റീന സാറാ വർഗീസ്
പല പ്രാവശ്യം നിർത്താതെ അടിച്ചു കൊണ്ടിരിക്കുന്ന മൊബൈൽ ഫോണുകൾ, പലപ്പോഴും ശല്ല്യം എന്നു
പിറുപിറുത്തു കൊണ്ടു് ഓഫീസിലെ മേശവലിപ്പിലേക്കോ പോക്കറ്റിലേക്കോ ബാഗിലേക്കോ ശബ്ദരഹിതമാക്കി അടച്ചുവയ്ക്കുന്നവർ ആയിരിക്കാം ചിലരെങ്കിലും.
ഓഫീസ്സിലെ ഫയലുകൾക്കുള്ളിലും, ജോലിത്തിരക്കുകൾക്കിടയിലും സമയം കടന്നു പോകുമ്പോൾ ഇതുപോലെയുള്ള ഫോൺവിളികളുടെ കാര്യം പലരും മറന്നു പോകാറാണ് പതിവ്.
സമാനരീതിയിൽ ഒരാൾക്ക് ഉണ്ടായ, പങ്കുവച്ച അനുഭവം കുറിക്കട്ടെ. അവരുടെ സ്വകാര്യത മാനിച്ച് പേരുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.
വൈകുന്നേരത്തോടെ ഓഫീസിൽ നിന്ന് തിരിച്ചു വീട്ടിലെത്തിയ, ഗണേശിനോട് ഭാര്യ അനാമിക, ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ ചോദിച്ചു.
“അറിഞ്ഞില്ലേ. നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.”
ഭക്ഷണം തൊണ്ടയിൽകുടുങ്ങി, അൽപ്പനേരത്തേക്ക് അവിടമാകെ നിശ്ശബ്ദത പടർന്നു.
“അറ്റാക്ക് ആയിരുന്നു. ഐ. സി യു.-ൽ ആണു്.
മറുപടി കൊടുക്കാതെ, ഗണേശ് ആശുപത്രി ലക്ഷ്യമാക്കി കാർ പായിച്ചു. അവിടെയെത്തി പടികൾ കയറുമ്പോൾ അയാളുടെ ഉള്ളു മുഴുവൻ
അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീവ്രപരിചരണ വിഭാഗത്തിനു
മുൻപിൽ എത്തിയപ്പോൾ അയാളെ വരവേറ്റത് കൂട്ട നിലവിളി.
“ബസ്സു കാത്തു നിന്നപ്പോൾ
പെട്ടെന്നുണ്ടായ നെഞ്ചുവേദന. ഇവിടെ എത്തും വരെ ബോധമുണ്ടായിരുന്നു. ഇവിടെ അടുത്തൊരു ഓഫീസിൽ, സുഹൃത്ത് ജോലി ചെയ്യുന്നുണ്ട് എന്നു് പറഞ്ഞിരുന്നു. അയാളുടെ നമ്പറിൽ പല പ്രാവശ്യം വിളിച്ചിരുന്നു. മറ്റൊരു വണ്ടി കിട്ടി ആശുപത്രിയിൽ എത്തിക്കാൻ കുറച്ച് വൈകി. കഷ്ടം! അല്ലാതെ എന്തു പറയാൻ. എന്തു നല്ല മനുഷ്യനായിരുന്നു ഇത്ര പെട്ടെന്ന്.”
അർദ്ധോക്തിയിൽ പറഞ്ഞു നിർത്തിയ ആളെ, ഗണേശിന് പരിചയമുണ്ടായിരുന്നില്ല.
ആദ്യം വിളിച്ച കൂട്ടുകാരൻ ആരായിരുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷം, അയാൾക്ക് തലചുറ്റുന്നതായി അനുഭവപ്പെട്ടു. ആദ്യം കണ്ട കസേരയിലേക്ക് അർദ്ധബോധത്തോടെ അയാൾ ഇരുന്നു.
ഉറ്റ സുഹൃത്തുക്കൾ. കൂടാതെ അടുത്തടുത്ത ഓഫീസുകളിൽ ജോലി. തീർച്ചയായും സഹായിക്കാനാകുമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും ഫോൺ നോക്കേണ്ടത് ആയിരുന്നു എന്ന കുറ്റബോധം അയാളിൽ നിറഞ്ഞു.
ഇതു പോലെയുള്ള എത്രയോ എങ്കിലുകളുടെ ജീവിത യാഥാർഥ്യങ്ങൾ ദിനംപ്രതി കഥകളായി നമ്മൾ കേട്ടു പോകുന്നു.
തിക്കിത്തിരക്കി ,
തിരക്കിലേക്കു പോകുമ്പോൾ ഒരു തിരിഞ്ഞു നോട്ടം അത്യാവശ്യമാണു്. അല്ലെങ്കിൽ തിരക്കൊഴിഞ്ഞു കഴിയുമ്പോൾ പലതും ശൂന്യമായിരിക്കും. ചിലപ്പോൾ ഒരിക്കലും നികത്താനാകാത്ത നഷ്ടങ്ങളും ആകാം.
