January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പോക്കുവെയിലിൻ്റെ ഓർമയിൽ

റീന സാറാ വർഗ്ഗീസ്



കക്ഷത്തിൽ നീളംകൂടിയ കറുത്തശീലക്കുടയുമായി ആഹാരവും ചിലപ്പോൾ വസ്ത്രങ്ങളുമായി സായംസന്ധ്യകളിൽ മടങ്ങുന്ന അറുപതുകൾ പിന്നിട്ട സ്ത്രീ. എന്നുമൊരു പോക്കുവെയിലിൻ്റെ ഓർമയാണ് അവരെനിക്ക്. ചില ദിവസങ്ങളിൽ പറമ്പിലെ പച്ചക്കറികളും പഴവർഗങ്ങളും സഞ്ചിയിൽ നിറഞ്ഞിരിക്കും. ചട്ടയും മുണ്ടും അണിഞ്ഞ ശുഭ്രവസ്ത്രധാരി
പല വീടുകളിലെയും സഹായിയായിരുന്നു.
പുലരി വെളിച്ചത്തിൽ ഉണർന്നെഴുന്നേൽക്കുമ്പോൾ തകൃതിയായി മുറ്റമടിക്കുകയോ, പാത്രം കഴുകുകയോ ചെയ്യുന്നുണ്ടാകും. പള്ളിക്കൂടത്തിൽ നിന്ന് മടങ്ങിവരുമ്പോഴാണ് പലപ്പോഴും വിശേഷങ്ങൾ തിരക്കിയിരുന്നത്.
ഇരുട്ടിൻ്റെ നിറമുള്ള അവരുടെ ജീവിതം അതിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. അത് ഒരുപാട് വൈകിയാണ് തിരിച്ചറിഞ്ഞത്. വീട് എവിടെയാണെന്ന് ചോദിക്കുമ്പോഴൊക്കെ വീടിനു മുന്നിലെ ഏക്കറുകണക്കിന് കിടക്കുന്ന പാടങ്ങൾക്കപ്പുറേത്തക്ക് കൈകൾ ചൂണ്ടും. ഒറ്റനോട്ടത്തിൽ അവിടം ഹരിതാഭമായ കുന്നുകളായി തോന്നും. മലമുകളിലാണോ വീടെന്ന് ചോദിച്ചാൽ ഈർക്കിലികൾ കെട്ടിയുണ്ടാക്കിയ ചെറിയകുറ്റിച്ചൂല്, മുറ്റത്തെ അരമതിലിൽ ചേർത്തു് വച്ച് ഉറക്കെ ചിരിക്കും. മുല്ലമൊട്ടുകൾ അടുക്കി വച്ച ചിരിയിൽ അവർ മറച്ചത് വ്യഥകളുടെ വിഷദംശനം. അല്ലെങ്കിൽ ആരെയും അറിയിക്കാതിരിക്കാൻ മന:പൂര്‍വം ശ്രമിച്ചതാവാം.

“പുള്ള ഫോറിനിൽ പോയേച്ചും വരുമ്പോ പിടിച്ചു നടക്കുന്ന വടി കൊണ്ടോരോ?”

ആറാം ക്ലാസുകാരിയുടെ അറിവില്ലായ്മയുടെ നേര്‍ക്ക് എറിഞ്ഞ ചോദ്യത്തിന്, ചേടത്തിക്ക് രണ്ടുകാൽ ഉണ്ടല്ലോ പിന്നെന്തിനാ വടി എന്നു പറയുമ്പോൾ മാനത്തേക്ക് നോക്കി അതേ ചിരി ഉറക്കെ ചിരിക്കും. പരുഷമായ വാക്കുകളൊന്നും ഒരിക്കൽ പോലും അവർ ഉപയോഗിച്ചിരുന്നില്ല. ഒരിക്കൽ കമ്പിളിനാരകത്തിൻ്റെ ചുവട്ടിൽ വീണു കിടന്നിരുന്ന വലിപ്പമുള്ള അകംചെമന്ന നാരങ്ങ കുട്ടയിലാക്കി വയ്ക്കുമ്പോൾ പറഞ്ഞിരുന്നത് മകൾക്ക് വലിയ ഇഷ്ടമാണ് എന്നായിരുന്നു. മകളെ കുറിച്ച് പറയുമ്പോൾ മാത്രമായിരുന്നു നൂറു നാവ്. അവരുടെ ഇഷ്ടമറിയാൻ ഉദ്വോഗമുണർന്നത് സ്വാഭാവികം.

