റീന സാറാ വർഗ്ഗീസ്
വളരെക്കാലം കൂടി കഴിഞ്ഞദിവസം മാതൃനിർവിശേഷയായ ഒരമ്മയോട് ഫോണിലൂടെ സംസാരിച്ചപ്പോൾ പണ്ടത്തെ കാലമൊക്കെ മാറിയെന്നും തൊട്ടടുത്ത് വിശേഷങ്ങൾ തിരക്കാനും സംസാരിക്കാനും ഒരാളില്ലെന്നും എന്തെങ്കിലും സംഭവിച്ചു പോയാൽ ആരറിയാനാണെന്നും വ്യസനത്തോടെ പറഞ്ഞത് ഏറെ ചിന്തിപ്പിച്ചു. പുസ്തക വായനയിലൂടെ സങ്കടങ്ങളെ മറികടക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
വിദ്യുച്ഛക്തി ഉണ്ടെങ്കിലും സൂര്യൻ അസ്തമിക്കുമ്പോൾ, വെളിച്ചമില്ലാതാകുന്ന വീടുകളാണ് ഇന്ന് നാട്ടിൻപുറങ്ങളിൽ ഏറെയും. സമൃദ്ധമായി വിളവെടുപ്പ് നടത്തിയിരുന്ന കൃഷിയിടങ്ങൾ മിക്കവയും വെറും തരിശു ഭൂമിയായിരിക്കുന്നു. ഉടമസ്ഥാവകാശികൾ പല രാജ്യങ്ങളിലെ പൗരന്മാരായി മാറിയിരിക്കുന്നു.
മക്കൾ ജോലിക്കായി പോകുമ്പോൾ വലിയ കോൺക്രീറ്റ് ചുവരുകൾക്കുള്ളിലെ വാർദ്ധക്യം അവിടെ ചുരുങ്ങുകയാണ്. അവരുടെ മനസ്സ് അതോടെ തളരും. പല ദിവസങ്ങളിലും ഉറക്കമില്ലാതാകും. അതങ്ങനെ നീണ്ട്, മറ്റു പല രോഗാവസ്ഥകളിലേക്കു ചെന്നെത്തും. പിന്നീടു് പലതരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങളായി പരിണമിക്കും.
സംസാരിക്കാൻ ആളില്ലാതാവുക എന്നത് വല്ലാത്തൊരു വിങ്ങലാണ്. പ്രത്യേകിച്ച് അക്കാലം വരെയും ഓടിനടന്നവർക്ക് അതുൾക്കൊള്ളുക ഏറെ വിഷമകരവും.
ടെലിവിഷനടക്കമുള്ള അതിനൂതന സാങ്കേതിക വിദ്യകൾ ഒരുപരിധിവരെ മാനസികോല്ലാസം നൽകുന്നുണ്ടെങ്കിലും അടുത്ത വീടുകൾ തമ്മിലുള്ള ബന്ധം നിശ്ശേഷം അറ്റു പോകുകയാണ്. പണ്ടുകാലങ്ങളിൽ ഒരു വീട്ടിൽ എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ബന്ധുക്കളെക്കാൾ മുൻപു് ഓടിയെത്തുന്നത് അയൽക്കാരായിരിക്കും. ഇന്ന് മിക്കയിടങ്ങളിലും അതില്ലാതായിരിക്കുന്നു എന്നത് വസ്തുതയാണ്.
ജാതിമതഭേദമെന്യേ എല്ലാ ആഘോഷങ്ങളും ഒന്നിച്ചു കൊണ്ടാടിയിരുന്ന ഒരു കാലത്തു നിന്ന് നാമെത്തി നിൽക്കുന്നത് ആളനക്കമില്ലാത്ത അയൽപക്കങ്ങളിൽ. ഒഴിഞ്ഞ പല നാട്ടിടവഴികളിലും കുട്ടികളുടെയും ചെറുപ്പക്കാരുടെയും കോലാഹലങ്ങളില്ല.
കാൽപ്പന്തുകളി, ക്രിക്കറ്റ്, തുടങ്ങി ഒട്ടേറെ കളികൾ ഒരിടയ്ക്ക് പലയിടങ്ങളിലും കാണാമായിരുന്നു. അതുപോലും ഇല്ലാതായിരിക്കുന്നു.
സിസിടിവി ഘടിപ്പിച്ച് അകലെയിരുന്ന് സ്വന്തം വീടും പരിസരങ്ങളും പലർക്കും കാണേണ്ടി വരുന്നു. യുവതയെ നാടുവിടാൻ പ്രേരിതമാക്കുന്നത് മോഹിപ്പിക്കുന്ന സേവന വേതന വ്യവസ്ഥകളാണെന്ന് എഴുതാതെ വയ്യ.
ആഘോഷങ്ങൾ എന്തുമായിക്കോട്ടെ ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് അതിന്റെ ഒരു വീതം എത്തുമെന്നുള്ളത് ഉറപ്പായിരുന്നു. പഴയ കാലത്തു നിന്നും തികച്ചും വിഭിന്നമായ നവസംസ്കാരത്തിൻ്റെ ഭാഗമായതോടെ സുദൃഢമായ, വിള്ളലില്ലാത്ത ഇഴയടുത്ത സ്നേഹബന്ധങ്ങൾ അന്യം നിന്നിരിക്കുന്നു എന്നത് മറച്ചുവയ്ക്കേണ്ട ഒന്നല്ല. നഗ്നസത്യമാണ്.
മുതിർന്ന പൗരന്മാരെ ചേർത്തുനിർത്തി അവരുടെ മാനസികോല്ലാസത്തിനായി പലതും ചെയ്യേണ്ടതുണ്ട്. കാരണം നാമെന്ന ഇന്നത്തെ പൗരന്മാരെ വാർത്തെടുത്തതിൽ അവർ വഹിച്ച സുപ്രധാനമായ പങ്ക് വിസ്മരിച്ചുകൂടാ.
ഏപ്രിൽ ഇരുപത്തിമൂന്നു് ലോകപുസ്തക പകർപ്പവകാശ ദിനം.
ഞങ്ങളുടെ എല്ലാ മാന്യ വായനക്കാർക്കും ലോക പുസ്തക ദിനാശംസകൾ. പഴയ തലമുറയ്ക്കൊപ്പം നവയുഗ യുവതയും നല്ല പുസ്തകങ്ങൾ വായിച്ചു വളരട്ടെ.
സ്നേഹത്തോടെ,
റീന സാറാ വർഗീസ്.
More Stories
തടിയലമാരയിലെ സാക്ഷ്യപത്രങ്ങൾ ഓർമ്മപ്പെടുത്തിയത്
വേണം അതീവ ശ്രദ്ധ
ഉപകാരങ്ങൾ തിരിച്ചുകിട്ടേണ്ട ഉപഹാരങ്ങളോ?