November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വഴി പിരിയരുത് കുടുംബബന്ധങ്ങൾ

ജോബി ബേബി

സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ രൂപീകരണം സാധ്യമാകുന്നത് വിവാഹത്തിലൂടെയാണ്.കുടുംബനിർമ്മിതിയ്‌ക്ക് വേണ്ടി ഒത്തുചേരുന്ന സ്ത്രീ പുരുഷന്മാരെ ഭാര്യാ-ഭർത്താക്കൻ മാരായി സമൂഹം അംഗീകരിക്കുകയും അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായി അംഗീകാരം ലഭിക്കുകയും ചെയ്യും എന്നുള്ളതാണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്.എന്നാൽ സമീപകാലത്തു ഭാര്യാ-ഭർതൃബന്ധം ശിഥിലമാകുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്നു.സാക്ഷരതയിലും പ്രബുദ്ധതയിലും മുന്നിലെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തിനിത് ഏറെ അപമാന കരമാണ്.ദാമ്പത്തിക ബന്ധം വേർപെടുത്തുന്നതിനായി മാത്രം സംസ്ഥാനത്തെ കുടുംബകോടതികളിൽ അപേക്ഷ നൽകിയിരിക്കുന്നത് 20000ൽ പരം ദമ്പതിമാരാണെന്ന കണക്കുകൾ സൂചിപ്പിക്കുന്നു.ഇത് ആരേയും അമ്പരപ്പിക്കുന്ന വസ്തുതയാണ്.

ദമ്പതികബന്ധത്തിൽ സ്നേഹവും സഹനവും പരസ്പര ധാരണയും വിട്ടുവീഴ്ച മനോഭാവവും കുറഞ്ഞു വരുമ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കുന്നത്.ഹൈക്കോടതിയുടെ കണക്കനുസരിച്ചു വിവാഹമോചനത്തിനായി ഏറ്റവും കൂടുതൽ പേർ കേസ് കൊടുത്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.എന്നാൽ കോടതികളിൽ എത്താതെ തന്നെ വിവാഹമോചനം നേടിയെടുക്കുന്നവരുടെ എണ്ണം കൂടി തിട്ടപ്പെടുത്തിയാലേ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ നമുക്ക്‌ കൂടുതൽ ബോധ്യമാകൂ.

വിവാഹമോചനവും കുട്ടികളും

ചില കുടുംബങ്ങളിൽ കുട്ടികളെ സമൂഹവുമായി ഇടപെടാൻ അനുവദിക്കാതെ വളർത്തുന്നത് ഇന്ന് പതിവ് കാഴ്ചയാണ്.കേവലം പുസ്തകപ്പുഴുക്കളായി മാറുന്ന ഇക്കൂട്ടർക്ക് വിട്ടുവീഴ്‍ച മനോഭാവമോ,പര്സപരം സ്നേഹിക്കുന്നതിനുള്ള മനസ്സോ ഇല്ലാതെ വരുന്നു.ഇവർ പിൽക്കാലത്ത്‌ ദാമ്പത്യ ബന്ധത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങുന്നതായി കാണാം.കൂടാതെ മക്കളെ ഇതുവരെ തങ്ങൾക്ക് മാത്രം സ്വന്തം എന്ന് കരുതിയിരുന്ന മാതാപിതാക്കൾക്ക് കുടുംബത്തിൽ കടന്ന് വരുന്ന പുതിയ ഒരാളെ അംഗീകരിക്കാൻ കഴിയാതെ വരുന്നതും വിവാഹമോചനത്തിനു ഏറെക്കുറെ കാരണമാകാറുണ്ട്.എന്നാൽ രക്ഷാകർത്താക്കൾക്ക് അല്പം ഉള്ളുതുറന്ന് പെരുമാറിയാൽ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയും.

വിവാഹമോചനം നേരിടുന്നതിൽ ഭൂരിഭാഗവും തലയുയർത്തി പിടിച്ചാണ് കോടതികളിൽ നിന്നും തിരിച്ചു പോകുന്നത്.ഞാൻ ജയിച്ചു എന്നതിനേക്കാൾ പങ്കാളിയെ തോൽപ്പിച്ചു എന്ന് ഉത്‌ഘോഷിച്ചുകൊണ്ട്!ഇതിന്റെ തിക്ത ഫലങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്നത് വേർപിരിഞ്ഞ ദമ്പതികളുടെ കുട്ടികൾക്കാണ്.രക്ഷകർത്താക്കളുടെ വേർപിരിയൽ കുട്ടികളിൽ മനസിക ആഘാതം ഏൽപ്പിക്കുന്നതിനോടൊപ്പം അവരിൽ അരക്ഷിത ബോധവും ഉളവാക്കുന്നു.

