December 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അതിർവരമ്പുകൾ ഭേദിക്കുന്ന വിമർശനങ്ങൾ


റീന സാറാ വർഗീസ്

സുഹൃത്തുക്കളിലൊരാൾ അവർക്ക് അറിയാവുന്ന ഒരാൾക്ക് ഉണ്ടായ അനുഭവം സ്വകാര്യസംഭാഷണത്തിന്നിടെ
പറഞ്ഞത് ഉള്ളിൽ ഉടക്കി കിടക്കുന്നു. ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ കാരണഭൂതമായതും അതുതന്നെ.

അവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരാതെ, എന്നെങ്കിലുമൊരിക്കൽ ഇതും കൂടി എഴുതിക്കോളു എന്ന അനുവാദവും തന്നു. ശീർഷകം എന്തു കൊടുക്കണമെന്നു് പലവട്ടം ആലോചിച്ചു. ഒടുവിൽ ഇതുതന്നെയാണ് അനുയോജ്യമെന്നു തോന്നി.

ഗസറ്റഡ് റാങ്കിലിരുന്ന ഉദ്യോഗസ്ഥന് ഉണ്ടായ, അവർ പറഞ്ഞ അനുഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു!!

അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരിൽ ഒരാൾ, ജോലി തുടങ്ങേണ്ട നിശ്ചിതസമയത്തിനു ശേഷമായിരുന്നു ഓഫീസിൽ എത്തിച്ചേർന്നിരുന്നത്. നയത്തിൽ പലവട്ടം പറഞ്ഞു നോക്കിയെങ്കിലും അയാൾ അതു തുടർന്നു. പിന്നീടത് ഓഫീസ് ജോലികളെ ബാധിക്കാൻ തുടങ്ങി.

ഓഫീസിനെ നിയന്ത്രിക്കുന്ന ആൾ എന്ന നിലയിൽ സ്വാഭാവികമായും, യാതൊരു നിർവാഹവുമില്ലാതെ മേലധികാരികളെ അറിയിക്കേണ്ടി വന്നു.

മേലധികാരികൾ കുറ്റാരോപിതനു മേൽ അന്വേഷണ നടപടികൾ ആരംഭിച്ചു. ശേഷം, പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടു് കൃത്യവിലോപത്തിന് ഉചിതമായ നടപടിയും സ്വീകരിച്ചു.

ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തി തനിക്കെതിരെ പരാതി കൊടുത്ത ആളെ ഒളിഞ്ഞും തെളിഞ്ഞും മാനസികമായി തളർത്താൻ തുടങ്ങി. ഒരു പരിധി വരെ അയാൾ പിടിച്ചു നിന്നു എന്നു് വേണം പറയാൻ.

പിന്നീട് അതു് കുടുംബത്തിന് നേർക്കായപ്പോൾ ഗത്യന്തരമില്ലാതെ അയാൾക്ക് അവിടം വിടേണ്ടി വന്നു. അയാളുടെ ഭാര്യ ആത്മാഹുതി ചെയ്തു. ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങളിലൂടെയാണ് ഉന്നത വിദ്യാഭ്യാസവും, തൊഴിലും ഉണ്ടായിരുന്ന ആൾ ശിഷ്ടകാലം കഴിച്ചുകൂട്ടിയത്.

പിന്നീടു് സ്വന്തം സ്വത്വം പോലും തിരിച്ചറിയാതെ മരണത്തിനു കീഴടങ്ങിയത് കേട്ടപ്പോൾ ഉള്ളു പൊള്ളിയടർന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിൻ്റെ ജീവിതം നാമാവശേഷമാക്കിയ വ്യക്തി ദീർഘകാലം കട്ടിലിൽനിന്ന് അനങ്ങാനാകാതെ ശരീരം മുഴുവൻ വ്രണങ്ങൾ നിറഞ്ഞു മരിച്ചു.

മരണം എന്നുള്ളത് നിത്യ സത്യമാണ്. അകാരണമായി വിമർശിക്കുമ്പോഴും, ഒരാൾക്കു നേരെ കൈ ചൂണ്ടുമ്പോഴും, മാനസികമായി തളർത്തുമ്പോഴും പിന്നിൽ രംഗബോധമില്ലാത്ത മറ്റൊന്നു കൂടി മറഞ്ഞിരിപ്പുണ്ട് എന്നു് ഓർക്കാതെയാണ് പലരും പലതും ചെയ്തുകൂട്ടുന്നത്.

വിമർശനങ്ങൾ കേൾക്കാത്തവരായി ഒരാൾ പോലും ഉണ്ടാകില്ല. ചിലരുടെ ശരിയല്ലാത്ത, അവരുടെ മാത്രം ശരികൾക്ക് നേരെ പ്രതികരിച്ചവരുടെ അനുഭവങ്ങളും വിഭിന്നമല്ല. ഓരോരുത്തരും നേരിടേണ്ടി വരുന്ന ആക്രമണങ്ങൾ വ്യത്യസ്തരീതികളായിരിക്കും. എന്തിനെയും ഏതിനെയും വിമർശനബുദ്ധിയോടെ മാത്രം കാണുന്നവരുണ്ട്.

