വാഴ്സോ: സ്പാനിഷ് ക്ലബായ വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയല്‍. ക്ലബിന്റെ 98 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ മേജര്‍ കിരീടമാണിത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാല്‍റ്റിയില്‍ വീഴ്ത്തിയാണ് വിയ്യാറയല്‍ കിരീടത്തില്‍ മുത്തമിട്ടത്.
നിശ്ചിത സമയത്തും എക്സ്ട്രാ മിനിറ്റിലും 1-1 എന്ന നിലയിലായിരുന്ന മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയപ്പോള്‍ 11-10 എന്ന സ്കോറിലാണ് വിയ്യാറയല്‍ വിജയിച്ചത്. വിയ്യാറയല്‍ പരിശീലകന് ഉനായ് എംറിയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്.
ഇന്നത്തെ ഫൈനലിന് അറ്റാക്കിംഗ് ലൈനപ്പുമായാണ് ഒലെ യുണൈറ്റഡിനെ ഇറക്കിയത്. എന്നാല്‍ കളി നിയന്ത്രിക്കാന്‍ യുണൈറ്റഡ് തുടക്കത്തില്‍ തന്നെ കഷ്ടപ്പെട്ടു. പിന് നിരയില്‍ ക്യാപ്റ്റന്‍ മഗ്വയര്‍ ഇല്ലാത്തതും പ്രശ്നമായി.
കളിയിലെ ആദ്യ അവസരത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് വിയ്യാറയല്‍ ലീഡ് എടുത്തു. 29-ാം മിനിറ്റില്‍ ഒരു ഫ്രീകികിക്കില് നിന്നായൊരുന്നു വിയ്യാറയലിന്റെ ഗോള്‍. പരേഹോ എടുത്ത ഫ്രീകിക്ക് ജെറാഡ് മൊറേനെ ലക്ഷ്യത്തില്‍ എത്തിച്ചു. ഈ ഗോളിന് ശേഷം യുണൈറ്റഡ് തുടര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഗോള്‍ അവസരങ്ങള്‍ പോലും ആദ്യ പകുതിയില്‍ സൃഷ്ടിക്കാന്‍ യുണൈറ്റഡിനായില്ല.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെ ആണ് യുണൈറ്റഡ് ഇറങ്ങിയത്. അറ്റാക്ക് ചെയ്ത് തുടങ്ങിയ യുണൈറ്റഡ് അവസരങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. 55-ാം മിനിറ്റില്‍ കവാനിയിലൂടെ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു.
ഇതിനു ശേഷം കളി പൂര്‍ണ്ണമായും യുണൈറ്റഡ് നിയന്ത്രണത്തിലേക്ക് വന്നു. 90 മിനിറ്റും യുണൈറ്റഡ് വിജയ ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. കളി 1-1 നിലയില്‍ എക്സ്ട്രാ ടൈമിലേക്ക് കടന്നു. ആധിക സമയത്തും ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തി.
പെനാല്‍റ്റിയില്‍ ഇരുടീമിലെയും പത്ത് താരങ്ങളും ലക്ഷ്യം കണ്ടത്തോടെ ഗോള്‍ കീപ്പറുടെ ഊഴമായി. വിയ്യാറയല്‍ കീപ്പര്‍ പന്ത് വലയില്‍ എത്തിച്ചപ്പോള്‍ യുണൈറ്റഡ് കീപ്പര്‍ ഡിഹയുടെ കിക്ക് പിഴച്ചു. 11-10 എന്ന സ്കോറിന് പെനാല്‍റ്റി ഷൂട്ടൗട്ട് വിജയിച്ച് വിയ്യാറയല്‍ കിരീടത്തില്‍ മുത്തമിട്ടു.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം