ജോബി ബേബി
“മിന്നൽ മുരളി”സിനിമയിൽ ഒരേ പേരിൽ ശരിയും തെറ്റും ചെയ്യുന്നവർ ഒരേ സമൂഹത്തിൽ പ്രവർത്തിച്ചാൽ സംഭവിക്കുന്ന തെറ്റിധാരണയ്ക്ക് പരിഹാരമായി നായകൻ പേരിനോട് ചേർത്ത് ഒർജിനൽ എന്ന് ബ്രാക്കറ്റിൽ ചേർക്കുന്നത് കണ്ടു.ഇവിടെ മതവും,ആത്മീയതയും,മതപരിവർത്തനവും വിഷയമാകുന്നു.ഇവയിലെ ക്രൈസ്തവമായ നിലപാടുകൾ പരിശോധിക്കുന്നത് ശരിയായിരിക്കും.ഇന്ത്യയിലെ വിവിധ ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിൽ മതപരിവർത്തനം നിരോധിക്കുന്നു,നിയമങ്ങൾ പാസ്സാക്കുന്നു തുടങ്ങി ധാരാളം നാം വായിക്കുന്നു.ഏതെങ്കിലും തരത്തിലുള്ള മതപ്രചരണം ആരോപിക്കപ്പെട്ടാൽ അവർ ശിക്ഷിക്കപ്പെടും.ആരാധനാലയങ്ങൾക്ക് നേരെ അതിനാൽ തന്നെ അക്രമങ്ങൾ വർദ്ധിക്കുന്നു.ന്യൂനപക്ഷം നേരിടുന്ന ഈ ആക്രമണങ്ങളെ നേരിടാൻ ആരൊക്കെ ഒരുമിച്ചു നിൽക്കണം?ആരെയൊക്കെ അതിൽ നിന്നും ഒഴിവാക്കണം?തിന്മയെ എതിർക്കാൻ നന്മ ചെയ്യുന്നതും ആഗ്രഹിക്കുന്നതുമായ എല്ലാവർക്കും ഒരുമിച്ചു നിൽക്കാം.അതിൽ തെറ്റൊന്നുമില്ല,കാരണം തിന്മ ഭൂരിപക്ഷ മതത്തിന്റെയോ ന്യൂനപക്ഷ മതത്തിന്റെയോ സൃഷ്ടിയല്ല.അത് സ്വാർത്ഥമായ അധികാര മോഹത്തിന്റെ ഉത്‌പന്നമാണ്.മുഖ്യധാരാ മാധ്യമങ്ങളോട് ഒപ്പം തന്നെ സ്വീകാര്യതയുള്ള ഒരു സ്വകാര്യ യുട്യൂബ് ചാനലിൽ പറയുന്നത് കേട്ടു,”എല്ലാവരും അവരവർ ജനിച്ച മതത്തിൽ തുടർന്നാൽ മതി,അതിൽ നിന്നും മറ്റ് മതങ്ങളിലേക്ക് മാറരുതെന്നുമാണ് അഭിപ്രായം”.പക്ഷേ ഇന്ത്യയിൽ,ഈ ഭൂമിയിൽ ഒരാൾക്ക് മതം ജീവിക്കാനോ,മതം നിഷേധിക്കാനോ,പുതിയത് കണ്ടെത്താനോ അവകാശം ഉണ്ടാകണം.അതിനെ തടയുന്നത് മനുഷ്യസ്വാന്ത്യ്രത്തിനുമേലുള്ള അപകടകരമായ കടന്ന് കയറ്റമാണ്,ഭീകരതയാണ്.ഒരു മതത്തേയും തള്ളിപ്പറയേണ്ടതില്ല,തള്ളി കളയേണ്ടത് മത തീവ്രവാദമാണ്.മറ്റ് മതങ്ങളെ ബഹുമാനിക്കാനുള്ള കഴിവ് പരിഷ്കൃതവും ആധുനികവുമായ ഏതു സമൂഹത്തിനും ഉണ്ടാകണം.ഒരു ബഹുമത,ബഹുസ്വര സമൂഹത്തിൽ ഏതെല്ലാം കാര്യങ്ങളിൽ മതപരിവർത്തനം,മതo മാറ്റം,മത അജ്ഞത വിഷയങ്ങളിൽ ശ്രദ്ധിക്കണമെന്ന് 2011ൽ ജനുവരിയിൽ ബാoങ്കോക്കിൽ നടന്ന മൂന്നാമത് ഇന്റർ ക്രിസ്ത്യൻ കൺസൾട്ടേഷൻ സമ്മേളനം തയ്യാറാക്കിയ “ക്രിസ്ത്യൻ വിറ്റ്നസ് ഇൻ മൾട്ടി റിലീജിയസ് വേൾഡ് റെക്കമെൻഡേഷൻസ് ഫോർ ബിഹേവിയർ”എന്ന പഠനം പ്രതിപാദിക്കുന്നു.അത് ആരംഭിക്കുന്നത് ഈ നിലപാടോടെയാണ് “Mission belongs to very essence of Church (സഭയുടെ അടിസ്ഥാന സ്വതമാണ് പ്രേഷിത പ്രവർത്തനം.ദൈവവചനം പ്രഘോഷിക്കുകയും അതിന് ലോകത്തിൽ സാക്ഷ്യം നൽകുകയും ചെയ്യുകയുമാണ് ഒരു ക്രൈസ്തവന്റെ അടിസ്ഥാന ധർമ്മം.എല്ലാ മനുഷ്യരോടുമുള്ള പൂർണ്ണ ബഹുമാനത്തോടും സ്നേഹത്തോടും കൂടി അത് നിർവഹിക്കണമെന്ന് അവർ കൂട്ടി ചേർക്കുന്നു.).ഏതുതരം പ്രവർത്തനങ്ങളുടെ പേരിലാണ് ഇന്ത്യയിൽ ഇപ്പോൾ ക്രൈസ്തവ പീഡനം വർദ്ധിക്കുന്നതെന്ന് നാം പഠിക്കണം.ചൈന,ഉത്തരകൊറിയ,പാക്കിസ്ഥാൻ,സൗദി അറേബ്യാ തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷ പീഡനത്തിന് തുല്യമാണ് ഇന്ത്യയിൽ ന്യൂനപക്ഷ പീഡനത്തിന്റെ നിരക്കെന്ന് 2020ലെ റിപ്പോർട്ടിൽ ഒരു യു.സ് ഏജൻസി വ്യക്തമാക്കുന്നു.ഇവിടുത്തെ കണക്കുകൾ പരിശോധിച്ചാൽ ഉത്തർപ്രദേശിൽ മാത്രം 99കേസുകൾ ക്രൈസ്തവ പീഡനത്തിന്റെ,ഛത്തീസ്‌ഘട്ടിൽ 89 ഈവർഷം രാജ്യത്ത് 478കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടുവെന്നാണ് ഇവാൻജേലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ പഠന റിപ്പോർട്ട്.കൂടാതെ ഡിസംബർ 30ലെ ദി ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ഡിസംബർ 17മുതൽ 19വരെ നടന്ന വെറുപ്പിന്റെ മതതീവ്രവാദ സമ്മേളനത്തെപ്പറ്റി ഭയത്തോടെ ആശങ്കയോടെ എഴുതിയിരിക്കുന്നു.
മതേതരത്തിന്റെ ഭാരതീയ വ്യാഖ്യാനം നമുക്കറിയാം.അത് മത നിഷേധമല്ല,എല്ലാ മതങ്ങളോടും ഉള്ള തുല്യ പരിഗണനയാണ്.വിശ്വസിക്കാനും,വിശ്വസിക്കാതിരിക്കാനും,വിശ്വാസം പരിശോധിക്കാനും പുനർ മൂല്യ നിർണ്ണയം ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥ ഓരോ പൗരനും ഉറപ്പ് നൽകുന്നു.ഒരു ബഹുസ്വര സമൂഹത്തിൽ ഏതെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മൂന്നാമത് ഇന്റർ ക്രിസ്ത്യൻ കൺസൾട്ടേഷൻ പ്രസ്താവിക്കുന്നു.അവ ചുവടെ ചേർക്കുന്നു.
