റീന സാറാ വർഗീസ്
പ്രതീക്ഷയോടെ കാത്തിരുന്ന എന്തെങ്കിലും, ഒരു നിമിഷത്തിൽ അപ്രതീക്ഷിതമായി തകിടം മറിയുമ്പോൾ ഏതൊരു വ്യക്തിയിലും നിരാശ ഉണ്ടാകുക സ്വാഭാവികം. അത് പലരിലും വിഭിന്നമാണ് എന്നുമാത്രം. ചിലപ്പോൾ സമയം ഇല്ലായ്മയിൽ നിന്ന് സമയം ഉണ്ടാക്കി ചെയ്ത പ്രവൃത്തിക്കോ ഉദ്യമത്തിനോ ഫലപ്രാപ്തി ലഭിക്കാതെ വരുമ്പോൾ, ഒന്നുമല്ലാതെ വെറും പൂജ്യമായി, ഇനി പിന്തിരിഞ്ഞേക്കാം എന്ന് കരുതുന്നവരാകാം ചിലരെങ്കിലും.
എന്തുകൊണ്ട് കഷ്ടപ്പാടിന് പ്രതിഫലം ലഭിക്കാതെ പോയി? എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെ സംഭവിച്ചു? ഇത്രയേറെ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടും കൈയെത്തിപ്പിടിക്കാൻ സാധിച്ചില്ല? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളിലൂടെ കടന്നുപോയി തകർന്നു നിൽക്കുന്നവരാകാം.
വിജയത്തിൻ്റെ ഉത്തുംഗശൃംഗത്തിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന മനോവ്യഥയിൽ അത് വേണ്ടായിരുന്നു എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കും. കഴിഞ്ഞതു കഴിഞ്ഞു. അതൊരിക്കലും തിരികെ പിടിക്കാൻ സാധ്യമല്ല. ആരോഗ്യവും ഊർജ്ജവും സമയവും വൃഥാ നശിപ്പിക്കാമെന്നു മാത്രം. ഭാവിയിൽ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ആവശ്യം. അതേ പറ്റിയാണ് ചിന്തിക്കേണ്ടതും.
വിജയത്തിന് നേർക്ക് എത്ര ഓടിയിട്ടും ഇപ്പോഴും പുറകിൽ തന്നെയാണ് എന്ന ചിന്തയിൽ പിന്തിരിഞ്ഞവർ ഉണ്ടാവാം. അന്നു് വരെ കൂടെയുള്ളവർ പോലും ഒരുപക്ഷേ തിരിഞ്ഞുനിന്ന് തളർത്തുന്ന പല വാക്കുകളും വാചകങ്ങളും പറഞ്ഞേക്കാം. അവിടെ മനസ്സ് തളർന്നു പോയാൽ എല്ലാം കൈവിട്ടു പോകും. എല്ലായ്പ്പോഴും സമയം അനുകൂലമല്ലായിരിക്കും. അത് അങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കും.
വിജയം അറിഞ്ഞവർ തോൽവി അറിയണം എന്നുള്ളതും തോൽവി അറിഞ്ഞവർ വിജയം അറിയണം എന്നുള്ളതും ലോകതത്ത്വം ആണ്. എങ്കിൽ മാത്രമേ നമ്മിലേക്ക് തന്നെ ഒരു തിരിഞ്ഞുനോട്ടം നടത്താൻ സാധിക്കൂ. തീർച്ചയായും നമുക്കായി ഒരു ദിവസം ഉണ്ട്.
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയിൽ ഹതാശരായി തിരിഞ്ഞു നടന്നാൽ അതുവരെ ചെയ്തതിന് ഫലം ഇല്ലാതെയാകും. മറ്റുള്ളവരുടെ വിചാരങ്ങളിലൂടെയോ ചിന്തകളിലൂടെയോ അല്ല ഒരാൾ ജീവിക്കേണ്ടത്. ഇരുളും പകലും എന്നപോലെ മാറിവരുന്ന പ്രയാണമാണ് ജീവിതത്തിലെ സുഖദുഃഖങ്ങൾ. മുന്നോട്ടു നീങ്ങേണ്ടത് സ്വന്തം മന:സാക്ഷിക്ക് അനുസൃതമായാണ്. ഒരു കുന്നിന് ഒരു കുഴിയും, ഒരു കുഴിക്ക് ഒരു കുന്നുമുണ്ട്.
സ്വാസ്ഥ്യം കെടുത്തുന്ന എല്ലാറ്റിനെയും അവഗണിച്ച്, അതിൽ നിന്ന് ഒഴിഞ്ഞുമാറി മനസ്സിനെ ഇഷ്ടമുള്ള പ്രവൃത്തികളിലൂടെ വഴിതിരിച്ചു വിടാൻ സാധിക്കണം. സംഗീതമോ വായനയോ സിനിമയോ എഴുത്തോ പാചകമോ അങ്ങനെ പലതുമാകാം. ഇഷ്ടമുള്ളത് എന്തോ അത് ആസ്വദിച്ചു സമ്മർദ്ദങ്ങളെ മറികടക്കാം. അങ്ങനെ ജീവിതം ആസ്വാദ്യമാക്കാം.
ചെറുപ്പകാലത്ത് സ്കൂളിൽ പഠിച്ച പാഠഭാഗം ഓർമയിൽ തെളിയുന്നു. പഞ്ചപാണ്ഡവന്മാർക്കിടയിൽ ദ്രോണാചാര്യർ നടത്തിയ പരീക്ഷണത്തിൽ ബാക്കി നാലുപേരും മരത്തിലെ പക്ഷിയെയും ചുറ്റുമുള്ളതിനെയും കണ്ടപ്പോൾ അർജ്ജുനൻ മാത്രം പക്ഷിയുടെ കഴുത്തു മാത്രമേ കണ്ടുള്ളൂ. ശേഷം, ഗുരുവിൻ്റെ അനുവാദത്തോടെ അമ്പെയ്തു വീഴ്ത്തി വിജയശ്രീലാളിതനായി.
വിജയത്തിലേക്ക് നടന്നു കയറാൻ പ്രതിസന്ധികൾ ഏറെയുണ്ടാകും അവ മറികടന്ന് ചുറ്റുമുള്ളതിനെ ശ്രദ്ധിക്കാതെ ലക്ഷ്യം എന്താണോ അതിനുവേണ്ടി അധ്വാനിക്കാൻ തയ്യാറായാൽ വിജയം ഉറപ്പാണ്. പരാജയത്തിൽ ശങ്കിച്ചു നിന്നിരുന്നുവെങ്കിൽ ലോകത്ത് മഹാന്മാരും പുതിയ കണ്ടുപിടിത്തങ്ങളും ഉണ്ടാകുമായിരുന്നില്ല. മനുഷ്യനിലൂടെ ശാസ്ത്രവും ഗവേഷണങ്ങളും പഠനങ്ങളും ഒരിക്കലും വിജയിക്കുമായിരുന്നില്ല.
ലക്ഷ്യബോധമാണ് വിജയത്തിന്റെ അടിത്തറ.
സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