കഥയിലൂടെ കാര്യം (ഭാഗം — 3)
ആനി ജോർജ്ജ്
1940 ജൂൺ 23 ന് അമേരിക്കയിലെ ടെന്നസിയിൽ ഒരു പാവപ്പെട്ട റെയിൽവേ ചുമട്ടു തൊഴിലാളി കുടുംബത്തിലെ 22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക് അവൾ ജനിച്ചു. നാലാമത്തെ വയസ്സിൽ ഇൻഫന്റൈൽ പരാലിസിസ് എന്ന രോഗം ബാധിച്ച അവൾ പൂർണമായി കിടപ്പിലായി. തുടർന്നു കഠിനമായ ന്യൂമോണിയ, പോളിയോ, സ്കാർലറ്റ്ഫിവർ എന്നീ രോഗങ്ങൾ പിടികൂടിയ അവൾക്കു ഇടതു കാലിന്റെ സ്വാധീനവും നഷ്ടപ്പെട്ടു. അധിക കാലം കുട്ടി ജീവിച്ചിരിക്കില്ലെന്നും, അഥവാ ജീവിച്ചിരുന്നാൽ തന്നെ ഒരിക്കലും സ്വന്തമായി നടക്കാൻ കഴിയില്ലെന്നും വൈദ്യശാസ്ത്രം വിധിയെഴുതി. രോഗക്കിടക്കയിൽ തളർന്നു കിടന്ന് ആ പെൺകുട്ടി കണ്ട സ്വപ്നം ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയാകണം എന്നുള്ളതായിരുന്നു. അവളുടെ ഏകാശ്രയമായിരുന്ന അമ്മയുടെ പിന്തുണയോടും ഒരു കൃത്രിമക്കാലിന്റെ സഹായത്തോടെയും അവൾ മെല്ലെ പിച്ചവെച്ചു നടക്കുവാൻ തുടങ്ങി. ഒൻപതാം വയസ്സിൽ കൃത്രിമക്കാലിന്റെ സഹായമില്ലാതെ അവൾ നടക്കുവാൻ തുടങ്ങിയത് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി.
പതിനൊന്നാം വയസ്സ് മുതൽ കായിക പരിശീലനം നേടിത്തുടങ്ങിയ അവൾ തുടക്കത്തിൽ ഊന്നു വടിയുമായിട്ടായിരുന്നു പരിശീലനത്തിനിറങ്ങിയത്. ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി മാറിയ ആ പെൺകുട്ടിയിലെ യഥാർഥ പ്രതിഭയെ കണ്ടെത്തിയത് എഡ് ടെമ്പിൾ എന്ന പരിശീലകനായിരുന്നു. പതിമൂന്നാം വയസ്സിൽ അവൾ മത്സരങ്ങളിൽ പങ്കെടുക്കുവാൻ തുടങ്ങി, പക്ഷെ ഒന്നിലും വിജയിച്ചില്ല. എല്ലാവരും അവളെ നിരുത്സാഹപ്പെടുത്തിയെങ്കിലും, കായിക പരിശീലകൻ അവളുടെ തളരാത്ത മനസ്സിനെയും, ആത്മ വിശ്വാസത്തെയും കണ്ടു പ്രോത്സാഹിപ്പിച്ചു; 1960ൽ റോമിൽ നടന്ന ഒളിംപിക്സിൽ ആ പെൺകുട്ടിയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടു. 100, 200 മീറ്ററുകളിലും 4×100 റിലേയിലും സ്വർണം. 100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കൻഡിൽ ഫിനിഷിങ്. എന്നാൽ കാറ്റിനു വേഗം കൂടുതലായിരുന്നു എന്ന കാരണത്താൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ചില്ല. തുടർന്നും ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ആ പെൺകുട്ടിയായിരുന്നു ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് നേടിയ വിൽമാറ ഡോൾഫ്; വിശ്വാസത്തിന്റെയും ആത്മ ധൈര്യത്തിന്റെയും പ്രതീകം!!
എന്താണ് വിശ്വാസം? വിശ്വാസം എന്നതിന്റെ കൃത്യമായ നിർവചനം “ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിലോ, വസ്തുവിലോ, ഒരു ആശയത്തോടോ ഉള്ള ആത്മവിശ്വാസം എന്നോ ആശ്രയം എന്നോ” പറയാം. എന്താണീ വിശ്വാസം എന്നതിനേക്കാളുപരി നിങ്ങൾക്ക് വിശ്വാസം ഉണ്ടോ? എന്ന ചോദ്യത്തിനാണ് ഇന്ന് കൂടുതൽ പ്രസക്തി. ഈ ലോകത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തികളെയും നിയന്ത്രിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം വിശ്വാസമാണ് എന്ന് നിങ്ങൾക്കറിയാമോ?
