കഥയിലൂടെ കാര്യം (ഭാഗം 10)
ആനി ജോർജ്ജ്
“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗര മണ്ഡലം” — അക്കിത്തം.
ഉബുണ്ടു എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ?
എന്താണ് ഉബുണ്ടു?
ആഫ്രിക്കൻ ഗോത്ര ജനതയുടെ മാനുഷീകത വ്യക്തമാക്കുന്ന ഒരാശയമാണ് ഉബുണ്ടു.
എങ്ങനെയാണതെന്നല്ലേ? വിശദമാക്കാം.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു നരവംശ ശാസ്ത്രജ്ഞൻ ആഫ്രിക്കയിലെ ഒരു ആദിവാസി ഗ്രാമത്തിൽ പഠനത്തിനായി ചെന്നു.
തന്റെ ജോലികൾക്കിടയിൽ അവിടുത്തെ കുട്ടികളുമായി വിനോദങ്ങളിൽ ഏർപ്പെടുക എന്നത് ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു…..
ഒരിക്കൽ അദ്ദേഹം ഒരു ബോക്സ് നിറയെ ചോക്കലേറ്റ് കൊണ്ടു വന്ന് ഒരിടത്ത് വച്ചു. ശേഷം അവിടുത്തെ കുറേ ഗോത്ര വർഗ്ഗക്കാരായ കുട്ടികളെ വിളിച്ച് കുറച്ചു ദൂരെ മാറ്റി നിരത്തി നിറുത്തി. എന്നിട്ട് പറഞ്ഞു
“ഞാൻ സ്റ്റാർട്ട് പറയുമ്പോൾ ഇവിടെ നിന്നും നിങ്ങൾ ഓടണം. ഓടി ആദ്യം ആ ബോക്സിൽ തൊടുന്ന ആൾക്ക് അതിലെ ചോക്കലേറ്റ് മുഴുവനും . എടുക്കാം…..”.
ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു.
“റെഡി….സ്റ്റെഡി…ഗോ….”
പിന്നീട് സംഭവിച്ചത് ഒരത്ഭുതം ആയിരുന്നു,
ആരും മത്സരിച്ചോടിയില്ല.
എല്ലാ കുട്ടികളും പരസ്പരം കൈ കോർത്തു പിടിച്ച് ഒന്നിച്ചാണ് ഓടിയത്.
ഒരേ നിരയിൽ, ഒരുമിച്ചു അവർ ഓടി …… അവർ ചോക്കലേറ്റ് ബോക്സിനടുത്തെത്തി വട്ടമിട്ട് അതിൽ ഒരുമിച്ചു തൊട്ടു. ശേഷം അവർ ആ ചോക്കലേറ്റ് തുല്യമായി വീതിച്ചെടുത്ത് സന്തോഷത്തോടെ കഴിച്ചു, ആരും ധൃതി വച്ചില്ല. എല്ലാർക്കും ചോക്കലേറ്റ് ഒരുപോലെ കിട്ടുകയും ചെയ്തു.
ആ നരവംശ ശാസ്ത്രജ്ഞന് അതൊരത്ഭുതമായിരുന്നു.
അദ്ദേഹം ലജ്ജിതനായി!!
തെല്ല് കഴിഞ്ഞപ്പോൾ “നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു.
അതിനവർ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.
“ഞങ്ങൾ ഉബുണ്ടു അനുസരിക്കുന്നവരാണ്. “
എന്താണ് ഉബുണ്ടുവിന്റെ സാരാംശം ?
അയാൾ അതെന്താണെന്ന് പിന്നീട് മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കി.
“മറ്റുള്ളവർ സങ്കടപ്പെടുമ്പോൾ ഒരാൾ മാത്രം എങ്ങനെ സന്തോഷിക്കും….?
നിങ്ങൾ ഉള്ളതു കൊണ്ടാണ് ഞാനും ഉള്ളത്. അതിനാൽ നമുക്ക് ഒന്നിച്ചു നിൽക്കാം”. ആ ഗോത്രവർഗക്കാരുടെ മാനുഷികത വ്യക്തമാക്കുന്ന ഈ ആശയമാണ് ഉബുണ്ടു.
എത്ര വ്യത്യസ്തമായ ആശയമാണത് അല്ലേ?
ഈ ഭൂമിയിൽ ഒറ്റയ്ക്ക് സുഖമായി വാഴാൻ ആർക്കും ആവില്ല എന്നും, എല്ലാവരും പരസ്പരം സഹകരിക്കുമ്പോഴാണ് ഒരു സമൂഹം മികച്ചതാവുക എന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
“നീതിയും പരസ്പര കരുതലും കൊണ്ട് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള താൽപ്പര്യങ്ങളിൽ അനുകമ്പ, പരസ്പരബന്ധം, അന്തസ്സ്, ഐക്യം, മാനവികത, സ്നേഹം, സത്യം, സമാധാനം, സന്തോഷം, എന്നിവ ഉണ്ടായിരിക്കേണം” എന്ന ആശയമാണ് ഉബുണ്ടു എന്ന ആഫ്രിക്കൻ ഗോത്രവർഗ സിദ്ധാന്തം വിശദമാക്കുന്നത്.
