November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആത്മവിശ്വാസത്തിന്റെ ട്രാന്‍സ് മുഖം

ജോബി ബേബി

”ജീവിതം വിലപ്പെട്ടതാണ്. അവിടെ എനിക്ക് മുഖംമൂടി ആവശ്യമില്ല. ഭാവിയെപ്പറ്റിയല്ല ചിന്ത, വർത്തമാനകാലത്തെപ്പറ്റിയാണ്.ഏതെങ്കിലും കള്ളികളിൽ മുദ്രകുത്തപ്പെട്ട് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം”-ഡോ.വി.എസ്.പ്രിയ

സ്വപ്രയത്നം കൊണ്ട് ഉന്നതവിദ്യാഭ്യാസത്തിലൂടെ താന്‍ എത്തിപ്പിടിച്ച മികച്ച കരിയറിലൂടെ പൊതുശ്രദ്ധ നേടിയ ട്രാന്‍സ് വുമണ്‍ ആണ് ഡോ. വി. എസ്. പ്രിയ. ‘കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍’.പ്രിയയുടെ വാക്കുകൾ ഇപ്രകാരം: കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ എന്ന ബഹുമതിക്ക് അര്‍ഹയാകുക എന്നത് എന്നെ സംബന്ധിച്ച് അഭിമാനമാണ്.പൊതു ജനം മനസ്സിലാക്കിയിരിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്ക് വളരെ മോശമായ ഒന്നാണെന്നാണ്.നമ്മുടെ സമൂഹത്തിന്റെ കുറെ തെറ്റായ മുന്‍വിധികളാണ് ഇതിന് കാരണം.കാലാകാലങ്ങളായി ഇത് പിന്തുടര്‍ന്ന് വരുന്നു.ഇവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവര്‍ ആണെന്ന ചിന്താഗതി നമ്മുടെ സമൂഹത്തിലുണ്ട്.ഡോക്ടര്‍ ആയിരുന്നിട്ടുകൂടി ജിനുവില്‍ നിന്ന് പ്രിയയിലേക്കുള്ള പരിവര്‍ത്തന സമയത്ത് എനിക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു.നമ്മള്‍ ഒരു സമൂഹത്തിലാണല്ലോ ജീവിക്കുന്നത്.അപ്പോള്‍ പുറത്തിറങ്ങി നടക്കുമ്പോഴൊക്കെ നമുക്ക് നേരെ തുറിച്ചുനോട്ടവും കമന്റുകളുമൊക്കെ ഉണ്ടാകും.അതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന രീതിയില്‍ എന്റെ യാത്രകള്‍ പരിമിതപ്പെടുത്തി. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഇറങ്ങുമായിരുന്നില്ല. ക്രോസ്സ് ഡ്രസിങ് (എതിര്‍ ലിംഗത്തില്‍പെട്ടയാള്‍ അണിയുന്ന വേഷം ) ചെയ്തിരുന്നില്ല.എന്റെ പരിവര്‍ത്തനം വളരെ ആസൂത്രിതമായ ഒന്നായിരുന്നു. 

എല്ലാവരുടെ ഭാഗത്ത് നിന്നും പോസിറ്റീവ് ആയ പ്രതികരണമാണ് ലഭിക്കുന്നത്.എന്റെ സ്വത്വം തിരിച്ചറിഞ്ഞ് അതിലേക്ക് വരുന്ന സമയം അതേപ്പറ്റി ബോധം ഉണ്ടായിരുന്നില്ല.ആ സമയത്ത് എനിക്ക് തന്നെ ഒട്ടേറെ ആശങ്കകള്‍ ഉണ്ടായിരുന്നു.ഈ പ്രൊഫെഷന്‍ തന്നെ വിട്ടുപോകേണ്ടിവരുമോ എന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നു. സമൂഹവുമായി നേരിട്ട് ഇടപെടുന്ന ഒരു ജോലിയാണല്ലോ.രോഗികള്‍ നമ്മുടെ അടുത്ത് എത്തിയില്ലെങ്കില്‍ നമ്മള്‍ നേടിയെടുത്ത അറിവ് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. ഒരുഘട്ടത്തില്‍ എന്റെ പ്രൊഫഷന്‍ എന്നെ കൈവിടുകയാണെങ്കില്‍ പിന്നെ എന്ത് എന്ന ചിന്തയില്‍ മറ്റു കോഴ്സുകളെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നു. ട്രാന്‌സ്‌ജെന്‌ഡേഴ്‌സ്‌നു സുരക്ഷിതമായ മേഖലകള്‍ എന്തൊക്കെയെന്ന്  തിരക്കിയിരുന്നു.എന്നാല്‍ എന്റെ ചിന്തകള്‍ക്ക് അതീതമായി സമൂഹം എന്നെ സ്വീകരിക്കുകയായിരുന്നു.

സമൂഹത്തില്‍ നിന്നു ഏറ്റുവാങ്ങേണ്ടിവരുന്ന അവഗണനകള്‍ പരിഹാസങ്ങള്‍ തുടങ്ങിയവയൊക്കെ ഭയന്നിട്ടാണ് പലരും സ്വത്വം വെളിപെടുത്താന്‍ തയാറാകാത്തത്.മുഖംമൂടി അണിഞ്ഞ് ജീവിക്കുന്ന ഒട്ടേറെ ട്രാന്‌സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിലുണ്ട്  അവര്‍ ഭയപ്പെടുന്നത് സമൂഹത്തെ തന്നെയാണ്. ആ കൊക്കൂണില്‍ നിന്നും പുറത്തു വരണമെങ്കില്‍ അവര്‍ തന്നെ മനസുവെക്കണം. ആരും നമ്മെ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ട് വരില്ല.  ആ അവസ്ഥ അനുഭവിച്ച ആളായതുകൊണ്ട് എനിക്കത് മനസിലാകും.

”എന്നിലെ എന്നെ തിരിച്ചെടുക്കാനായ സന്തോഷത്തിലാണ് ഞാൻ. ശരിക്കും സ്ത്രീത്വം അറിഞ്ഞാഘോഷിക്കുകയാണ്. ശാരീരികവും മാനസികവുമായ വൈരുദ്ധ്യത്തെ ഞാൻ വിജയകരമായി മറികടന്നിരിക്കുന്നു. എല്ലാത്തിനും തുണയായത് കുടുംബത്തിന്റെ പിന്തുണയാണ്. അതുകൊണ്ടുതന്നെ മറ്റൊന്നും ആലോചിക്കുന്നതേയില്ല…”

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
error: Content is protected !!