റീന സാറ വർഗീസ്
ഓർമയുടെ താളിയോല കെട്ടുകൾ തുറക്കുമ്പോൾ കാലം അതിൻ്റെ നാരായ മുനയാൽ എഴുതിവച്ചിരിക്കുന്ന ചിലതുണ്ട്. ചവിട്ടി നടന്ന അനുഭവങ്ങളാകുന്ന പാറക്കെട്ടുകളും കൂർത്ത മുള്ളുകളും മിനുസമേറിയ പുൽത്തകിടികളും അവിടെ എത്ര കൃത്യമായാണ് പകർത്തിയിരിക്കുന്നത്. ചിലത് മാഞ്ഞു തുടങ്ങിയിരിക്കുന്നു.
വേദനകളുടെ പാറക്കെട്ടുകളും കൂർത്ത മുള്ളുകളും ആർക്കു മറക്കാനാവും? അവിടെ നിന്ന് മിനുസമേറിയ പുൽത്തകിടിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴും ഹൃദയ കോണിൽ അതുണ്ടാവും. കോവിഡ് മഹാമാരി കണ്ണില്ലാത്ത ക്രൂരതയുടെ പര്യായമായി പലപേരുകളിൽ ലോകം അടക്കി വാഴുന്നു. മനുഷ്യർ ഇത്ര നിസ്സഹായരായി പോയ അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്?നിലയില്ലാക്കയത്തിൽ മുങ്ങിപ്പൊങ്ങിയ മൂന്ന് ആണ്ടുകൾ. തളയ്ക്കാനും ഒഴിപ്പിക്കാനും ശ്രമിക്കും തോറും ഒഴിയാബാധ പോലെ ഇന്നും ശാസ്ത്രലോകത്തെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യനെ വിടാതെ പിന്തുടർന്ന് കയറിക്കൂടുന്നു.
എത്ര പെട്ടെന്നാണ് നമ്മൾ പുതിയ മാറ്റങ്ങളോടു പൊരുത്തപ്പെട്ട് അത് ജീവിതചര്യയാക്കിയത്. ഒരുകാലത്ത് ആസ്പത്രികളിൽ മാത്രം കണ്ടിരുന്ന മുഖാവരണങ്ങൾ ലോകമെമ്പാടുമുള്ള മുഖങ്ങളുടെ ഒസ്യത്ത് എഴുതി വാങ്ങിയിരിക്കുന്നു. ധൂർത്ത് പാടെ ഒഴിവാക്കി ലാളിത്യത്തിന്റെ മേലങ്കി അണിയാൻ സാധിക്കുമെന്നു കൂടി മനസ്സിലാക്കിയ നാളുകൾ കൂടിയാണിത്.
ഓരോ പുതുവർഷപ്പുലരിയിലും നാളെ മുതൽ പുതിയ ഒരാളാകുമെന്ന് പ്രതിജ്ഞയെടുക്കുന്നു ഒട്ടു പേരും. പ്രവൃത്തി, ഭാഷണം എന്നിവ പരന് ദൂഷണമാകാതിരിക്കാൻ മനസ്സുകൊണ്ട് തീരുമാനമെടുക്കുമ്പോൾ പുതിയ പുലരിക്കൊപ്പം പുതിയ വ്യക്തിത്വം കൂടി രൂപപ്പെടുന്നു. ക്ഷണഭംഗുര ജീവിതത്തിൻ്റെ ഗരിമ, മാനവികത എന്ന അൽഗോരിതത്തിൽ സ്വച്ഛന്ദം വിഹരിക്കട്ടെ.
കാല്പനിക വസന്തത്തിന്റെ സുഗന്ധം പരത്തിയ ആധുനിക കവിത്രയത്തിലെ സ്നേഹഗായകനും ആശയഗംഭീരനുമായ
മഹാകവി കുമാരനാശാൻറെ വരികൾ ഓർമ്മയിൽ തെളിയുന്നൂ.
“അന്യജീവനുതകി സ്വജീവിതം, ധന്യമാക്കുമമലേ വിവേകികൾ..”
എല്ലാ മാന്യ വായനക്കാർക്കും നിറഞ്ഞ ഹൃദയത്തോടെ പുതുവത്സരാശംസകൾ നേരുന്നൂ.
സ്നേഹത്തോടെ
റീന സാറ വർഗീസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