അതിർവരമ്പുകൾ ഭേദിക്കുന്ന വിമർശങ്ങൾ അധിക്ഷേപങ്ങളായി മറ്റൊരാളുടെ സ്വകാര്യതയ്ക്കും, സ്വാതന്ത്ര്യത്തിനും മേൽ കടന്നു കയറുമ്പോഴാണ് അതു് മറ്റൊരു തലത്തിലേക്കു മാറുന്നത്.

തൊഴിലിടങ്ങളിൽ, എഴുത്തിൽ, പ്രസ്ഥാനങ്ങളിൽ, സമൂഹത്തിൽ, ബിസിനസ്സിൽ, വീടുകളിൽ, എന്നുവേണ്ട അങ്ങനെ പലയിടങ്ങളിൽ നിന്നും അകാരണമായി നിശിത വിമർശനങ്ങളുടെ കൂർത്ത ഒളിയമ്പുകൾ ഏറ്റുവാങ്ങിയവരാകാം പലരും.

പച്ചമാംസത്തിനുള്ളിലെ മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തിൽ, വാക്കുകളുടെ കനത്ത കല്ലുകൾ വന്നു് പതിക്കുമ്പോൾ ഉണ്ടാകുന്ന അതിഭയങ്കരമായ നീറ്റൽ അനുഭവസ്ഥർക്ക് മാത്രമേ മനസ്സിലാകൂ.

നാടൻ ഭാഷയിൽ, കൂടെ നിന്നു് കാലിൽ ചവിട്ടുക എന്നൊരു ചൊല്ലുണ്ട്. ഇതിനു് പിന്നിൽ സ്വാർത്ഥസമ്പാദക്കൊതി എന്ന ദുരാഗ്രഹം ഉണ്ടാവാം. അല്ലെങ്കിൽ മറ്റുള്ളവരുടെ വേദന കണ്ട് ആനന്ദിക്കുന്ന വാസന വൈകൃതമാവാം.

“ഇതാണു് ശരി” എന്നു് ചില തെറ്റുകൾക്കു് നേരെ ഉറക്കെ വിളിച്ചു പറഞ്ഞവർക്ക് ഒരിക്കൽപോലും മന:സ്സമാധാനം എന്നുള്ളത് കിട്ടിയിട്ടുണ്ടാകില്ല. വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ കാര്യകാരണസഹിതം അയാളെ അറിയിക്കാനുള്ള ബാധ്യത കൂടി വിമർശനം ഉന്നയിക്കുന്ന വ്യക്തിക്കുണ്ട്. കാരണം എല്ലാവരും മനുഷ്യരാണ്. പരസ്പരബഹുമാനം എന്നുള്ളത് കൂടി ഉണ്ടായിരിക്കണം.

പറഞ്ഞു തീർക്കാവുന്ന പലകാര്യങ്ങളും ഊതിപ്പെരുപ്പിച്ചു വലുതാക്കി ജീവിതം നിഷ്പ്രഭമാക്കി ആനന്ദിക്കുമ്പോൾ ഓർമ്മയിൽ വയ്ക്കേണ്ട ഒന്നുണ്ട്. സഹജീവിവ്യക്തിഭേദനം ഒരിക്കലും ഉണങ്ങാത്ത മുറിവു തന്നെയാണ് എന്നുള്ളത്. വലിച്ചു വിട്ട റബർബാൻഡ് പോലെ ആ വേദന ഒരിക്കൽ തിരിച്ചെത്തുകതന്നെ ചെയ്യും.

ശരിതെറ്റുകൾ വിവേചിച്ച് അറിയാനുള്ള കഴിവു് സമൂഹ ജീവിയായ മനുഷ്യനു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. അതു നഷ്ടപ്പെടുന്നിടത്തു നിന്നു തുടങ്ങുന്നു അവൻ്റെ വീഴ്ച.

ആരോഗ്യപരമായ വിമർശനങ്ങൾ ഇല്ലെങ്കിൽ പല തെറ്റുകളും മറഞ്ഞു കിടക്കുമെന്നുള്ളത് വാസ്തവം.

മറ്റുള്ളവർ പറയുന്നതു കേട്ട് സത്യമെന്തെന്ന് അറിയാതെ വിധിക്കാതെ, പരസ്പരം ചെളിവാരി എറിയാതിരിക്കാം.

യുക്തിപൂർവ്വകമായ ചിന്തക്ക് അധിഷ്ഠിതമായി, മന:സ്സാക്ഷിയെ മുൻനിർത്തി, ആരുടെയും ഹൃദയത്തിൽ ചോര പൊടിയാതെ, അഭിമാനം തകർക്കാതെ, മറ്റൊരാൾ ആകാൻ ശ്രമിക്കാതെ നാം നാമായി നിലകൊള്ളുമ്പോൾ മാത്രമാണ് നല്ല വിലയിരുത്തലുകൾ ഉണ്ടാകുന്നത്. ഉണ്ടാകേണ്ടതും അങ്ങനെ തന്നെയാണെന്നു വിശ്വസിക്കുന്നു.

നിറഞ്ഞ സ്നേഹത്തോടെ
റീന സാറാ.

error: Content is protected !!