“അവസാനം വരെ ജീവൻ നിലനിർത്താൻ ഇത്തിരി കഞ്ഞി കിട്ടിയാൽ മതി പുള്ളേ, എനിക്കും പെണ്ണിനും.”

വാടിയ ഇലകൾ കൊഴിഞ്ഞു വീഴും പോലെ വിഷാദത്തിന്റെ പ്രതിഫലനം കണ്ണുകളെ സജ്ജലങ്ങളായത് അന്നാണ് കണ്ടത്. ഒരിക്കൽ മാത്രം.

ഒരു വീട്ടിലെ പണി കഴിയുമ്പോൾ അടുത്ത വീട്ടിലേക്ക്. അങ്ങനെ എത്രയോ വർഷങ്ങൾ കടന്നുപോയി. പിന്നീട് എപ്പോഴോ വരവ് നിന്നു. ഒരു വാർഷികാവധിക്ക് മുറ്റത്ത് വീണുകിടന്നിരുന്ന കരിയിലകൾ തൂത്തു കൂട്ടുമ്പോൾ പൊടുന്നനെ പരകീയ ചിന്തകളുടെ വേലിയേറ്റം കടന്നുവന്നു. ഒപ്പം ആ മുഖവും.

കിലോമീറ്ററുകളോളം നടന്ന് ജോലിതേടി വന്ന അവർക്കു്
മറ്റാരും ആശ്രയം ഇല്ലായിരുന്നു. അവരുടെ വിവരങ്ങൾ അറിയാവുന്നവർ ഇന്ന് പുത്തൻതലമുറയിലും ചുറ്റുവട്ടത്തും ഇല്ല. പോളിയോ ബാധിച്ച് ജന്മനാ ഇരുകാലുകളും തളർന്ന ഏകമകളുടെ അമ്മയായിരുന്നു അവരെന്ന് അറിഞ്ഞത് അതിനും എത്രയോ വർഷങ്ങൾക്കു ശേഷം.

ഇന്നും അവർ കൈകൾ ചൂണ്ടിയ, പാടങ്ങൾക്കപ്പുറത്തെ അങ്ങകലെയുള്ള കുന്നുകളിലേക്ക് കണ്ണുകളും മനസ്സും പായാറുണ്ട്. അവർ താണ്ടിയ ദുരിതപർവ്വങ്ങൾ ഒട്ടൊന്നുമല്ല കുത്തി നോവിക്കുന്നത്. പിടിച്ചു നടക്കുന്ന വടികൊണ്ടോരോ എന്ന ചോദ്യം ഇടയ്ക്കിടെ പഞ്ചഭൂതങ്ങളെ ഭേദിച്ചുകൊണ്ട് എവിടെനിന്നോ കാതോരം പ്രതിധ്വനിക്കുംപോലെ.

ബാല്യത്തിന്റെ നുറുങ്ങുവെട്ടം അന്തരംഗത്തെ സാന്ദ്രമായി സ്പർശിക്കുമ്പോൾ എത്രയോ കണ്ടുമറന്ന പരിക്കൻ, മിനുസ ജീവിതങ്ങളുടെ, അനുഭവങ്ങളുടെ നിഴലുകളാണ് അവിടെ പതിയുന്നത്. പേർത്തും പേർത്തും ഓർമകൾ അങ്ങനെ പെയ്തിറങ്ങുകയാണ്.

സ്നേഹത്തോടെ
റീന സാറ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!