സ്വയം ഉണ്ടാക്കുന്ന ചില തിരക്കുകൾ ഉണ്ട്. ഈ യുഗത്തിൽ, തിരക്കുകൾക്കിടയിൽ ബന്ധങ്ങൾ പോലും മറന്നുപോകുന്നുണ്ട്.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പഴമക്കാർ പറഞ്ഞതുപോലെ. മനസ്സു വച്ചാൽ സമയവും ഉണ്ടാക്കിയെടുക്കാം. ഇവയെല്ലാം നിയന്ത്രിക്കുന്നതിൻ്റെ ചരട് നമ്മിൽ നിക്ഷിപ്തമായിരിക്കുന്നിടത്തോളം.
രോഗം വന്നാൽ, അപ്രതീക്ഷിതമായി കിടപ്പിലായാൽ അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് അറിയാത്ത, വെള്ളത്തിൻ്റെ കുമിള പോലെയുള്ള കുഞ്ഞുജീവിതം.
തിരക്കുകൾ കൊണ്ടു് അവസാനിക്കുന്നത് ഒരുപക്ഷേ ചിലരുടെ പ്രതീക്ഷയാകാം, കൈത്താങ്ങാകാം, മറ്റു ചിലർക്ക് ജീവിതം തന്നെയാകാം. കൂടെ എല്ലാവരും ഉണ്ടെന്നു്, ഉറപ്പു വരുത്താൻ ഓരോരുത്തർക്കും ആകട്ടെ.
സുഹൃത്ത് ബന്ധങ്ങളും കുടുംബബന്ധങ്ങളും പൂർണമാകണമെങ്കിൽ
ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക, അതായത് പ്രതീക്ഷരഹിതമായ സ്നേഹമാണ് എങ്കിൽ അതു് എന്നും നിലനിൽക്കും. പരസ്പരം വിശ്വസിക്കുക, മനസ്സിലാക്കുക.
വാരിക്കൂട്ടുന്ന പണവും നിക്ഷേപങ്ങളും പ്രതാപവും ഉയർന്ന ഡിഗ്രികളും മനുഷ്യൻ വിലയുണ്ടെന്ന് കരുതുന്ന പലതും, വെറും പൂജ്യങ്ങൾ മാത്രമാണെന്ന് ഓരോ ആശുപത്രിയും ആകസ്മികമായി വരുന്ന രോഗങ്ങളും മരണങ്ങളും തെളിയിച്ചുക്കൊണ്ടിരിക്കുന്നു.
മോർച്ചറിയും മടങ്ങാനുള്ള മണ്ണും, പാമരനാണോ പണ്ഡിതനാണോ എന്നു് ഒരിക്കലും അളന്നു നോക്കില്ല.
കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ മഹാവ്യാധിയുടെ നാളുകൾ,
കാലം കാത്തു വച്ച പാഠം പോലെ അതു് വിളിച്ചു പറയുന്നുണ്ട്.
എല്ലാവരിലും നന്മകളുണ്ട്. അതു് തിരിച്ചറിഞ്ഞാൽ ഒരു
പരിധിവരെ വിജയിച്ചു.
തിരക്ക് അൽപ്പസമയത്തേയ്ക്കു മാറ്റി വച്ച്, ചുറ്റുമുള്ളവരെ കണ്ണു തുറന്നു കണ്ടു്, വിളിച്ചില്ലെങ്കിൽ പോലും എങ്ങനെയുണ്ട് എന്നൊരു മെസ്സേജ് വിടാൻ നമുക്ക് കഴിയണം. ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താതെ സ്നേഹത്തോടെ നമ്മുടെ ബന്ധങ്ങളെ ചേർത്തു നിർത്താം.
കരയാനുള്ള നൂറു കാരണങ്ങളാൽ ചുറ്റപ്പെട്ടവർക്ക് വാക്കുകൾ കൊണ്ട് സാന്ത്വനമായി തീരാൻ തീർച്ചയായും കഴിയും.
ഒരുപാട് പേർ ഇല്ലെങ്കിലും ഒരാൾ പകർന്നു കൊടുക്കുന്ന ധൈര്യം മതി ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ മറികടക്കാൻ.
നഷ്ടപ്പെട്ടു പോയ മനോവീര്യം തിരിച്ചു പിടിക്കാനും മുങ്ങിത്താഴുന്നവർക്കു കച്ചിത്തുരുമ്പാകാനും.
ഓർക്കുക. വാക്കുകൾക്ക് വൈദ്യുതി പ്രവാഹത്തേക്കാൾ ശക്തിയുണ്ട്. വെളിച്ചം പകരാനും, ആഘാതമേൽപ്പിക്കാനും.
വലിയ വിലപിടിപ്പുള്ള വസ്തുക്കളുടെ കൊടുക്കൽവാങ്ങലുകൾക്ക് അപ്പുറം മറ്റൊന്നുണ്ട്. മനസ്സു നിറഞ്ഞ സ്നേഹത്തോടെയുള്ള പരസഹായം. ഇവയിൽ അധിഷ്ഠിതമായ, സന്തുലിതാവസ്ഥ നിലനിർത്തി ഉപയുക്തമാക്കാം ഈ ചെറിയ ജീവിതം.
പരിഗണന ഒരിക്കലും അവഗണന ആകാതിരിക്കാൻ, നമ്മൾ കാരണം മറ്റൊരാളുടെ മനസ്സു വേദനിക്കാതിരിക്കാൻ, കണ്ണു നനയാതിരിക്കാൻ ശ്രമിക്കാം. ശ്രദ്ധിക്കാം.
നിറഞ്ഞ സ്നേഹത്തോടെ
റീന സാറാ
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