● ദൈവസ്നേഹത്തിൽ പ്രവർത്തിക്കുക.അതായത് ദൈവമാണ് സ്നേഹത്തിന്റെ സ്രോദസ്സ് എന്നർത്ഥം.
● ക്രിസ്തുവിനെ അനുകരിക്കുക.ക്രിസ്തുവുവിന്റെ രക്ഷാകരമായ സഹനവും ജീവിതത്തിൽ നിലനിർത്തിയ കരുണയും,സ്നേഹവും നിറഞ്ഞ പ്രവർത്തനങ്ങൾ നാം അനുകരിക്കണം.
● ക്രൈസ്തവ പുണ്യങ്ങൾ അനുശീലിക്കുക.
● നീതിയിലും സ്നേഹത്തിലും ഉറച്ച സേവനങ്ങൾ.ഇതിൽ വിദ്യാഭ്യാസം,ആദുരസേവനം,നീതിപ്രവർത്തനം,പൊതു ഇടങ്ങളിലെ പ്രതിരോധം തുടങ്ങിയ മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിലയുറപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും ഉൾപ്പെടുത്താം.
● സൗഖ്യ ശുശ്രുഷയിൽ ഉൾപ്പെടുത്തേണ്ട വിവേചന ബുദ്ധി.മനുഷ്യന്റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ അവനോടൊപ്പം നിൽക്കുന്നതും,സഹായിക്കുന്നതും സുവിശേഷ സാക്ഷ്യത്തിന്റെ ഭാഗമാണ്.
● ഹിംസയെ തള്ളിക്കളയുക.സാമൂഹികവും മാനസികവുമായ എല്ലാത്തരം വയലൻസിനേയും എതിർക്കുക.വിശുദ്ധ വസ്തുക്കളോടും,സ്ഥലങ്ങളോടും,ആരാധനാലയങ്ങളോടുമുള്ള അതിക്രമം പാടില്ല എന്നർത്ഥം.ബഹുമുഖ സമൂഹത്തിൽ ഇത് പാലിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ അവശ്യം മാത്രമല്ല എല്ലാ മത കേന്ദ്രങ്ങളും മനുഷ്യസ്നേഹികളും ഇത്തരം നിലപാടുകൾ സമൂഹത്തിൽ ഉയർത്തിപ്പിടിക്കണം.
● മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം.വ്യക്തിയുടെ അടിസ്ഥാനപരമായ മഹത്വത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഏതു മതം വിശ്വസിക്കണം,പ്രഘോഷിക്കണം,പ്രചരിപ്പിക്കണം എന്നുള്ളത്.ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപെട്ട മനുഷ്യനിൽ അടിസ്ഥാനമാക്കിയാണ് ഈ സ്വാതന്ത്ര്യത്തെ വിശദമാക്കുന്നത്.
● പരസ്പര ഐക്യവും ബഹുമാനവും.
