ജീന ഷൈജു
സാഹചര്യങ്ങൾ കൊണ്ട് പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളെ.. നിങ്ങൾക്ക് പൊള്ളുന്നുണ്ടോ??ജീവിതം ദുരിതക്കായലിൽ ആണെങ്കിലും കടപ്പാടുകൾ നിങ്ങളുടെ തലയിൽ താപത്തിന്റെ കുടം കമഴ്ത്തുന്നുവോ??
യൗവനത്തിന്റെ അവസാന ഏടുകളിൽ എവിടെയോ വെച്ചു സ്വപ്‌നങ്ങൾക്ക് ചിറകു വെപ്പിച്ചു വിമാനത്തിലേറുന്നവരാണ് ഒരോ പ്രവാസിയും. ഇന്നോ, നാളെയോ.. ഒന്നുമല്ലേൽ മറ്റന്നാളെങ്കിലും ശരിയാവുമെന്നുള്ള പ്രതീക്ഷയുടെ വൻ മരങ്ങളാണ് പലരും നട്ടു വെക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ നൂതന സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റം ഒരു പരിധിവരെ പ്രവാസികളെ തന്റെ പ്രീയപ്പെട്ടവരിൽ നിന്നുള്ള ദൂരം കുറക്കുന്നു എങ്കിലും, പൊള്ളുന്ന താപനില,ജോലിഭാരത്തിന്റെ സമ്മർദം ഇതൊക്കെ ഒരോ പ്രവാസിയുടെയും നെഞ്ചിൽ കനൽക്കൂടൊരുക്കുന്നു.
വന്ന് അഞ്ചോ, പത്തോ വർഷത്തിനകം ആഗ്രഹങ്ങളൊക്കെ ആവശ്യങ്ങളാക്കി തിരിച്ചു പോകാം എന്നോർത്ത് മരുഭൂമിയിൽ കാലുകുത്തുന്നവരാണ് നമ്മളിൽ പലരും.എന്നാലോ ആവശ്യങ്ങളിൽ പലതും ആഗ്രഹങ്ങളായി മാത്രം നീക്കിക്കൂട്ടി, ഒരായുസ്സ് മുഴുവൻ വീട്ടിയാലും തീരാത്ത സാമ്പത്തിക, സ്നേഹ ബാധ്യതകളല്ലേ സത്യത്തിൽ നമ്മുടെയൊക്കെ ബാങ്ക് ബാലൻസ്?
തന്റെ പ്രീയപ്പെട്ടവരെ തനിച്ചാക്കി ഏഴാം കടലിനപ്പുറത്തു മരുഭൂമിയിൽ, ഉണ്ണാതെയും, ഉടുക്കാതെയും അവർക്കു വേണ്ടി ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെ എല്ലാം കൂട്ടി വെച്ചു.. അവസാനം ആയുസ്സിന്റെ പകുതിയിൽ അവർക്കരികെ എത്തുമ്പോൾ.. “ഈ കുടുംബത്തിന് വേണ്ടി നീ എന്ത് ചെയ്തു?” എന്നുള്ള ആ ചോദ്യം ആർക്കും താങ്ങാൻ കഴിയില്ല..
ഇനി കുടുംബമായി ദുരിതകായൽ തുഴയുന്നവരുടെ അവസ്ഥയും വലിയ മെച്ചമൊന്നുമല്ല. ഭാര്യ ജോലി കഴിഞ്ഞ് വരുമ്പോൾ ഭർത്താവു പകൽ ക്ഷീണത്തിന്റെ ഭാണ്ഡം മക്കളെയും കൂട്ടി കിടക്കയിൽ ഇറക്കി വെച്ച് ഉറങ്ങിയിട്ടുണ്ടാവും.തിരിച്ചു ഭർത്താവ് ജോലിക്ക് പോകാറാകുമ്പോഴേക്കും ഭാര്യ ഉറക്കത്തെ കൂട്ട് പിടിച്ചു എന്നോ നെയ്ത സ്വപ്നങ്ങളുടെ മേച്ചിൽ പുറങ്ങളിൽ ഉലാത്തുകയാവും.. എന്താല്ലേ…..
അപ്പൊ പറയാൻ ഉദ്ദേശിച്ചത് ഇത്രയേയുള്ളു.. മറ്റുള്ളവർക്കുവേണ്ടി കൂട്ടി വെക്കുമ്പോൾ ഓരോ പ്രവാസിയും തനിക്ക് വേണ്ടി ജീവിക്കാൻ മറന്നു പോകുന്നവരാണ്.
ഒന്ന് മാറി ചിന്തിച്ചു കൂടെ??
ആവശ്യങ്ങളെ ഒക്കെ ആഗ്രഹങ്ങളാക്കാതെ, ആഗ്രഹങ്ങളെ ആവശ്യങ്ങളാക്കിക്കൂടെ????
തനിക്ക് വേണ്ടി തന്നെ ജീവിച്ച്കൂടെ????
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