January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മതപീഡന കാഴ്ചയുടെ കാണാപ്പുറങ്ങൾ

ജോബി ബേബി

ലോകത്ത് ദിവസം എട്ടു ക്രൈസ്തവരെങ്കിലും വിശ്വാസത്തിന്‍റെ പേരിൽ കൊല്ലപ്പെടുന്നുവെന്നാണ് 2020ലെ കണക്ക്. ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരിൽ ദിവസം 23 പേരെങ്കിലും മാനഭംഗത്തിനോ ലൈംഗിക അതിക്രമത്തിനോ ഇരയാവുകയും ചെയ്യുന്നു.ഓരോ ആഴ്ചയിലും 182 ക്രൈസ്തവ ആരാധനാലയങ്ങളോ സ്ഥാപനങ്ങളോ തകർക്കപ്പെടുന്നു.102 വീടുകളോ സ്ഥാപനങ്ങളോ ആഴ്ചതോറും നശിപ്പിക്കപ്പെടുന്നു.ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരിൽ മാസംതോറും അന്യായമായി ജയിലിലടയ്ക്കപ്പെടുന്നത് 309 പേരാണ്.വേൾഡ് വാച്ച് ലിസ്റ്റിന്‍റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.ലോകത്ത് ഇത്രമാത്രം പീഡനം സഹിക്കുന്ന മറ്റൊരു മതവുമില്ല.

താൻ വിശ്വസിക്കുന്ന ജീവിതമൂല്യങ്ങൾക്കുവേണ്ടി ജീവൻ തന്നെ ബലികഴിക്കുന്നവരെയാണു നാം രക്തസാക്ഷികൾ എന്നു വിളിക്കുന്നത്. ‘രക്തസാക്ഷികൾ‘ രണ്ടു തരമുണ്ടെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.തങ്ങളുടെ വിശ്വാസത്തിനു വേണ്ടി അക്ഷരാർത്ഥത്തിൽ ജീവൻ തന്നെ ത്യജിച്ച ചുവന്ന രക്തസാക്ഷികളും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും വിശ്വാ‍സത്തിനുവേണ്ടി പലവിധ പീഡകൾ സഹിക്കുന്ന ശുഭ്ര രക്തസാക്ഷികളും.രക്തസാക്ഷികളുടെ കാര്യത്തിലെന്ന പോലെ മതപീഡനത്തിന്റെ കാര്യത്തിലും രണ്ടു വ്യത്യസ്ത രീതികൾ അവലംബിക്കാറുണ്ട്. ഒന്ന്, രക്തരൂക്ഷിത പീഡനങ്ങളും മറ്റൊന്ന്, രക്തരൂക്ഷിതമല്ലാത്ത മൃദു-മതപീഡനങ്ങളും.

ഭാരതസഭയുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ പോലും ഈ രണ്ടു തരത്തിലുമുള്ള പീഡനങ്ങൾ നമുക്ക് കാണുവാൻ കഴിയും.ഒറീസയിൽ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടെരിച്ചതുമുതൽ, വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സി.റാണിമരിയയും വിവിധ മിഷൻ പ്രദേശങ്ങളിൽ കൊല്ലപ്പെട്ട നിരവധി ആളുകളും ഈ കാലഘട്ടത്തിൽ ക്രൈസ്തവവിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായിട്ടുണ്ട്. അതുപോലെ തന്നെ കണ്ടമാലിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും മംഗലാപുരത്തുമൊക്കെ വലിയ രീതിയിൽ ക്രൈസ്തവർക്കെതിരെ ലഹളകൾ തന്നെ സംഘടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ അടുത്തകാലത്തായി ഇത്തരം രക്തരൂക്ഷിത പീഡനങ്ങൾ കുറഞ്ഞിട്ടുണ്ട് എന്ന കാര്യവും അംഗീകരിക്കാതെ വയ്യ.പക്ഷെ ഇത്തരം രക്തരൂക്ഷിത പീഡനങ്ങൾ കുറഞ്ഞു എന്നതുകൊണ്ട് മാത്രം ക്രൈസ്തവർ ഇപ്പോൾ സുരക്ഷിതരാണു എന്ന അർത്ഥമുണ്ടോ? ഇല്ല എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