● എല്ലാ ജനതയോടുമുള്ള ആദരവ്.സംസ്കാരങ്ങളെ സമ്പന്നമാക്കുന്നതും തിരുത്തലുകൾ ആവശ്യമുള്ളടത് അത് നിർവഹിക്കാൻ കഴിയുന്നതുമാണ് സുവിശേഷം.ഇത് എങ്ങനെ?എന്താണ് ഇതിന്റെ അടിസ്ഥാനം?ക്രിസ്തുവിനെ ക്രിസ്തുവിൽ എല്ലാവരും ബഹുമാനം അർഹിക്കുന്നവരും തുല്യരുമാണ്.ആദിവാസി ജനതയെ കോർപ്പറേറ്റുകളുടെ കൂടിയ മനുഷ്യത്വ അവകാശങ്ങൾക്ക് വേണ്ടി തകർക്കുന്നതിനെ എതിർക്കുന്നത് ഇത്തരം സാംസ്കാരികമായ തിരുത്തലാണ്.അയാളെ അർബൻ നക്സൽ എന്നൊക്കെ വിളിക്കുന്നത് ശുദ്ധ അഹന്തയാണ്.കറുത്തവനും,ദളിദനും,ആദിവാസിയും ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ദിക്കപ്പെടുന്നതും,ചവിട്ടി മെതിക്കപ്പെടുന്നതും തിരുത്തൽ ആവശ്യമായ ഇടമാണ്.കുഷ്ഠരോഗിയെയും,അനാഥനേയും നെച്ചോട് ചേർക്കുന്നതും അത്തരം പ്രവർത്തനങ്ങൾ ഇന്നും നിരന്തരം തുടരുന്നതും ആത്മീയ കർമ്മമാണ്.ക്രിസ്തുവിന്റെ വഴിയാണ്.അവരിൽ ആരും തൊട്ടടുത്ത ഇടവകപ്പള്ളിയിൽ പേരു രെജിസ്റ്റർ ചെയ്യ്തവരായിരുന്നില്ല.പിന്നീടും അങ്ങനെ ചെയ്യ്തിട്ടില്ല.എന്നിട്ടും നീലക്കരയുള്ള കന്യാസ്‍ത വസ്ത്രത്തെ പുലഭ്യം പറയുന്ന വരെ തിരുത്താൻ നമുക്ക് ജനാധിപത്യ ബോധമുള്ള എല്ലാവർക്കും മനുഷ്യ സ്നേഹമുള്ളവർക്ക് ഉത്തരവാദിത്വമുണ്ട്.
“നരബലികൊണ്ട് കുരുതിയാടുന്ന രുധിരകാളിതൻ പുരാണഭൂവിൽ പരദേശത്തുനിന്നൊരു പ്രാവുപോൽ പറന്നുവന്നതാം പരമ സ്നേഹമേ.
ജനകൻ ഇല്ലാതെ ജനനിയില്ലാതെ മതവും,ജാതിയും,കുലവുമില്ലാതെ തെരുവിൽ വാവിട്ടു കരയും കുഞ്ഞിനെ ഇരുകൈയാൽ കോരിയെടുത്തു ചുംബിക്കും മഹാകാരുണ്യത്തിൻ മനുഷ്യരൂപമേ”
എന്നെഴുതിയത് ബുദ്ധമതത്തിലേക്ക് മതം മാറിയ ഒരു മലയാള കവിയാണ്.
● മറ്റ് മതങ്ങളോടുള്ള ബഹുമാനം.സത്യസന്ധമായും ബഹുമാന പൂർണ്ണമായും മറ്റ് മതങ്ങളോട് പെരുമാറുക.അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മനസ്സിലാക്കുക.അവയിലെ ശരിയും നന്മയും തിരിച്ചറിയുക.പരസ്പര ബഹുമാനത്തിൽ ഉറച്ചതാകണം വിമർശനങ്ങളും കമെന്റുകളുമൊക്കെ.ഇക്കാലത്തു സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന തീവ്ര സ്വഭാവത്തിലുള്ള വാദ പ്രതിവാദങ്ങൾക്ക് നേതൃത്വം നൽകുന്ന സoഘടനകളും വ്യക്തികളും ഇത് മനസ്സിലാക്കിയാൽ നന്നായിരുന്നു.
