January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അന്യമാകുന്ന അയൽപക്കങ്ങൾ


റീന സാറാ വർഗ്ഗീസ്

വളരെക്കാലം കൂടി കഴിഞ്ഞദിവസം മാതൃനിർവിശേഷയായ ഒരമ്മയോട് ഫോണിലൂടെ സംസാരിച്ചപ്പോൾ പണ്ടത്തെ കാലമൊക്കെ മാറിയെന്നും തൊട്ടടുത്ത് വിശേഷങ്ങൾ തിരക്കാനും സംസാരിക്കാനും ഒരാളില്ലെന്നും എന്തെങ്കിലും സംഭവിച്ചു പോയാൽ ആരറിയാനാണെന്നും വ്യസനത്തോടെ പറഞ്ഞത് ഏറെ ചിന്തിപ്പിച്ചു.

വിദ്യുച്ഛക്തി ഉണ്ടെങ്കിലും സൂര്യൻ അസ്തമിക്കുമ്പോൾ, വെളിച്ചമില്ലാതാകുന്ന വീടുകളാണ് ഇന്ന് നാട്ടിൻപുറങ്ങളിൽ ഏറെയും. സമൃദ്ധമായി വിളവെടുപ്പ് നടത്തിയിരുന്ന കൃഷിയിടങ്ങൾ മിക്കവയും വെറും തരിശു ഭൂമിയായിരിക്കുന്നു. ഉടമസ്ഥാവകാശികൾ പല രാജ്യങ്ങളിലെ പൗരന്മാരായി മാറിയിരിക്കുന്നു.

മക്കൾ ജോലിക്കായി പോകുമ്പോൾ വലിയ കോൺക്രീറ്റ് ചുവരുകൾക്കുള്ളിലെ വാർദ്ധക്യം അവിടെ ചുരുങ്ങുകയാണ്. അവരുടെ മനസ്സ് അതോടെ തളരും. പല ദിവസങ്ങളിലും ഉറക്കമില്ലാതാകും. അതങ്ങനെ നീണ്ട്, മറ്റു പല രോഗാവസ്ഥകളിലേക്കു ചെന്നെത്തും. പിന്നീടു് പലതരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങളായി പരിണമിക്കും.

സംസാരിക്കാൻ ആളില്ലാതാവുക എന്നത് വല്ലാത്തൊരു വിങ്ങലാണ്. പ്രത്യേകിച്ച് അക്കാലം വരെയും ഓടിനടന്നവർക്ക് അതുൾക്കൊള്ളുക ഏറെ വിഷമകരവും.

ടെലിവിഷനടക്കമുള്ള അതിനൂതന സാങ്കേതിക വിദ്യകൾ ഒരുപരിധിവരെ മാനസികോല്ലാസം നൽകുന്നുണ്ടെങ്കിലും അടുത്ത വീടുകൾ തമ്മിലുള്ള ബന്ധം നിശ്ശേഷം അറ്റു പോകുകയാണ്. പണ്ടുകാലങ്ങളിൽ ഒരു വീട്ടിൽ എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ബന്ധുക്കളെക്കാൾ മുൻപു് ഓടിയെത്തുന്നത് അയൽക്കാരായിരിക്കും. ഇന്ന് മിക്കയിടങ്ങളിലും അതില്ലാതായിരിക്കുന്നു എന്നത് വസ്തുതയാണ്.

ജാതിമതഭേദമെന്യേ എല്ലാ ആഘോഷങ്ങളും ഒന്നിച്ചു കൊണ്ടാടിയിരുന്ന ഒരു കാലത്തു നിന്ന് നാമെത്തി നിൽക്കുന്നത് ആളനക്കമില്ലാത്ത അയൽപക്കങ്ങളിൽ. ഒഴിഞ്ഞ പല നാട്ടിടവഴികളിലും കുട്ടികളുടെയും ചെറുപ്പക്കാരുടെയും കോലാഹലങ്ങളില്ല.
കാൽപ്പന്തുകളി, ക്രിക്കറ്റ്, തുടങ്ങി ഒട്ടേറെ കളികൾ ഒരിടയ്ക്ക് പലയിടങ്ങളിലും കാണാമായിരുന്നു. അതുപോലും ഇല്ലാതായിരിക്കുന്നു.

സിസിടിവി ഘടിപ്പിച്ച് അകലെയിരുന്ന് സ്വന്തം വീടും പരിസരങ്ങളും പലർക്കും കാണേണ്ടി വരുന്നു. യുവതയെ നാടുവിടാൻ പ്രേരിതമാക്കുന്നത് മോഹിപ്പിക്കുന്ന സേവന വേതന വ്യവസ്ഥകളാണെന്ന് എഴുതാതെ വയ്യ.

ആഘോഷങ്ങൾ എന്തുമായിക്കോട്ടെ ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് അതിന്റെ ഒരു വീതം എത്തുമെന്നുള്ളത് ഉറപ്പായിരുന്നു. പഴയ കാലത്തു നിന്നും തികച്ചും വിഭിന്നമായ നവസംസ്കാരത്തിൻ്റെ ഭാഗമായതോടെ സുദൃഢമായ, വിള്ളലില്ലാത്ത ഇഴയടുത്ത സ്നേഹബന്ധങ്ങൾ അന്യം നിന്നിരിക്കുന്നു എന്നത് മറച്ചുവയ്ക്കേണ്ട ഒന്നല്ല. നഗ്നസത്യമാണ്.

മുതിർന്ന പൗരന്മാരെ ചേർത്തുനിർത്തി അവരുടെ മാനസികോല്ലാസത്തിനായി പലതും ചെയ്യേണ്ടതുണ്ട്. കാരണം നാമെന്ന ഇന്നത്തെ പൗരന്മാരെ വാർത്തെടുത്തതിൽ അവർ വഹിച്ച സുപ്രധാനമായ പങ്ക് വിസ്മരിച്ചുകൂടാ.

ഞങ്ങളുടെ എല്ലാ മാന്യ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഉയിർപ്പു തിരുനാൾ ആശംസകൾ.

സ്നേഹത്തോടെ,
റീന സാറാ വർഗീസ്

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!