ആനി ജോർജ്
“എല്ലാവരും ലോകത്തെ മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു; പക്ഷെ ആരും സ്വയം മാറുന്നതിനെക്കുറിച്ചു ചിന്തിക്കുന്നില്ല;” 1800 കളിൽ ജീവിച്ചിരുന്ന, റഷ്യൻ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ ആണിത്.
നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നിരിക്കുന്ന കമ്പ്യൂട്ടർ കീബോർഡിലെ മൂന്ന് കീകളുടെ സംയോജനം, ആണല്ലോ Ctrl, Alt, Delete. പ്രതികരിക്കാത്ത ഒരു ആപ്ലിക്കേഷൻ അടയ്ക്കുന്നതിനും കമ്പ്യൂട്ടർ റീബൂട്ട് ചെയ്തു ലോഗിൻ ചെയ്യുന്നതിനും ഒരേ സമയം അമർത്തിപ്പിടിക്കുന്ന മൂന്നു കീകൾ ആണ് ഇവ. ഈ മൂന്നു കീകൾക്കും എന്താണിവിടെ പ്രസക്തി എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം അല്ലേ?
ഒരു കഥ ഞാൻ ഇങ്ങനെ വായിച്ചിട്ടുണ്ട്.
“ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു..
ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഒട്ടും തന്നെ ഇഷ്ടമായില്ല… അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന ആ മനുഷ്യനെ തള്ളി നീക്കുവാൻ തുടങ്ങി …..
അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചു കൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു..
അല്പം കഴിഞ്ഞപ്പോൾ ആ മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി…
ബസിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അദ്ദേഹം പോക്കറ്റിൽ നിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനു ശേഷം ഒന്ന് ചിരിച്ചു കൊണ്ട് ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു..
തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:
”ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ.”
1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു…
പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകും വിധം തന്റെ അഡ്രസ് കാർഡ് നല്കുക മാത്രം ചെയ്തു…
എന്താണിതിന് കാരണം?
ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് അദ്ദേഹത്തിന്റെ മനസിനുണ്ടായിരുന്നു.. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കാൻ കഴിയേണമെങ്കിൽ നമുക്ക് ആന്തരികബലം ഉണ്ടായിരിക്കേണം.”
മനസ്സിനു വേണ്ടത്ര ശക്തിയില്ലാത്തവരാണ് എപ്പോഴും എല്ലാറ്റിനോടും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ, തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ചെയ്താലോ അവരോട് രണ്ടു വാക്കിലൂടെ എങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവർക്ക് സ്വസ്ഥതയില്ല. നമുക്ക് ചുറ്റും കാണുന്നതിനോടും കേൾക്കുന്നതിനോടുമൊക്കെ എപ്പോഴും പ്രതികരിച്ചു കൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും എന്നതിന് യാതൊരു സംശയവും ഇല്ല. പലകുടുംബങ്ങളും, വ്യക്തികളും തകരുവാനുള്ള അടിസ്ഥാന കാരണവും ഇതു തന്നെയാണ്.
എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുകളുണ്ടാകും; എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കുവാനും, തിരസ്കരിക്കുവാനും നാം പഠിക്കേണ്ടതുണ്ട്.
എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കുവാനും പോകുമ്പോൾ നമ്മുടെ ജീവിതം തന്നെയാണ് നശിച്ചു പോകുന്നത് എന്ന കാര്യം നാം വിസ്മരിച്ചു പോകരുത്.
ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്ത ചില രോഗങ്ങൾ മനുഷ്യരിൽ അന്തർലീനമായിട്ടുണ്ട്, “കോപം, ക്രോധം, അസൂയ, അത്യാഗ്രഹം, പിണക്കം, പക, മറ്റുള്ളവരോടുള്ള തെറ്റായ മനോഭാവം, ഞാൻ എന്ന ഭാവം, അഹങ്കാരം” ഇതൊക്കെ ഇവയിൽ ചിലതു മാത്രം. പ്രവർത്തനരഹിതമായ ഒരു കമ്പ്യൂട്ടർ സിസ്റ്റത്തെ വീണ്ടും പ്രവർത്തനയോഗ്യമാക്കേണമെങ്കിൽ നാം CTRL + ALT + DELETE ചെയ്യുന്നതുപോലെ ആരോഗ്യപരമായ ഒരു ജീവിതം നയിക്കേണമെങ്കിൽ താഴെപ്പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളെങ്കിലും നാം ശ്രദ്ധിക്കേണ്ടതായുണ്ട്.
ഒന്നാമതായി CTRL – Control Yourself (സ്വയം നിയന്ത്രിക്കുക)
രണ്ടാമതായി ALT – Alter your Thinking (നിങ്ങളുടെ ചിന്താഗതിയെ മാറ്റുക)
മൂന്നാമതായി DELETE – Delete Negativity (നിഷേധാത്മകതയെ ഇല്ലാതെയാക്കുക)
എങ്ങനെ നിങ്ങൾക്ക് ഇതു സാധ്യമാകും?
മറ്റൊരാളുടെ നിസ്സാരമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ മാനസികാവസ്ഥ മാറാത്ത ഒരു ഘട്ടത്തിലേക്ക് നിങ്ങൾ എത്തിച്ചേരുക… അഥവാ ആത്മനിയന്ത്രണം സ്വായത്തമാക്കുക. നമുക്ക് ചുറ്റും കാണുന്ന എല്ലാത്തിനോടും പ്രതികരിക്കാതിരിക്കുക; ഹൃദയത്തിനുള്ളിൽ ക്രീയാത്മകമായ ചിന്തകളെക്കൊണ്ട് നിറയ്ക്കുക; മറ്റുള്ളവരോട് ഹൃദ്യമായി പെരുമാറുവാൻ ശീലിക്കുക.
ജീവിതപന്ഥാവിൽ ഉയരങ്ങളിലേക്കെത്താൻ പരിശ്രമിക്കുമ്പോഴും നമുക്കുള്ള പരിമിതികളിൽ നാം എപ്പോഴും സംതൃപ്തരായിരിക്കുക; കാര്യസാധ്യത്തിനായും, മറ്റുള്ളവരെപ്പോലെ ആകുവാനും ശ്രമിക്കുമ്പോൾ, കുറുക്കുവഴികൾ തേടാതെ, നേരായ വഴികൾ മാത്രം കണ്ടെത്തുക.
പല വീടുകൾക്കും/സ്ഥാപനങ്ങൾക്കും മുൻപിൽ വെച്ചിട്ടുള്ള 3 ചെറിയ പ്രതിമകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിശബ്ദമായ ഈ പ്രതിമകൾ ലോകത്തോട് വിളിച്ചു പറയുന്ന ഒരു സന്ദേശമുണ്ട് “കാണേണ്ട — കേൾക്കേണ്ട —-പറയേണ്ട”. കാണേണ്ട കാര്യങ്ങൾ മാത്രം കാണുക, കേൾക്കേണ്ടത് മാത്രം കേൾക്കുക, പറയേണ്ടത് മാത്രം പറയുക.
അതെ, നിങ്ങളുടെ വികാരങ്ങൾ ഒരിക്കലും നിങ്ങളുടെ ബുദ്ധിയെ മറികടക്കാൻ ഇടയാകാതിരിക്കട്ടെ!!
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