● പൂർണ്ണ ബോദ്ധ്യത്തോടെ നടത്തേണ്ട വ്യക്തിപരമായ കർമ്മമാണ് മതപരിവർത്തനം.സമയം,മതിയായ ചിന്ത,ഒരുക്കം ഇവയിലൂടെ വ്യക്തിപരമായി സ്വാതന്ത്ര്യത്തിൽ ഒരാൾ ചെയ്യുന്ന കർമ്മം ഈ വിഷയത്തിലിപ്പോൾ സജീവമായ ചർച്ചകളും വിമർശനങ്ങളുമൊക്കെ ധാരാളം ഉയരുന്നു.ലൗജിഹാദ് എന്ന വിഷയം ഉയർന്നുവന്നതും ചർച്ചയാകുന്നതും ഈ പശ്ചാത്തലത്തിലാണ്.മതം മാറ്റിയെടുത്തു സ്വന്തം മതത്തിൽ ഏതു വിധേയനെയും കൊലപ്പെടുത്തിയും,ആക്രമിച്ചും,ചതിച്ചും ആളെ ചേർക്കുന്ന തരം മതംമാറ്റം സത്യമല്ല.ഒരു മതവും അതിന്റെ ആത്മീയതയും ഇത് ആവശ്യപ്പെടുമെന്ന് വിശ്വസിക്കാൻ നമുക്ക് കഴിയില്ല.തീവ്രവാദികളും തിന്മയുടെ ശക്തികളുമാണ് ഇത്തരം പ്രവർത്തങ്ങൾ കാണിക്കുന്നത്.
● മതാന്തര ബന്ധം വളർത്തണം.പരസ്പരം മനസ്സിലാക്കാനും അനുരഞ്ജനപ്പെടാനും മനുഷ്യർക്ക് കഴിയണം.തിന്മയ്‌ക്കെതിരെ മാത്രമല്ല നന്മ ചെയ്യാനും കൈകോർക്കാം.മത തീവ്രവാദത്തിനെതിരെ ദളിദ് പീഡനത്തിനെതിരെ ആദിവാസി വേട്ടയ്‌ക്കെതിരെ കർഷകന്റെയും കുടിയേറ്റക്കാരന്റെയും അഭയാർത്ഥിയുടെയും സംരക്ഷണത്തിനായി എല്ലാ മത വിശ്വാസിയ്ക്കും ഒരുമിച്ച് നിൽക്കാൻ കഴിയണം.സംഘടിതമായി നിൽക്കാൻ കഴിയാത്ത ദുർബലരായ ആളുകൾക്ക് വേണ്ടി നിൽക്കാനുള്ള ചുമതലയും ഈ മതവിശ്വാസികൾക്കും ആത്മീയതയെ സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും ഉണ്ട്.
മനുഷ്യർക്ക് സഹകരിക്കാനും പരസ്പരം സ്നേഹിക്കാനും കഴിയണം.അതിൽ ആരെയും മാറ്റി നിർത്തേണ്ട.ചോരക്കറ പുരളാത്ത ഏതു കൊടിയും ഒപ്പം ചേർക്കാം.ക്രിസ്തു മതത്തെ സംബന്ധിച്ചടുത്തോളം ക്രിസ്തുവിന്റെ ജീവിതം പ്രഘോഷിക്കാൻ ക്രിസ്ത്യാനിയ്ക്ക് കഴിയണം.അതിനുള്ള അവകാശവുമുണ്ട്.പുതിയ മതപരിവർത്തന നിയമത്തിലൂടെ മുൻപ് നമ്മൾ പറഞ്ഞ തരത്തിലുള്ള മനുഷ്യ നന്മയും സ്വാതന്ത്ര്യവും ലക്ഷ്യമാക്കിയുള്ള ഏതു പ്രവർത്തനത്തെയും മതപരിവർത്തന ശ്രമമായി ചിത്രീകരിക്കാനും നിയമനടപടി സ്വീകരിക്കാനും ഭരണകൂടത്തിന്റെ വർഗ്ഗീയ നിറമനുസരിച്ചു കഴിയും.അത് ആശങ്കപ്പെടുത്തുന്നതാണ്.നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും,ജനാധിപത്യവും മതേതരത്വവും ഏകാധിപത്യ സ്വഭാവത്തിലേക്ക് വഴിമാറുന്നു എന്നുള്ളത് ഭയക്കേണ്ടതുണ്ട്.മതപരിവർത്തനം സത്യസന്ധമായി ഉള്ളത് മനുഷ്യസ്വാതന്ത്യത്തിന്റെ ഭാഗം തന്നെയാണ്.അത്തരം ആത്മീയതയിൽ ഉറച്ച മത ബോധത്തിലേക്ക് വളരുന്ന ആളുകളുടെ കൂട്ടമായി നമുക്ക് വളരാൻ കഴിയണം.