ക്രൈസ്തവപീഡനം സംബന്ധിച്ച് ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ നൽകുന്ന വിവരങ്ങൾ ആശങ്കയും അരക്ഷിതബോധവും ഉളവാക്കുന്നതാണ്. 2018-19 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവപീഡനം നടന്നതും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നതിന് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ 10 രാജ്യങ്ങളിലൊന്ന് (അവ മിക്കവയും മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളാണ്) ഇന്ത്യയാണ്. ഇന്ത്യനാകുന്നതിന് ഹിന്ദുവാകണമെന്നുള്ള മുറവിളി ഹിന്ദു ദേശീയവാദികൾ ഉയർത്തുന്നു. ക്രിസ്ത്യാനികളുടേത് വൈദേശികവിശ്വാസമാണെന്ന് അവർ ആരോപിക്കുന്നു. പല കാര്യങ്ങളിലും ക്രിസ്ത്യാനികൾക്ക് വിവേചനം നേരിടേണ്ടിവരുന്നു.

അടുത്തകാലത്ത് ഇന്ത്യയിൽ മതദേശീയവാദം ശക്തിപ്പെടുകയും മതപീഡനങ്ങൾ വർധിക്കുകയും ചെയ്യുന്നതായി കാണുന്നു. 2016-ൽ 358-ഉം 2017-ൽ 736-ഉം ആക്രമണങ്ങൾ മതതീവ്രവാദികളിൽനിന്ന് ക്രൈസ്തവർക്കു നേരിടേണ്ടിവന്നിട്ടുണ്ട്. 2018-ൽ 447-ഉം 2019-ൽ 527-ഉം 2020-ന്‍റെ ആദ്യപകുതിയിൽ 428-ഉം ക്രൈസ്തവപീഡനങ്ങൾ ഇന്ത്യയിൽ നടന്നതായി രേഖപ്പെടുത്തപ്പെട്ടു.ഈ കാലയളവിൽ നിരവധി പള്ളികൾ മതതീവ്രവാദ സമ്മർദംമൂലം അടച്ചുപൂട്ടപ്പെടുകയും ചെയ്തു.മതതീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തത് ക്രൈസ്തവപീഡനത്തിനു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപണമുണ്ട്.മതതീവ്രവാദികളുടെ തേരോട്ടം ഒഡീഷയിലെ കന്ധമാലിൽ കണ്ടതാണ്.ക്രൂരമായ ആ ആക്രമണത്തിൽ 400-ഓളം പള്ളികൾ നശിപ്പിക്കപ്പെട്ടു;5600-ലധികം വീടുകൾ കൊള്ളയടിക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു.600 ഗ്രാമങ്ങൾ കൊള്ളയടിക്കപ്പെട്ടു,60000-ലധികം ആളുകൾ ഭവനരഹിതരായി.അനേകം സ്ത്രീകൾ ലൈംഗികാതിക്രമത്തിനു വിധേയരാക്കപ്പെട്ടു;100-ഓളം പേർ കൊല്ലപ്പെട്ടു.ഇത്തരം ആക്രമണങ്ങൾക്കപ്പുറം ക്രിസ്തുവിനെ പിന്തുടരുന്നവരും പ്രഘോഷിക്കുന്നവരും എന്ന രീതിയിൽ ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളും ഏറെയാണ്.രക്തരൂക്ഷിത അക്രമങ്ങളേക്കാൾ ആസൂത്രിതമായ സമ്മർദ്ദതന്ത്രങ്ങളാണ് ഇന്നു ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഡനമുറകൾ.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന, ലോകം പ്രശംസിക്കുന്ന മതേതരത്വം ഇന്ത്യക്കു നഷ്ടപ്പെടുമോ? ലോകത്തിനുതന്നെ പ്രചോദനമായിട്ടുള്ള ഇന്ത്യയുടെ ധാർമിക- ആത്മീയദർശനം പുറന്തള്ളപ്പെടുമോ? എന്നീ ചോദ്യങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.ഇന്ത്യൻ മതേതരത്വം മതസ്വാതന്ത്ര്യമാണ്.ഒരാൾക്കു തന്‍റെ മനഃസാക്ഷിയനുസരിച്ച് ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുക്കാനും ജീവിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ്. മതവിശ്വാസത്തിന്‍റെ പേരിൽ മുൻഗണനയോ അവഗണനയോ ഒരു ഇന്ത്യൻ പൗരൻ അനുഭവിക്കാൻ പാടില്ലെന്നുള്ള ചിന്തയാണു ഭരണഘടനാ ശില്പികൾക്ക് ഉണ്ടായിരുന്നത്.സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം എന്ന മഹത്തായ ആദർശത്തിന്‍റ സുന്ദരമായ ആവിഷ്കാരം ഇന്ത്യൻ ഭരണഘടനയെ ലോകോത്തരമാക്കി.ഇതിനുമേൽ കരിനിഴൽ വീഴുകയാണോ എന്നു ഭയപ്പെടുന്നു.

ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ജീവിതം ദുസഹമാക്കുന്ന നിയമനിർമ്മാണങ്ങളും വിധിപ്രസ്താവനകളും മാധ്യമവിചാരണകളുമൊക്കെ നിത്യേന എന്ന വണ്ണം നിർബാധം തുടരുകയാണ്. നമ്മുടെ കുടുംബങ്ങളുടെ കെട്ടുറപ്പും ധാർമ്മികതയും തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള പല പ്രശ്നങ്ങളും നമുക്ക് നേരിടേണ്ടി വരുന്നുണ്ട്. വിവാഹത്തിലും പ്രണയത്തിലുമൊക്കെ ലിബറൽ ചിന്താഗതികൾ വളർത്തിക്കൊണ്ടുവരുന്നതും ഇതിന്റെയൊക്കെ ഭാഗമാണെന്നാണു പല കേസുകളും പഠിക്കുമ്പോൾ വ്യക്തമാകുന്നത്. പലരുടെയും അനുഭവങ്ങളും നമ്മുടെ ചുറ്റും കാണുന്നുണ്ടെങ്കിലും നാം അംഗീകരിക്കാനും ചർച്ചചെയ്യാനും ബുദ്ധിമുട്ടുന്ന ‘ലവ് ജിഹാദ്’ ‘നാർകോട്ടിക് ജിഹാദ്’ കേസുകൾ മുതൽ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സ്വവർഗവിവാഹം, ദയാവധം, ഭ്രൂണഹത്യ എന്നിങ്ങനെ വ്യക്തിസ്വാതന്ത്രം എന്ന പേരിൽ കൊട്ടിഘോഷിക്കപ്പെടുന്ന പലതും അർത്ഥവത്തായ ക്രൈസ്തവ ജീവിതം ദുഷ്കരമാക്കുന്നുണ്ട്.

രക്തം ചൊരിയപ്പെട്ട് ക്രിസ്തുവിനു സാക്ഷികളാകുന്നവർ മാത്രമല്ല രക്തസാക്ഷികൾ എന്നു തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ശാരീരികമായി പീഡിപ്പിക്കുന്നവ മാത്രമല്ല മതപീഡനങ്ങളുടെ കണക്കിൽ പെടുത്തേണ്ടത്. ഇന്ത്യയിലെ മതപീഡനങ്ങളുടെ യഥാർത്ഥ ലക്ഷ്യങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ഉള്ള മുതലെടുപ്പുകൾ ആണ്. ഒരുപക്ഷെ രക്തരൂഷിതമായ പീഡനങ്ങളോട് സഹിഷ്ണുത പുലർത്തുന്ന ക്രിസ്ത്യാനികൾക്കെതിരെ അത്തരം ആക്രമണങ്ങൾ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നു മനസിലാക്കിയതിനാൽ ആവണം അവർ പീഡനത്തിന്റെ ശൈലി മാറ്റിയത്. വ്യാപകമായിക്കൊണ്ടിരിക്കുന്ന മൃദു-മതപീഡനത്തെ മനസിലാക്കുകയും അതിനെ വെളിച്ചത്തിൽ കൊണ്ടുവരുകയും ക്രിസ്തീയമായ രീതിയിൽ തന്നെഅതിനെ നേരിടുകയും ചെയ്യേണ്ടത് ആവശ്യമാണ്. ക്രിസ്ത്യൻ കൂട്ടായ്മകൾ ഈ വിപത്തിനെ എങ്ങനെ നേരിടും എന്നത് ഭാരതത്തിലെ അവരുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരിക്കും.

ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും ക്രിസ്തീയ പീഡനങ്ങൾക്ക് കുറവില്ലായെന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്.കഴിഞ്ഞ വർഷം 50രാജ്യങ്ങളിലായി 30കോടിയിലേറെ ക്രൈസ്തവരാണ് വിവിധതരത്തിലുള്ള പീഡനങ്ങൾക്കും അക്രമങ്ങൾക്കും ഇരയായത്.ഉത്തരകൊറിയയും നൈജീരിയയുമാണ് ക്രൈസ്തവപീഡനത്തിന്റെ ഇപ്പോൾ മുന്നിൽ നിൽക്കുന്ന 2രാജ്യങ്ങൾ.ഉത്തര കൊറിയയിൽ ക്രിസ്തുവിശ്വാസത്തിന്റെ പേരിൽ അൻപതിനായിരത്തിലധികം ആളുകൾ ജയിലിൽ അടയ്ക്കപ്പെടുന്നതായിയാണ് റിപ്പോർട്ടുകൾ.നൈജീരിയയിൽ കഴിഞ്ഞ വർഷം പീഡനത്തിൽ മാത്രം കൊല്ലപ്പെട്ടത് 3500പേരാണ്.ഈ രാജ്യങ്ങൾ കൂടാതെ ലിബിയ,അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,ചൈന,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ക്രൈസ്തവർ ക്രൂര പീഡനങ്ങൾക്ക് ഇരയാകാറുണ്ട്.

ലോകവ്യാപകമായി പീഡനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഭാരത്തിലെ മിഷനറിമാരുടെയും ദൈവജനകളുടെയും സ്ഥിതി ആശങ്ക ഉളവാക്കുന്നതാണ്.മുഖ്യധാര മാധ്യമങ്ങൾ ക്രസ്തവർക്കെതിരായി നടക്കുന്ന പീഡനവാർത്തകൾ റിപ്പോർട്ട് ചെയ്യാനും താത്‌പര്യപ്പെടുന്നില്ല.അതുകൊണ്ട് ഈ സംഭവങ്ങൾ പലപ്പോഴും പുറം ലോകം അറിയാതെ പോകുന്നു.അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു എന്ന സങ്കീർത്തന വാക്യം പോലെ ദൈവജനം സുവിശേഷ വിരോധികളുടെ പല്ലുകൾക്ക് ഇരയായി കൊണ്ടിരിക്കുകയാണ്.മരണം ഇന്ന് വാർത്തയല്ല മറിച്ചു കേവലം സംഖ്യകൾ മാത്രമായി തീർന്നിരിക്കുന്നു.ഓരോ പീഡനങ്ങൾക്കും മരണങ്ങൾക്കു ശേഷം അനുകൂലവും പ്രതികൂലവുമായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നതിലൂടെ ഇരകൾക്ക്‌ നീതി നിഷേധിക്കപ്പെടുന്നു.അറുപ്പാനുള്ള ആടുകളെപ്പോലെ എണ്ണപ്പെട്ടിരിക്കുന്ന പീഡിതർക്കായി നമ്മുക്ക് ശബ്ദം ഉയർത്താൻ കഴിയട്ടെ.

(According to World Watch List(WWL)2021-Top 10 Countries Where Christians Face the Most Violence are North Korea,Afghanistan,Somalia,Libya,Pakistan,Eritrea,Sudan,Yemen,Iran,India. All over the world 4,761 Christians were killed for their faith,4,488 Churches or Christian buildings were attacked,4,277 Christians were unjustly arrested,detained or imprisoned,1,710 Christians were abducted for faith-related reasons.On average, every day,13 Christians are killed for their faith,12 churches or Christians buildings are attacked,12 Christians are unjustly arrested, detained or imprisoned,and 5 Christians are abducted for faith-related reasons).

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!