോലും ഡോക്ടറെ കാണാൻ മടിക്കരുതെന്നു പറയുമ്പോൾ എത്ര പ്രായമായാലും അമ്മമാർക്ക് മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെയാണ്.

ഒരു നേരം വിളി വൈകിയാൽ ഫോണിൽ കാണുന്ന മിസ്ഡ് കോഡുകൾ ഉറപ്പായും മറ്റാരുടേയും ആയിരിക്കില്ല. മക്കൾ ഗൃഹസ്ഥരായാലും ജോലിയുള്ളവരായാലും ഒഴിയാത്ത വേവലാതിയും ആശങ്കയും ഈ ലോകത്ത് മറ്റാർക്ക് ഉണ്ടാകും.

ഒരാൾക്കുപോലും മനസ്സിലായില്ലെങ്കിലും മക്കളെ മനസ്സിലാകുന്നത് അമ്മയ്ക്ക് മാത്രം. ഫോൺ വിളിക്കുമ്പോൾ ശബ്ദത്തിന്റെ ഇടർച്ച പോലും തിരിച്ചറിയാൻ സാധിക്കുന്നത് ഗർഭപാത്രത്തിലെ ഉള്ളറകളിൽ കാത്തുസൂക്ഷിച്ചതിന്റെ കരുതൽ.

വിശേഷാവസരങ്ങളിൽ എവിടെയെങ്കിലും പോയിട്ട് വരുമ്പോൾ അമ്മയുടെ തൂവാലക്കുള്ളിലോ ബാഗിലോ, കഴിക്കാതെ കാത്തുവച്ച മധുരത്തിൻ്റെ രുചി നുണയാത്ത മക്കൾ ചുരുക്കമായിരിക്കും. മാതൃവാത്സല്യത്തിന്റെ പകരം വയ്ക്കാനില്ലാത്ത മാധുര്യം!

പലപ്പോഴും പല വീടുകൾക്കുള്ളിൽ നിന്നും ഉയരുന്ന, പൊരിഞ്ഞ വാക്കുകളുടെ യുദ്ധപ്രവാഹങ്ങൾ അവസാനിക്കുന്നതിനു മുൻപ് കാണുന്നവർ പലരും ചോദിക്കും നിങ്ങൾ മുജ്ജന്മത്തിലെ ശത്രുക്കളായിരുന്നുവോയെന്ന്.

നിമിഷാർദ്ധങ്ങൾകൊണ്ട് അവസാനിക്കുന്ന കാരണമില്ലാത്ത ഇത്തരം വാക്കുകളുടെ യുദ്ധങ്ങൾക്കൊടുവിൽ ജയിച്ചുവെന്നറിഞ്ഞിട്ടും തോറ്റു തരുന്നത് അമ്മ തന്നെയായിരിക്കും. മറ്റെവിടെ ഇത്ര സ്വതന്ത്രമായി ഒരാൾക്ക് സ്വന്തം വികാരവിക്ഷോഭങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കും.

ഒരു വീട് അനാഥമാകുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാൽ ഉറപ്പായും പറയാൻ സാധിക്കും അമ്മയുടെ അഭാവത്തിൽ തന്നെയാണെന്ന്. കാരണം അമ്മയെന്ന പുണ്യത്തിനു പകരം ഭൂമുഖത്ത് മറ്റൊന്നും ഇല്ല. അമ്മയ്ക്ക് തുല്യം അമ്മ മാത്രം.

നിറഞ്ഞ സ്നേഹത്തോടെ
റീനാ സാറാ.

error: Content is protected !!