മദർ തെരേസയെ ഭയക്കുന്നതാര്?
ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ച് ഒരു പത്രപ്രവർത്തക ചോദിച്ച വേളയിൽ ഖുശ്വന്ത് സിങ്ങിന്റെ
ഉത്തരം ക്ഷണവേഗത്തിലായിരുന്നു.”രണ്ടേ രണ്ടുപേരേയുള്ളൂ-മഹാത്മ ഗാന്ധിയും മദർ തെരേസയും മാത്രം.കസൗലിയിലെ വീട്ടിലെ മുറിയിൽ ഇരുവരുടെയും ചിത്രങ്ങൾ തൂക്കിയിടുന്നു.ന്യൂയോർക് ടൈംസിൽ മദറിനെക്കുറിച്ച് ഒരു ചെറുകുറിപ്പെഴുതിയിരുന്നു, ഇലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ എഡിറ്റ് ചെയ്യവെ ഒരിക്കൽ മുഖചിത്രമായും നൽകി.അതിന് അവർ അയച്ച നന്ദിസന്ദേശവും വെള്ളിയുടെ ഫ്രെയിമിട്ട് വീടിന്റെ ചുമരിൽ പതിച്ചുവെച്ചിരുന്നു”.മദർ തെരേസക്കൊപ്പം കൽക്കത്തയിൽ ചെലവിട്ട മൂന്നു ദിനങ്ങളെക്കുറിച്ചും അദ്ദേഹം ഓർത്തുപറഞ്ഞു.തിരക്കേറിയ തെരുവുകളിലൂടെ ഞങ്ങൾ നടന്നു,ട്രാമുകൾ കയറി വിവിധ ആശുപത്രികളും ശിശുപരിപാലനകേന്ദ്രങ്ങളും മരണം കാത്തുകിടക്കുന്നവർക്കായൊരുക്കിയ പരിചരണകേന്ദ്രങ്ങളും സന്ദർശിച്ചു.ഇപ്പോഴുമോർക്കുന്നു. മരണാസന്നനായ ഒരു മനുഷ്യനരികിലേക്ക് കുമ്പിട്ടുനിന്ന് അദ്ദേഹത്തെ പരിചരിക്കുകയും ഭോഗോബൻ അച്ചേൻ (വിഷമിക്കേണ്ട,ദൈവം നമുക്കൊപ്പമുണ്ട്) എന്ന് പറഞ്ഞാശ്വസിപ്പിക്കുകയും ചെയ്യുന്ന മദർ തെരേസയെ.
“ഓരോ ദിവസവും ഓരോ മണിക്കൂറിലും ഒരോ നിമിഷത്തിലും ദൈവം നമുക്കോരോരുത്തർക്കുംവേണ്ടി അത്ഭുതങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്” എന്നായിരുന്നു മദറിന്റെ മറുപടി.തന്റെ സംഘടന അത്രയൊന്നും അറിയപ്പെടാഞ്ഞ കാലത്ത് പണത്തിനും നല്ല പരിമിതിയുണ്ടായിരുന്നു.പക്ഷേ, അതൊരു പ്രശ്നമായി ഒരിക്കലും ഭവിച്ചില്ല.ദൈവം തന്റെ ജനങ്ങളിലൂടെ ആവശ്യമുള്ള ഘട്ടത്തിലെല്ലാം സഹായിച്ചുകൊണ്ടിരുന്നു.ചേരിപ്രദേശത്ത് ആദ്യ സ്കൂൾ തുറക്കുമ്പോൾ അഞ്ചു രൂപയിൽ കൂടുതൽ കൈയിലില്ലായിരുന്നു എന്നാണ് മദർ പറഞ്ഞത്.പക്ഷേ, പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയതോടെ ജനം ആവശ്യാനുസരണം സഹായങ്ങളും എത്തിച്ചു.