അതായത്, വ്യക്തിപരവും കൂട്ടായതുമായ പ്രതിബദ്ധതയിൽ നിന്ന് മാത്രമേ യഥാർത്ഥ മനുഷ്യ -സാമൂഹിക ക്ഷേമത്തിന്റെ വർദ്ധനവും ഏകീകരണവും ആവശ്യമുള്ള ഫലങ്ങൾ നൽകൂ എന്നതാണ് ഉബുണ്ടുവിന്റെ ആശയം.
ഉബുണ്ടു ഒരു ആഫ്രിക്കൻ തത്ത്വചിന്ത മാത്രമല്ല, ആഫ്രിക്കൻ പരമ്പരാഗത ജീവിതത്തിന്റെ ആത്മീയതയെയും, ധാർമ്മീകതയേയും വെളിവാക്കുന്ന ഒന്നാണ്. ആഫ്രിക്കൻ സമൂഹം ഈ പ്രാഥമിക മൂല്യത്തിൽ നിന്ന് വലിയ തോതിൽ നശിച്ചു പോയെങ്കിലും, അതിന്റെ തത്ത്വചിന്തയുടെ മൂല്യം ആഗോള സമാധാനം സൃഷ്ടിക്കുന്നതിന്റെ ഒരു യഥാർത്ഥ രൂപമായി ഇപ്പോഴും തുടരുന്നു.
ചരിത്രത്തിൽ, ഉബുണ്ടു സ്പിരിറ്റ്, ഏത് പേരിലാണെങ്കിലും, മാർട്ടിൻ ലൂഥർ കിംഗ്, മഹാത്മാഗാന്ധി, മദർ തെരേസ, ഓസ്കാർ റൊമേറോ, ഡെസ്മണ്ട് ടുട്ടു, ജോസഫ് സ്റ്റിഗ്ലിറ്റ്സ്, നെൽസൺ തുടങ്ങി ലോകത്തെ ഏകത്വത്തിലേക്കു നയിക്കുവാൻ ശ്രമിച്ചവർ പിന്തുടർന്ന ഒരു നയമാണെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം.
ഒരു ആഗോള സംസ്കാര സമാധാനം ഉണ്ടാകണമെങ്കിൽ അത് മാനവികതയുടെ സ്വതവേയുള്ള ബോധമായിരിക്കണം. സമാധാന ഉടമ്പടികളിലൂടെയും കരാറുകളിലൂടെയും സമാധാനം ഒരിക്കലും കൈവരിക്കാനാവില്ല, കാരണം ഉടമ്പടികളെ മറികടക്കാൻ പഴുതുകളുണ്ടാകും, പക്ഷേ ഉബുണ്ടുവിൽ ഒരു മനുഷ്യന്റെ അന്തരാത്മാവിൽ പൊതു നന്മയ്ക്കുള്ള മനഃപ്പൂർവ്വവും സ്ഥിരവുമായ പ്രതിബദ്ധത ഉണ്ടായിരിക്കും എന്നതിനാണ് പ്രാധാന്യം.
ഉബുണ്ടുവിന്റെ തത്ത്വചിന്ത, ഓരോരുത്തരുടെയും ജീവിതം മറ്റൊരാളുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് വരുന്നത്. കോമൺവെൽത്ത് എന്ന സമ്പ്രദായം എല്ലാവരെയും സമ്പന്നമാക്കുന്നു, എല്ലാവരും സമ്പന്നരാകുമ്പോൾ, എല്ലാവരും സന്തുഷ്ടരാണ്, അവിടെ സമാധാനം നിലനിൽക്കും. വ്യക്തിപരമായ സമ്പത്തും അധികാരവും വർദ്ധിപ്പിക്കാൻ മറ്റുള്ളവരെ ചൂഷണം ചെയ്യുകയും, വ്യക്തിപരമായ അധികാരം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. തൽഫലമായി അക്രമവും, അസമാധാനവും, അസന്തുഷ്ടിയും സമൂഹത്തിൽ അഴിഞ്ഞാടുകയാണ്. അത് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
ഇന്ത്യൻ ഗാനരചയീതാവ് ഇഷാൻ ദേവ് രചിച്ച “കരളുറപ്പുള്ള കേരളം” എന്ന അതിമനോഹരമായ ഗാനം ലോകജനതയ്ക്കു മുൻപിൽ നമുക്കിങ്ങനെ പാടാം:
“മരണമാർന്നിടും നാളിലും, ഒന്നു ചേർന്ന് നിന്നിടാം,
പാറിടാം ശലഭമായ് മാറ്റിടാം ഈ ലോകത്തെ!!
നന്മയുള്ള ലോകമേ, കാത്തിരുന്നു കാണുക ….
കരളുടഞ്ഞു വീണിടാതെ, കൈകൾ കോർത്ത് ജീവിക്കാം”
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