കുടുംബഘടനയിൽ വേണം പൊളിച്ചെഴുത്ത്‌

1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന് കാലമിത്ര കഴിഞ്ഞിട്ടും സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് ആത്മഹത്യ ചെയ്‌യേണ്ടിവരുന്നു.നമ്മൾ ശരിക്കുമോന്നു നോക്കിയാൽ മനസ്സിലാകും അത്‌ സ്ത്രീധനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല.അടിസ്ഥാന പരമായി ഈ വിഷയങ്ങളിൽ നമ്മുടെ ശ്രദ്ധ ഇനിയും എത്തേണ്ടിയിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്‍.നമ്മൾ അവകാശപ്പെട്ടതുപോലെ കുടുംബങ്ങളിലെ ഘടന ഒന്നുകൂടി ഒരു വലിയ പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടതുണ്ട്.കുടുംബങ്ങൾക്ക് അകത്തു പുലരേണ്ടുന്ന ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചുകൂടി ശക്തമാകേണ്ടതുണ്ട്.കുടുംബമെന്നുള്ളത് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായി പ്രവർത്തിക്കുന്നു എന്നിരിക്കെ മാറ്റങ്ങൾ ഉണ്ടാകേണ്ടത് കുടുംബത്തിനുള്ളിലാണെന്നുള്ളതും അത് മാതാ പിതാക്കൾക്കും മക്കൾക്കുമിടയിലും ദമ്പതികൾക്കിടയിലും അച്ഛനമ്മമാർക്കിടയിലും സഹോദരങ്ങൾക്കിടയിലും ഉണ്ടാകേണ്ട അനിവാര്യമായ ജനാധിപത്യ ഇടങ്ങൾ ഉണ്ടാക്കപ്പെടേണ്ടതുണ്ട് എന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.ഇത്തരം കാര്യങ്ങളിൽ സ്ത്രീധനനിരോധന നിയമം വന്നു എന്നുള്ളതു കൊണ്ട് അത്‌ അവസാനിച്ചു എന്നാണ് നാം കരുതുന്നത്.

ഇപ്പോഴുള്ള കാര്യങ്ങൾ ഒക്കെ നോക്കിയാൽ വിവാഹ സമ്മാനം എന്ന രീതിയിൽ കാറൊക്കെ റിബണും പൂക്കളും വച്ചൊക്കെ അലങ്കരിച്ചു നിർത്തിയിട്ടുള്ളത് കാണാം.ഇതിനെ ഒരു പ്രശ്നവുമില്ലെന്ന രീതിയിൽ നോക്കിക്കാണാൻ നാം തുടങ്ങിയിട്ടുണ്ട്.സ്ത്രീധനം മാറിയിട്ട് ഇത് മക്കൾക്ക് കൊടുക്കുന്ന സമ്മാനമായി സങ്കല്പിച്ചുകൊണ്ട് ആ സമ്മാനം നിങ്ങളുടെ അന്തസ്സിനും മാന്യതയ്ക്കും അനുസരിച്ചു കൊടുക്കുമല്ലോ എന്നൊരു രീതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.ഇതൊക്കെ അറിഞ്ഞിട്ടും ഇതൊക്കെ സ്വാഭാവികമായി കാണുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി നമ്മളെല്ലാവരും.അപ്പോൾ ആത്മപരിശോധന നടത്തേണ്ടത് നമ്മുടെ ജീവിതത്തിൽ തന്നെയാണ്.ആത്മപരിശോധന മാത്രമല്ല,ആത്മ വിമർശനം നടത്തി മാത്രമേ നമ്മുക്ക് ഈ സംവിധാനത്തെ പൊളിച്ചെഴുതാൻ കഴിയും.പുതുക്കി പണിയാൻ പറ്റും.

വിവാഹമോചന കാരണങ്ങൾ

നവമാധ്യമനങ്ങളാണ് ഏറിവരുന്ന വിവാഹമോചനകൾക്ക് കാരണമാകുന്ന മറ്റൊരു വില്ലൻ.മൊബൈൽ ഫോൺ,ഇന്റർനെറ്റ്,സാമൂഹിക മാധ്യമങ്ങൾ എല്ലാം സ്വാധീന വലയം സൃഷ്ടിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ സൈബർ ചതിക്കുഴിയിൽപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.സ്ത്രീധന നിരോധന നിയമം ഇന്ത്യൻ ശിക്ഷാനിയമങ്ങകളും നിലവിലുണ്ടെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളും മരണങ്ങളും ഇന്നും നിത്യസംഭവങ്ങകളായി പത്രത്താളുകളിൽ ഇടം പിടിക്കുന്നു.

ജീവിത പങ്കാളിയുടെ മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിവാഹമോചനത്തിന് കാരണമാകാറുണ്ട്.ഉന്നത ഉദ്യോഗസ്ഥരായ ഭർത്താക്കന്മാർ,ഉദ്യോഗമില്ലാത്ത ഭാര്യയെ അവഗണിക്കുന്നതും കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്ക് ഇടയാക്കാറുണ്ട്.വിവാഹേതര ബന്ധങ്ങൾ,വിവാഹസമയത്തുള്ള സാമ്പത്തിക വാഗ്‌ദാനം പാലിക്കുന്നതിലുള്ള പരാജയം, ഭർതൃഗൃഹത്തിൽ ഭാര്യ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം വിവാഹമോചനത്തിൽ എത്തുന്ന കരണങ്ങളിൽ ചിലതാണ്.നമ്മുടെ ചിന്തകളാണ് നമ്മെ നയിക്കുന്നത്.ചിന്തകൾക്ക് പാളിച്ചകൾ വരുമ്പോൾ ജീവിതം തന്നെ വഴിമാറിപ്പോകും.ചുരുക്കത്തിൽ നമ്മുടെ ചിന്താഗതികൾക്കു മാറ്റം വരുത്തുക.അപ്പോൾ ജീവിതം തന്നെ സുന്ദരമാകും.

error: Content is protected !!