അദ്ദേഹം തുടർന്നു,എന്നെ അവർ കൊണ്ടുപോയത് നിർമൽ ഹൃദയിലേക്കാണ്.1952ലാണ് കൽക്കത്ത നഗരസഭ ആ കെട്ടിടം അവർക്ക് നൽകുന്നത്.യാഥാസ്ഥിതിക ഹിന്ദുക്കൾ അതിൽ പ്രതിഷേധിക്കാൻ ആരംഭിച്ചു. കാളി ക്ഷേത്രത്തിലെ 400 ബ്രാഹ്മണ പുരോഹിതരാണ് പ്രതിഷേധപ്രകടനവുമായി എത്തിയത്.അവർക്കടുത്ത് ചെന്ന് മദർ പറഞ്ഞു- നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കൊന്നോളൂ,പക്ഷേ അന്തേവാസികളെ പ്രയാസപ്പെടുത്തരുത്,സമാധാനപൂർണമായ മരണമെങ്കിലും അവർക്ക് കിട്ടിക്കോട്ടെ. അത് കേട്ടതും പ്രതിഷേധക്കാർ നിശ്ശബ്ദരായി.പുരോഹിതരിൽ ഒരാൾക്ക് മനസ്സുമാറ്റമുണ്ടായി. അദ്ദേഹം രൂക്ഷമായ ക്ഷയരോഗത്തിന്റെപിടിയിലായിരുന്നു.മരണംവരെയും കന്യാസ്ത്രീകൾ അദ്ദേഹത്തെ പരിചരിക്കുകയും ചെയ്തു.പിന്നീടൊരിക്കൽ ഒരു പുരോഹിതൻ കടന്നുവന്ന് കാൽക്കൽ പ്രണമിച്ചു പറഞ്ഞു- കഴിഞ്ഞ 30 വർഷമായി ഞാൻ ക്ഷേത്രത്തിൽ കാളി മാതാവിന് പൂജകൾ ചെയ്തു, ഇപ്പോഴിതാ എന്റെ മുന്നിൽ ദേവത നിൽക്കുന്നുവെന്ന്.മടക്കയാത്രയിൽ ഡംഡം വിമാനത്താവളം വരെ മദർ അനുഗമിച്ചു. യാത്ര പറയാൻ നേരം ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന മട്ടിൽ നിന്നു.അഴുകിയ വ്രണങ്ങളും കുഷ്ഠരോഗവും ബാധിച്ച ആളുകളെ ചേർത്തുപിടിക്കുന്നതിനെയും കോളറയും അതിസാരവും വന്ന് കിടക്കുന്ന മനുഷ്യരെ പരിചരിക്കുന്നതിന്റെയും അനുഭവം ചോദിച്ചു- ഒരോ മനുഷ്യനിലും താൻ യേശുവിനെ കാണുന്നുവെന്നായിരുന്നു മറുപടി.
മദർ തെരേസയുടെ കാലശേഷവും അവരുടെ മിഷനറീസ് ഓഫ് ചാരിറ്റി ബഹുമുഖ പ്രവർത്തനങ്ങൾ തുടർന്നുവരുകയായിരുന്നു.വിദേശ രാജ്യങ്ങളിൽനിന്ന് ധനസഹായം സ്വീകരിക്കുന്നതിന് അവർക്കുണ്ടായിരുന്ന ലൈസൻസ് പുതുക്കാനാവില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നു ഇപ്പോൾ.കേന്ദ്ര സർക്കാർ വിദേശ സംഭാവന തടയുന്ന ആദ്യ സംഘടനയല്ല മിഷനറീസ് ഓഫ് ചാരിറ്റി, അവസാനത്തേതുമാകാൻ ഇടയില്ല.എന്നാൽ, ജനങ്ങൾക്കിടയിൽ സേവനംചെയ്യുന്ന,അവരുടെ സാമൂഹികവും നിയമപരവുമായ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സംഘടനകളാണ് ഇത്തരത്തിൽ വേട്ടയാടപ്പെടുന്നവയിൽ ഭൂരിഭാഗവും എന്ന് പറയാതിരിക്കാനാവില്ല.
കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