ജീന ഷൈജു
ഈ തലക്കെട്ട് വായിച്ചതോടെ സ്ക്രോൾ ചെയ്തു പോക്കൊണ്ടിരുന്ന നിങ്ങളുടെ വലിയ വിരലിനെ നിങ്ങൾ ചുവപ്പ് കൊടി കാണിച്ചല്ലേ….വരൂ.. ബാക്കി പറയാം…
കഴിഞ്ഞ ദിവസത്തിന്റെ അന്ത്യത്തിൽ, പകലിന്റെ ഭാരം ഇറക്കി വെച്ചു,സമൂഹമാധ്യമത്തിൽ കണ്ണോടിച്ചു കൊണ്ടിരുന്നപ്പോഴാണ്, യൂട്യൂബിന്റെ പടിഞ്ഞാറേ കോണിൽ ഈ തലക്കെട്ടു കണ്ടത്… മനുഷ്യനല്ലേ.. മലയാളിയല്ലേ.. മറ്റുള്ളവരുടെ സ്വകാര്യതയിൽ ചൂഴ്ന്നു നോക്കുന്ന സ്വഭാവം തീരെ കുറവായിരുന്നതിനാൽ ഞാൻ അത് തുറന്നു നോക്കി…
അപ്പൊ കണ്ടതോ……
ഇപ്പൊ നിങ്ങൾക്കും ഒരാകാംക്ഷ വന്നില്ലേ?..
നിങ്ങളുടെ തെറ്റല്ല….
ഈ ചാനൽ നിങ്ങൾ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലേൽ,ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്യൂ.. അടുത്തുള്ള ബെൽ ഐക്കൺ അമർത്താൻ മറക്കരുത്… ആൾമാറാട്ടം നടത്തുമാറ് മുഖത്തും കവിളത്തും ചായം പൂശിയ ഒരു പെൺകുട്ടി വാർത്തയുടെ വിശദീകരണം തന്നു തുടങ്ങി.
സ്ഥലവും, സമയവും പറഞ്ഞു കഴിഞ്ഞ് “സ്വന്തം ഭാര്യ വെള്ളത്തിൽ വീണത് കണ്ട ഭർത്താവ് താൻ ഉടുത്തിരുന്ന ലുങ്കി ഊരി വെള്ളത്തിലേക്കു ഇട്ടു ആ സ്ത്രീയെ രക്ഷിച്ചു.”
കേട്ട ഞാനൊന്ന് ഞെട്ടി, മനുഷ്യത്വമുള്ള ഏതു ഭർത്താവാണ് സ്വന്തം ഭാര്യ വെള്ളത്തിൽ വീഴുമ്പോൾ നോക്കി നിൽക്കുക… (അങ്ങനെ അല്ലാത്ത മനപ്പൂർവമായ ചില സംഭവങ്ങൾ ഒഴിച്ചാൽ )
ബുദ്ധി ശൂന്യത സംഭവിച്ചിട്ടില്ലാത്ത ഏതൊരു ഭർത്താവും അതല്ലേ ചെയ്യൂ… അതിത്ര വാർത്ത ആക്കാനെന്താണ്??? പട്ടിണിയും, ദാരിദ്രവും മൂലവും സാക്ഷര കേരളത്തിൽ എത്ര മനുഷ്യർ മരിക്കുന്നു… അതൊക്കെ കാണാതിരിക്കാൻ ഈ ചാനൽകാരുടെ കണ്ണ് മൂടിക്കെട്ടിയിരിക്കുകയാണോ?
അല്ല എന്തിനാണ് അവരെ കുറ്റം പറയുന്നത്… എന്ത് വാർത്ത കണ്ടാലും തുറന്നു നോക്കുന്ന എന്നെയും, നിങ്ങളിൽ ചിലരെയും പറഞ്ഞാൽ മതിയല്ലോ… നമുക്ക് അറിവോ, ഗുണമോ ഇല്ലാത്ത ഒന്ന് എന്തിന് വായിക്കണം.. കേൾക്കണം … നെഗറ്റീവ് എനെർജി പുറപ്പെടുവിക്കുകയോ, സമയത്തെ കൊന്നു കളയുകയോ അല്ലാതെ ഇങ്ങനത്തെ വാർത്തകളെ കൊണ്ട് വലിയ ഉപയോഗമൊന്നുമുണ്ടെന്നു തോന്നുന്നില്ല..
പിന്നെ റേറ്റിംഗ് നു വേണ്ടി, വാർത്തകൾ ഇറക്കുന്ന തുക്കടാ ചാനലുകളെ എന്തിന് പറയണം, കേരളത്തിലെ പേരുകേട്ട ഒരു ചാനൽ കഴിഞ്ഞ ദിവസം ഇറക്കിയ വാർത്തയായിരുന്നു, “നടി ആഹാന വാക്‌സിൻ എടുത്തപ്പോൾ കരഞ്ഞു.. കൂട്ടുകാരികൾ കണ്ണ് തുടച്ചു കൊടുത്തു എന്ന്…”
പുച്ഛം മാത്രം.. ഇങ്ങനെ സെലിബ്രിറ്റികളുടെ മൂടുതാങ്ങുന്ന ചാനലുകളോട് … ഇതേ ചാനലിൽ മാസങ്ങൾക്കു മുന്നേ വന്ന ഒരു വാർത്തകൂടി പറഞ്ഞുകൊണ്ട് നിർത്തട്ടെ…
“ഷൂട്ടിങ് നു പോയ, ജോർജിയയിൽ കുടുങ്ങി പോയ ഒരു പ്രമുഖനടൻ മാസങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ… അദ്ദേഹത്തിന്റെ ഫോട്ടോയോടൊപ്പം “-ഈ ചാനലിലെ മുൻനിര വാർത്ത ആയിരുന്നു… അതെന്തിന് ഇത്ര കൊട്ടി ഘോഷിച്ചു പറയണം… അതെ സമയത്ത് തന്നെ നാടും, വീടും വിട്ടു എത്ര പ്രവാസികളാണ് ജോലിയില്ലാതെ, ഭക്ഷണമില്ലാതെ, മരണമടഞ്ഞ തന്റെ പ്രീയപ്പെട്ടവരെ ഒരു നോക്ക് കാണാതെ ശാരീരിക, മാനസിക, സാമ്പത്തിക ക്ലെശങ്ങളിലായിരുന്നു… അതൊക്കെ ഏതെങ്കിലും വാർത്തകളിൽ വളരെ വിശദമായി വന്നിരുന്നോ???
ഇല്ല.. എന്നാണ് എന്റെ ഒരിത്…..
അതാണ്…. അപ്പൊ പറഞ്ഞു വന്നത് അത്രേയുള്ളൂ…. നട്ടാൽ കുരുക്കാത്ത വാർത്തകൾ തുറന്നു വായിക്കാതിരിക്കുക.. അവയെ പ്രചരിപ്പിക്കാതിരിക്കുക…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