ഒരു വ്യക്തിക്ക് പ്രധാനമായും മൂന്നു തരത്തിലുള്ള വിശ്വാസമാണ് വേണ്ടത്; ഒന്ന് ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസം, രണ്ട് നമ്മിൽത്തന്നെയുള്ള വിശ്വാസം, മൂന്നാമതായി മറ്റുള്ളവരിലുള്ള വിശ്വാസം. ഈശ്വര വിശ്വാസവും, ആത്മവിശ്വാസവും, പരസ്പര വിശ്വാസവുമുള്ളവർക്കു ഏതു പ്രതിസന്ധികളെയും സധൈര്യം നേരിടുവാൻ സാധിക്കും എന്നതിന് രണ്ടു പക്ഷമില്ല.
വിശ്വാസമില്ലാത്തവർ ഏതു സമയത്തും തകർന്നു വീഴുന്ന അടിസ്ഥാനമിളകിയ കെട്ടിടം പോലെയാണ്.
വിശ്വാസ തകർച്ചയാണ് ഈ കാലഘട്ടത്തിന്റെ ശാപം; അത് വ്യക്തികളെയും രാജ്യത്തെ പൊതുവെയും ബാധിച്ചു കഴിഞ്ഞു.
ഒരിക്കൽ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഒരുമിച്ചുകൂടിയവരോട് പട്ടക്കാരൻ ചോദിച്ചു. സഹോദരീ സഹോദരന്മാരെ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ കൂടിയിരിക്കുന്ന നിങ്ങളിൽ എത്രപേർ കുട കൊണ്ടുവന്നിട്ടുണ്ട്? എല്ലാവരും പരസ്പരം നോക്കി. ഇവിടെയാണ് പ്രശ്നം — വിശ്വാസത്തിന്റെ അഭാവം! നമ്മുടെ ജീവിതത്തിലും നാം പോലുമറിയാതെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു
സഞ്ചരിക്കുന്ന വാഹനം ലക്ഷ്യസ്ഥാനത്തെത്തും എന്നുള്ള വിശ്വാസം ഉള്ളതുകൊണ്ടാണ് നാം വാഹനത്തിൽ യാത്ര ചെയ്യുന്നത്; വാഹനം ഓടിക്കുന്ന ആളിൽ നൂറു ശതമാനമുള്ള വിശ്വാസമാണത്. ചികിൽസിക്കുന്ന ഡോക്ടറിൽ വിശ്വാസമില്ലെങ്കിൽ നാം കഴിക്കുന്ന മരുന്നുകൾ ഒന്നും തന്നെ ഫലവത്താകുകയില്ല.
ശക്തമായ ദൈവവിശ്വാസത്തിലും ആത്മവിശ്വാസത്തിലും പടുത്തുയർത്തിയ പ്രസ്ഥാനങ്ങൾ എന്നും വളർച്ചയുടെ പടവുകൾ കുതിച്ചു കയറിയിട്ടുള്ളതാണ്. എവിടെ വിശ്വാസം നശിക്കുന്നുവോ അവിടെ അധർമ്മം അലയടിക്കും. ഹിറ്റ്ലറിൻറെ നാസിപ്പട ആയിരങ്ങളെ കൊന്നൊടുക്കിയപ്പോൾ ദൈവവിശ്വാസത്തിൽ അടിയുറച്ചവരെ അത് ഒട്ടും ഭയപ്പെടുത്തിയില്ല; അവിശ്വാസികൾ സ്വന്തം കുടുംബത്തിലും, സമൂഹത്തിലും, രാജ്യത്തും അരാജകത്വം സൃഷ്ടിക്കുമ്പോൾ, വിശ്വാസമുള്ളവർ ഒരു കാലഘട്ടത്തെത്തന്നെ സൃഷ്ടിക്കുന്നവരാണ്. വിശ്വാസമുള്ളവർ ധീരന്മാരും, അവിശ്വാസികൾ ഭീരുക്കളുമാണ്.
നാം എന്ത് വിശ്വസിക്കുന്നു? അതാണ് നാം. അതുകൊണ്ടു വിശ്വാസം ജീവിതത്തിന്റെ ആകെത്തുകയാണ്. വിജയത്തിന്റെ ജൈത്രയാത്ര വിശ്വാസത്തിൽ ആരംഭിക്കുന്നു.
അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് വിശ്വാസത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് “മുഴുവൻ കോണിപ്പടികളും കാണാതെ ആദ്യത്തെ പടിയിലേക്കു കാലുകൾ എടുത്തു വയ്ക്കുന്നതാണ് വിശ്വാസം”
രവീന്ദ്ര നാഥ ടാഗോർ വിശ്വാസത്തെക്കുറിച്ചു നിവ്വചിച്ചിരിക്കുന്നതു ഇങ്ങനെയാണ് “പ്രഭാതം ഇരുട്ടാകുമ്പോൾ വെളിച്ചം അനുഭവിക്കുന്ന പക്ഷിയാണ് വിശ്വാസം”.
സാഹചര്യങ്ങൾ നമ്മുടെ സന്തോഷത്തെയും, ആന്തരിക സമാധാനത്തെയും നിർണ്ണയിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് വിശ്വാസം.
നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ഭയത്തേക്കാൾ വലുതായിരിക്കട്ടെ!!
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