January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അന്നത്തെ കല്യാണയാത്ര

റീന സാറാ വർഗീസ്


അംബാസഡർ കാറിലും, വീഡിയോ കോച്ചുകളിലും കല്യാണം കൂടാൻ പോയിരുന്ന പഴയ കാലം. കല്യാണവീടുകളിൽ മുല്ലപ്പൂവിന്റെ ഗന്ധം അങ്ങനെ നിറഞ്ഞു നിൽക്കും. ബന്ധുമിത്രാദികൾ എല്ലാവരെയും തന്നെ നാളുകൾക്കുശേഷം കാണുന്നതും ഇതുപോലെയുള്ള ആഘോഷങ്ങൾക്കിടയിലാണ്.

ഓരോരുത്തരും ബന്ധവും, പരിചയവും പുതുക്കുന്നത് അങ്ങനെയായിരുന്നു. വീടിനു മുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലിലെ ഉയർത്തി കെട്ടിയിരിക്കുന്ന വേദിയിൽ വധൂവരന്മാരെ പനിനീര് തളിച്ച് എതിരേൽക്കും. ഒപ്പം അതിഥികളേയും.

അങ്ങനെയൊരിക്കൽ അടുത്ത ബന്ധുവിന്റെ കല്യാണം വന്നെത്തി. കല്യാണവീട് കൈനകരിയിൽ.
ആദ്യമായിട്ടായിരുന്നു കുട്ടനാട്ടിലേക്കുള്ള യാത്ര. നന്നേ ചെറുപ്പത്തിൽ ആയതുകൊണ്ട് വിനോദസഞ്ചാരം പോലെയായിരുന്നു അന്നത്തെ യാത്രകൾ ഓരോന്നും.

ചങ്ങനാശേരിയിൽ നിന്ന് നെടുമുടിയിലെത്തി. അന്ന് അവിടെ വലിയൊരു പാലം ഉണ്ടായിരുന്നുവെന്നാണ് ഓർമ. അവിടെനിന്ന് കല്യാണ വീട്ടിലേക്ക് ബോട്ടിലൂടെ ആണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

കായലിന്റെ കുഞ്ഞോളങ്ങളെ ഭേദിച്ച് ബോട്ട് മുന്നോട്ടു പോകുകയാണ്. കുട്ടനാടിൻ്റെ മനോഹാരിത വിളിച്ചോതുന്ന കേരനിരകൾ. ബോട്ടുകളും വള്ളങ്ങളും നിരനിരയായി പോകുന്നു. ചിലയിടങ്ങളിൽ മീൻപിടുത്തക്കാർ
വലവീശുന്നു. കതിരണിഞ്ഞു നിൽക്കുന്ന സ്വർണ്ണ വർണ്ണ നെൽപ്പാടങ്ങൾ. ആദ്യകാഴ്ചയിൽ തന്നെ മനംകവരുന്ന ഇടം.

രണ്ടു് ബോട്ടുകളിലായിട്ടായിരുന്നു ക്ഷണിക്കപ്പെട്ടവർ യാത്രചെയ്തിരുന്നത്. ഇതിനിടയിലെപ്പോഴോ പുറകിൽ വന്നിരുന്ന ബോട്ട് കാണാതെയായി. കല്യാണ വീടെത്തും വരെയും ഓരോരുത്തരും പരസ്പരം സംസാരിച്ചത് അതിനെക്കുറിച്ച് ആയിരുന്നു.

ചില മുഖങ്ങളിൽ ആപത്ശങ്ക നിഴലിക്കുന്നത് കാണാമായിരുന്നു. അവർ എത്തിക്കോളുമെന്ന് ചിലർ പറയുന്നുണ്ടായിരുന്നു.

അങ്ങനെ കല്യാണ വീടെത്തി. അവിടെനിന്നു അതേ ബോട്ടിൽ പള്ളിയിലേക്കും. എന്നിട്ടും ബാക്കിയുണ്ടായിരുന്നവർ എത്തിച്ചേർന്നിരുന്നില്ല. അന്നു് മൊബൈലുകളോ, അതിനൂതന സാങ്കേതിക വിദ്യകളോ ഒന്നും തന്നെ എത്താതിരുന്ന കുട്ടനാടിന്റെ ഉൾപ്രദേശം.

കരമാർഗ്ഗം യാത്രചെയ്യാൻ യാതൊരു മാർഗ്ഗവുമില്ലാതെ ആളുകൾ പരിഭ്രാന്തരായി. ചടങ്ങുകൾ നടക്കട്ടെയെന്ന് മുതിർന്നവരിൽ ആരോ പറഞ്ഞത് പ്രകാരം കല്ല്യാണച്ചടങ്ങുകൾ ആരംഭിച്ചു.

അങ്ങനെ ചടങ്ങുകൾ പകുതിയായി. അവരെ അന്വേഷിച്ചു പോയവരെയും കണ്ടില്ല. ഇതിനിടയിൽ കാണാതായവരെല്ലാം നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ വിവാഹം നടക്കുന്നിടത്ത് എത്തിച്ചേർന്നു.

യാത്രയുടെ പകുതിയിൽ ബോട്ട് മറിഞ്ഞുവത്രേ. ആർക്കും ജീവാപായം സംഭവിക്കാതെ നാട്ടുകാർ രക്ഷപ്പെടുത്തിയെന്നും, വലിയ കെട്ടുവള്ളങ്ങളിലാണ് എത്തിച്ചതെന്നും ഭീതിയോടെ അവർ പറഞ്ഞു.

നീന്തൽ ഒട്ടും വശമില്ലാതിരുന്ന അവർ, കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നു പറയുമ്പോൾ എല്ലാ മുഖങ്ങളിലും, ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിന്റെ തെളിച്ചം കാണാമായിരുന്നു.

ആദ്യത്തെ കായൽ യാത്രയുടെ അനുഭവം ഇന്നും ഉൾഭയം ഉണ്ടാക്കുന്നുണ്ട്. എങ്കിലും കുട്ടനാടിന്റെ മനോഹാരിത പകർത്തുമ്പോൾ ഒരിക്കൽ കൂടി അവിടേക്ക് തിരിച്ചു പോയതുപോലെ.

എല്ലാ മാന്യ വായനക്കാർക്കും
സ്വാതന്ത്ര്യ ദിനത്തിന്റെ ആശംസകൾ നിറഞ്ഞ ഹൃദയത്തോടെ നേരുന്നൂ.

സ്നേഹത്തോടെ
റീന സാറാ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!